---
title: "'ചില്ലറക്കാരൻ ഒന്നുമല്ല, ബന്ധം അങ്ങ് നൈജീരിയിൽ വരെ'; മയക്കുമരുന്ന് കേസിൽ കോഴിക്കോട് സ്വദേശി പിടിയിൽ"
english_title: "Kozhikode native arrested in drug case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307437/kozhikode-native-arrested-in-drug-case"
published_at: "2025-08-09T13:00:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6896f955bde2b_5.jpg"
keywords: []
---

# 'ചില്ലറക്കാരൻ ഒന്നുമല്ല, ബന്ധം അങ്ങ് നൈജീരിയിൽ വരെ'; മയക്കുമരുന്ന് കേസിൽ കോഴിക്കോട് സ്വദേശി പിടിയിൽ

> **Lead Summary:** **കോഴിക്കോട്: ** കോഴിക്കോട് ജില്ലയിലേക്ക് ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് നൽകിയിരുന്ന ലഹരി സംഘത്തിലെ പ്രധാന കണ്ണിയെ പൊലീസ് പിടികൂടി. കോഴിക്കോട് എലത്തൂര്‍ വെങ്ങളം സ്വദേശി ഖുല്‍ഫി യാസിനെ(മുഹമ്മദ് യാസിന്‍)യാണ് എലത്തൂർ പൊലീസ് മടിവാളയിൽ നിന്നും കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് ജില്ലയിൽ എംഡിഎംഎ, മെത്താഫിറ്റമിന്‍, ബ്രൗണ്‍ഷുഗര്‍ എന്നിവ എത്തിച്ചു നല്‍കിയിരുന്ന പ്രധാനിയാണ് ഇയാൾ.

## Article Content

**കോഴിക്കോട്: ** കോഴിക്കോട് ജില്ലയിലേക്ക് ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് നൽകിയിരുന്ന ലഹരി സംഘത്തിലെ പ്രധാന കണ്ണിയെ പൊലീസ് പിടികൂടി. കോഴിക്കോട് എലത്തൂര്‍ വെങ്ങളം സ്വദേശി ഖുല്‍ഫി യാസിനെ(മുഹമ്മദ് യാസിന്‍)യാണ് എലത്തൂർ പൊലീസ് മടിവാളയിൽ നിന്നും കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് ജില്ലയിൽ എംഡിഎംഎ, മെത്താഫിറ്റമിന്‍, ബ്രൗണ്‍ഷുഗര്‍ എന്നിവ എത്തിച്ചു നല്‍കിയിരുന്ന പ്രധാനിയാണ് ഇയാൾ.

കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത അത്തോളി സ്വദേശി മുഹമ്മദ് നുഫൈലിനെ ചോദ്യം ചെയ്തതാണ് ഇയാളിലേക്ക് അന്വേഷണം നീളുന്നതിൽ നിർണായകമായത്. നുഫൈൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എലത്തൂർ ഇന്‍സ്‌പെക്ടര്‍ കെആര്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മടിവാളയിൽ എത്തിയത്. ബെംഗളൂരുവിൽ മലയാളികള്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശമാണിത്. ഏഴ് വര്‍ഷമായി ഇവിടെ കഴിയുന്ന ഇയാൾ, ഇവിടം കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തിവരികയായിരുന്നു.

ബെംഗളൂരുവിൽ എത്തുന്ന നഴ്‌സിംഗ് ഐ ടി വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് ഇയാൾ പ്രധാനമായും കച്ചവടം നടത്തിയത്. ജോലിക്കായി ബംഗ്ലൂരില്‍ എത്തുന്ന സ്ത്രീകളെ അടക്കം ലഹരി ഉൽപ്പന്നങ്ങളുടെ ചില്ലറ വില്‍പനക്കായി പ്രതി ഉപയോഗപ്പെടുത്തിയിരുന്നു. ബെംഗളൂരുവിൽ മയക്കുമരുന്ന് മാഫിയ്ക്ക് പിന്നിലുള്ള നൈജീരിയന്‍ സംഘങ്ങളാണ് പ്രതിക്ക് ലഹരി വസ്തുക്കള്‍ മൊത്തമായി നല്‍കിയിരുന്നതെന്ന് പൊലീസ് കരുതുന്നു. കോഴിക്കോട് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307437/kozhikode-native-arrested-in-drug-case)