---
title: "മീനങ്ങാടിയില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം "
english_title: "Autorickshaw loses control in Meenangadi, overturns, driver dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307494/autorickshaw-loses-control-in-meenangadi-overturns-driver-dies-"
published_at: "2025-08-09T16:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68972b3c79e04_4.jpg"
keywords: []
---

# മീനങ്ങാടിയില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം 

> **Lead Summary:** കല്‍പ്പറ്റ: മീനങ്ങാടിക്ക് സമീപം മാനിക്കുനിയില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവര്‍ മരിച്ചു. മാനിക്കുനിയില്‍ അങ്ങാടിയില്‍ ഓട്ടോറിക്ഷ ഡ്രൈവറായ മനോഹരന്‍ (അപ്പുട്ടന്‍-52) ആണ് മരിച്ചത്. കാര്യമ്പാടി-മാനിക്കുനി റോഡില്‍ പുളിങ്കണ്ടി എസ്റ്റേറ്റിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. യാത്രക്കാരെ ഇറക്കിയ ശേഷം തിരികെ വരുന്നതിനിടെ നിയന്ത്രണം വിട്ട് വാഹനം മറിയുകയായിരുന്നു. ഓടിക്കൂടി സമീപവാസികള്‍ മനോഹരനെ പുറത്തെടുത്ത് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

## Article Content

കല്‍പ്പറ്റ: മീനങ്ങാടിക്ക് സമീപം മാനിക്കുനിയില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവര്‍ മരിച്ചു. മാനിക്കുനിയില്‍ അങ്ങാടിയില്‍ ഓട്ടോറിക്ഷ ഡ്രൈവറായ മനോഹരന്‍ (അപ്പുട്ടന്‍-52) ആണ് മരിച്ചത്. കാര്യമ്പാടി-മാനിക്കുനി റോഡില്‍ പുളിങ്കണ്ടി എസ്റ്റേറ്റിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. യാത്രക്കാരെ ഇറക്കിയ ശേഷം തിരികെ വരുന്നതിനിടെ നിയന്ത്രണം വിട്ട് വാഹനം മറിയുകയായിരുന്നു. ഓടിക്കൂടി സമീപവാസികള്‍ മനോഹരനെ പുറത്തെടുത്ത് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മറ്റൊരു അപകടത്തിൽ നിയന്ത്രണം വിട്ട ഇരുചക്രവാഹനം പോസ്റ്റിൽ ഇടിച്ച് യുവാവിന് പരിക്കേറ്റു. പാലക്കാട് ഇന്നലെ രാത്രിയായിരുന്നു സംഭവം. പനമണ്ണ പെരുംകുളം വീട്ടിൽ ജലീലിനാണ് (40 )പരിക്കേറ്റത്. വാണിയംകുളം കോതകുർശ്ശി റോഡിൽ കോയൂർ വായനശാലയ്ക്ക് സമീപത്താണ് അപകടമുണ്ടായത്. വാണിയംകുളത്തു നിന്നും പനമണ്ണയിലെ വീട്ടിലേക്ക് പോകുന്നതിനിടെ കോതയൂർ വായനശാലയ്ക്ക് സമീപത്തെ ഇറക്കത്തിൽ നിന്നും നിയന്ത്രണം വിട്ട ബൈക്ക് റോഡ് അരികിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. തലയ്ക്കാണ് പരിക്കേറ്റത്. ജലീലിനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റൊരു സംഭവത്തിൽ, പാലക്കാട് ബസുകളുടെ മത്സരയോട്ടത്തിനിടെ വീണ്ടും അപകടം. പാഞ്ഞെത്തിയ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. പാലക്കാട് -കുളപ്പുള്ളി സംസ്ഥാന പാതയിൽ വാണിയംകുളം അജപമടത്തിന് സമീപം ഇന്ന് വൈകിട്ടായിരുന്നു അപകടം. ബൈക്ക് യാത്രക്കാരനായ കയിലിയാട് സ്വദേശി കൃഷ്ണപ്രസാദിനാണ് ഗുരുതരമായി പരിക്കേറ്റത്.

അമിത വേഗതയിലെത്തിയ ബസ് ബൈക്ക് ഇടിച്ചു തെറിപ്പിച്ച ശേഷം ബൈക്കിനെയും കൊണ്ട് 30 മീറ്റ൪ ദൂരം ഓടി. നാട്ടുകാ൪ ബസ് തടഞ്ഞു നി൪ത്തിയശേഷമാണ് ബസിനടിയിലായിരുന്ന ബൈക്ക് യാത്രികനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്. ഒറ്റപ്പാലം ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന ശ്രീഗുരുവായൂരപ്പൻ ബസാണ് അപകടത്തിനിടയാക്കിയത്.

ബൈക്ക് യാത്രികന്‍റെ കാലിനും തലയ്ക്കുമാണ് പരിക്കേറ്റത്. ഇതേ റൂട്ടിൽ ബസുകളുടെ മത്സരയോട്ടത്തെ തുട൪ന്ന് നേരത്തെയും നിരവധി അപകടങ്ങളുണ്ടായിരുന്നുവെന്ന് നാട്ടുകാ൪ ആരോപിച്ചു. അമിത വേഗതയിലെത്തിയ ബസ് ബൈക്കിനെ ഇടിച്ചിടുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. ബസുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെയാണ് അപകടമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307494/autorickshaw-loses-control-in-meenangadi-overturns-driver-dies-)