---
title: "'തെരഞ്ഞെടുപ്പിന് മാത്രമായി വോട്ട് ചേർത്തു, വോട്ടെടുപ്പിന് ശേഷം ഈ വീട് വിട്ടുപോയി '; സുരേഷ് ഗോപിക്കെതിരെ തൃശൂർ ഡിസിസി പ്രസിഡന്റ്"
english_title: "Thrissur DCC President Joseph makes serious allegations against Suresh Gopi in Lok Sabha elections"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307509/thrissur-dcc-president-joseph-makes-serious-allegations-against-suresh-gopi-in-lok-sabha-elections"
published_at: "2025-08-09T17:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689740abd56cd_WhatsApp_Image_2025-08-09_at_5.57.22_PM.jpeg"
keywords: []
---

# 'തെരഞ്ഞെടുപ്പിന് മാത്രമായി വോട്ട് ചേർത്തു, വോട്ടെടുപ്പിന് ശേഷം ഈ വീട് വിട്ടുപോയി '; സുരേഷ് ഗോപിക്കെതിരെ തൃശൂർ ഡിസിസി പ്രസിഡന്റ്

> **Lead Summary:** **തൃശൂർ: **ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്കെതിരെ ഗുരുതര ആരോപണവുമായി തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ്. തെരഞ്ഞെടുപ്പിന് വേണ്ടി തൃശൂരിൽ വോട്ട് ചേർത്തു എന്നാണ് ആരോപണം. വോട്ടെടുപ്പിന് ശേഷം ഈ വീട് വിട്ടുപോയെന്നും ആരോപിക്കുന്നു.

## Article Content

**തൃശൂർ: **ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്കെതിരെ ഗുരുതര ആരോപണവുമായി തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ്. തെരഞ്ഞെടുപ്പിന് വേണ്ടി തൃശൂരിൽ വോട്ട് ചേർത്തു എന്നാണ് ആരോപണം. വോട്ടെടുപ്പിന് ശേഷം ഈ വീട് വിട്ടുപോയെന്നും ആരോപിക്കുന്നു.

തിരഞ്ഞെടുപ്പ് മാത്രം മുന്നിൽകണ്ടുകൊണ്ട് സുരേഷ് ഗോപിയും കുടുംബവും ഇവിടെ വന്ന് വോട്ട് ചേർക്കുകയായിരുന്നുവെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു. സുരേഷ് ഗോപി താമസിച്ചിരുന്ന നെട്ടിശ്ശേരിയിലെ വീട്ടിൽ 11 വോട്ടുകൾ ചേർത്തു. സുരേഷ് ഗോപിയും ബന്ധുക്കളും സുഹൃത്തുക്കളും വോട്ടുകൾ ചേർത്തു. രണ്ട് ലോകസഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി മത്സരിക്കുന്ന സമയത്ത് താമസിച്ചിരുന്ന വീടായിരുന്നു നെട്ടിശ്ശേരിയിലേത്. ഇപ്പോൾ ആ വീട്ടിൽ വോട്ടർപട്ടികയിലുള്ള താമസക്കാരില്ല.

വാർഡ് നമ്പർ 30 ൽ വോട്ട് ചേർത്തത് അവസാനഘട്ടത്തിലായിരുന്നു. 45 പേരുടെ വോട്ടുകളിൽ പരാതി നൽകിയിരുന്നു. ബിജെപി തന്നെ അന്ന് അവകാശപ്പെട്ടത് 65,000 ത്തോളം വോട്ടുകൾ ചേർത്തു എന്നാണ്. എന്നാൽ അത് സ്ഥിരതാമസക്കാരുടേതല്ലെന്നും അദ്ദേഹം പറഞ്ഞു. 10 ഫ്‌ലാറ്റുകളിൽ പരിശോധന നടത്തിയാണ് അമ്പതോളം പരാതികൾ അന്ന് നൽകിയത്.

കളക്ടർക്ക് ഇക്കാര്യത്തിൽ ശ്രദ്ധക്കുറവുണ്ടായി. രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഡിസിസി അന്വേഷണം നടത്തും. ഏഴ് നിയോജക മണ്ഡലങ്ങളിലേയും വോട്ടർ പട്ടിക പരിശോധിക്കുമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307509/thrissur-dcc-president-joseph-makes-serious-allegations-against-suresh-gopi-in-lok-sabha-elections)