---
title: "കോഴിക്കോട് ചിക്കന്‍ സ്റ്റാളിൽ നിന്ന് വാങ്ങിയ  ഇറച്ചിയില്‍ പുഴു; കട അടപ്പിച്ചു, ഉടമ ഒളിവിൽ "
english_title: "Complaint of finding worms in chicken meat kozhikkode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307491/complaint-of-finding-worms-in-chicken-meat-kozhikkode"
published_at: "2025-08-09T16:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689727a81938b_v.jpg"
keywords: []
---

# കോഴിക്കോട് ചിക്കന്‍ സ്റ്റാളിൽ നിന്ന് വാങ്ങിയ  ഇറച്ചിയില്‍ പുഴു; കട അടപ്പിച്ചു, ഉടമ ഒളിവിൽ 

> **Lead Summary:** **കോഴിക്കോട് : ** തടമ്പാട്ട്താഴത്ത് വിറ്റ കോഴി ഇറച്ചിയില്‍ പുഴുവിനെ കണ്ടെത്തിയതായി പരാതി. തടമ്പാട്ട് താഴം ഗാന്ധി പാര്‍ക്കിന് സമീപം സ്ഥിതി ചെയ്യുന്ന ഫാത്തിമ ചിക്കന്‍ സ്റ്റാളിലാണ് സംഭവം. സംഭവത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടമാര്‍ സ്ഥലത്തെത്തി കട അടപ്പിച്ചു.

## Article Content

**കോഴിക്കോട് : ** തടമ്പാട്ട്താഴത്ത് വിറ്റ കോഴി ഇറച്ചിയില്‍ പുഴുവിനെ കണ്ടെത്തിയതായി പരാതി. തടമ്പാട്ട് താഴം ഗാന്ധി പാര്‍ക്കിന് സമീപം സ്ഥിതി ചെയ്യുന്ന ഫാത്തിമ ചിക്കന്‍ സ്റ്റാളിലാണ് സംഭവം. സംഭവത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടമാര്‍ സ്ഥലത്തെത്തി കട അടപ്പിച്ചു.

രാവിലെ വേങ്ങേരി സ്വദേശി അനീഷ് വാങ്ങിയ ഒരു കിലോ കോഴി ഇറച്ചിയാണ് പുഴുവരിച്ച നിലയില്‍ കണ്ടത്. മലയാളഭാഷ അറിയാത്ത രണ്ട് അന്യസംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. പുഴുവരിച്ച ഇറച്ചി ഇവരെ കാണിച്ചപ്പോള്‍, തങ്ങളെല്ലാം ഇത് വിറ്റതെന്നാണ് കടയിലെ തൊഴിലാളികള്‍ പറഞ്ഞത്. ഇറച്ചിയില്‍ നിന്ന് ദുര്‍ഗന്ധവും വഹിക്കുന്നുണ്ടായിരുന്നു.

കടക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ ഒമ്പതാം വാര്‍ഡ് കൗണ്‍സിലര്‍ നിഖില്‍ പറഞ്ഞു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കടയുടമ റിയാസ് ഒളിവിലാണ്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ സ്ഥലത്തെത്തി കട അടപ്പിച്ചു

സമാനമായ രീതിയിൽ പുഴു നിറഞ്ഞ ബിരിയാണി നല്‍കിയ ഹോട്ടല്‍ അടച്ചു പൂട്ടി. കോഴിക്കോട് ബാലുശ്ശേരി കോക്കല്ലൂരിലെ ശ്രീസന്നിധി ഹോട്ടലാണ് അടച്ചു പൂട്ടിയത്. പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശ പ്രകാമാണ് നടപടി. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് പുഴു നിറഞ്ഞ ബിരിയാണി വിൽപന നടത്തിയത്.

ബിരിയാണി കഴിച്ച് ശാരീരിക അസ്വസ്ഥതയുണ്ടായ എട്ടാംക്ലാസ് വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ വീട്ടുകാര്‍ പഞ്ചായത്തിലും ആരോഗ്യവകുപ്പിലും പരാതി നല്‍കിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307491/complaint-of-finding-worms-in-chicken-meat-kozhikkode)