---
title: "ജാഗ്രത വേണം! ആതവനാട് ഗവണ്‍മെന്റ് ഹൈസ്കൂളിൽ 57 കുട്ടികള്‍ക്ക് ചിക്കൻ പോക്സ് സ്ഥിരീകരിച്ചു; എല്‍പി, യുപി വിഭാഗങ്ങള്‍ ഒരാഴ്ച്ചത്തേക്ക് അടച്ചു "
english_title: "Chicken pox outbreak in Athavanad Government High School"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307460/chicken-pox-outbreak-in-athavanad-government-high-school"
published_at: "2025-08-09T14:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68970b9d307b9_pox.jpg"
keywords: []
---

# ജാഗ്രത വേണം! ആതവനാട് ഗവണ്‍മെന്റ് ഹൈസ്കൂളിൽ 57 കുട്ടികള്‍ക്ക് ചിക്കൻ പോക്സ് സ്ഥിരീകരിച്ചു; എല്‍പി, യുപി വിഭാഗങ്ങള്‍ ഒരാഴ്ച്ചത്തേക്ക് അടച്ചു 

> **Lead Summary:** **മലപ്പുറം: ** ആതവനാട് ഗവണ്‍മെന്റ് ഹൈ സ്കൂളില്‍ ചിക്കൻ പോക്സ് വ്യാപനം. 57 കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. സ്കൂളിലെ എല്‍പി, യുപി വിഭാഗങ്ങള്‍ ഒരാഴ്ചത്തേക്ക് അടച്ചു. ഹൈസ്കൂള്‍ ക്ലാസുകള്‍ ആരോഗ്യവകുപ്പിന്റെ കർശന നിർദേശങ്ങള്‍ പാലിച്ച് പ്രവർത്തിക്കും. പനിയോ രോഗ ലക്ഷണങ്ങളോ ഉള്ള കുട്ടികള്‍ വീട്ടില്‍ തന്നെ തുടരണമെന്നും സ്കൂളിലെത്തുന്ന മുഴുവൻ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും മാസ്ക് നിർബന്ധമായും ധരിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നല്‍കി.

## Article Content

**മലപ്പുറം: ** ആതവനാട് ഗവണ്‍മെന്റ് ഹൈ സ്കൂളില്‍ ചിക്കൻ പോക്സ് വ്യാപനം. 57 കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. സ്കൂളിലെ എല്‍പി, യുപി വിഭാഗങ്ങള്‍ ഒരാഴ്ചത്തേക്ക് അടച്ചു. ഹൈസ്കൂള്‍ ക്ലാസുകള്‍ ആരോഗ്യവകുപ്പിന്റെ കർശന നിർദേശങ്ങള്‍ പാലിച്ച് പ്രവർത്തിക്കും. പനിയോ രോഗ ലക്ഷണങ്ങളോ ഉള്ള കുട്ടികള്‍ വീട്ടില്‍ തന്നെ തുടരണമെന്നും സ്കൂളിലെത്തുന്ന മുഴുവൻ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും മാസ്ക് നിർബന്ധമായും ധരിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നല്‍കി.

ചിക്കൻപോക്സിന്റെ ലക്ഷണങ്ങൾ: ചൊറിച്ചിൽ ഉളവാക്കുന്ന തടിപ്പുകൾ പിന്നീട് ദ്രാവകം നിറഞ്ഞ കുമിളകളായി രൂപപ്പെടുന്നു. ഇവ പിന്നീട് പൊറ്റകളായി മാറും. പ്രാരംഭഘട്ടത്തിൽ മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകൾ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം ബാധിച്ചേക്കാം. ക്ഷീണം, കടുത്ത പനി, തലവേദന, വിശപ്പില്ലായ്മ, ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറത്തിലുള്ള കുമിളകൾ എന്നിവയാണ് ഈ രോഗത്തിന്റെ മറ്റു ലക്ഷണങ്ങൾ.

**ചിക്കൻപോക്സ് രോഗം പകരുന്നത് എങ്ങനെ?**

ചിക്കൻപോക്സ് വളരെ വേഗം പകരുന്ന ഒരു രോഗമാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവങ്ങളിലൂടെയും, കുമിളകളിലെ ദ്രാവകത്തിലൂടെയും രോഗം പകരാം. കുമിളകൾ ഉണങ്ങി പൊറ്റയാവുന്നതുവരെ രോഗം പകരാൻ സാധ്യതയുണ്ട്.

**ചികിത്സയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും**

ചിക്കൻപോക്സിന് പ്രത്യേക മരുന്നുകളില്ല. രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിനുള്ള ചികിത്സയാണ് സാധാരണയായി നൽകുന്നത്.

വിശ്രമം: രോഗം ബാധിച്ചവർക്ക് പൂർണ്ണമായ വിശ്രമം അത്യാവശ്യമാണ്.

ചൊറിച്ചിൽ കുറയ്ക്കാൻ: ചൊറിച്ചിൽ ഒഴിവാക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്ന ലോഷനുകളോ മരുന്നുകളോ ഉപയോഗിക്കാം. കുമിളകൾ പൊട്ടാതെ ശ്രദ്ധിക്കുക.

ഭക്ഷണം: എളുപ്പം ദഹിക്കുന്നതും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കണം. കഞ്ഞി, സൂപ്പ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ധാരാളം വെള്ളം കുടിക്കണം.

ശുചിത്വം: ദിവസവും കുളിക്കുന്നത് രോഗം മൂർച്ഛിക്കാതിരിക്കാൻ സഹായിക്കും. ആര്യവേപ്പില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ചൊറിച്ചിൽ കുറയ്ക്കാൻ നല്ലതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307460/chicken-pox-outbreak-in-athavanad-government-high-school)