---
title: "വയനാട്ടിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വര്‍ഷം; അമ്പത്തിയെട്ടുകാരന് 16 വര്‍ഷം തടവ് "
english_title: "58 year old sentenced to 16 years in prison for sexually abusing a minor in Wayanad for two years"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307374/58-year-old-sentenced-to-16-years-in-prison-for-sexually-abusing-a-minor-in-wayanad-for-two-years"
published_at: "2025-08-09T08:02:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6896b356228ec_arrest.jpg"
keywords: []
---

# വയനാട്ടിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വര്‍ഷം; അമ്പത്തിയെട്ടുകാരന് 16 വര്‍ഷം തടവ് 

> **Lead Summary:** വയനാട്ടിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകതിക്രമം നടത്തിയ കേസില്‍ അമ്പത്തിയെട്ടുകാരന് ശിക്ഷ വിധിച്ച് കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്‌സോ ആക്ടുകളിലെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിക്ക് 16 വര്‍ഷം തടവും 25000 രൂപ പിഴയുമാണ് വിധിച്ചത്. മുപ്പൈനാട് നെടുമ്പാല തുരുത്തില്‍ വീട്ടില്‍ മണി യെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്.

## Article Content

വയനാട്ടിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകതിക്രമം നടത്തിയ കേസില്‍ അമ്പത്തിയെട്ടുകാരന് ശിക്ഷ വിധിച്ച് കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്‌സോ ആക്ടുകളിലെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിക്ക് 16 വര്‍ഷം തടവും 25000 രൂപ പിഴയുമാണ് വിധിച്ചത്. മുപ്പൈനാട് നെടുമ്പാല തുരുത്തില്‍ വീട്ടില്‍ മണി യെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്.

2020 നവംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. രണ്ടു വര്‍ഷത്തോളം ഇയാള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തി വരികയായിരുന്നു. അന്നത്തെ മേപ്പാടി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന പി.സി സജീവ് കേസ് രജിസ്റ്റര്‍ ചെയ്ത് ആദ്യ അന്വേഷണം നടത്തുകയും പിന്നീട് വന്ന സബ് ഇന്‍സ്പെക്ടര്‍ വി.പി സിറാജ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. അസി സബ് ഇന്‍സ്പെക്ടര്‍ അസ്മ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ. മുജീബ് എന്നിവര്‍ അന്വേഷണത്തിന് സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.ജി.മോഹന്‍ദാസ് ഹാജരായി.

മറ്റൊരു സംഭവത്തിൽ, വയനാട്ടിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിന് ശിക്ഷ വിധിച്ച് കോടതി. ആറ് വര്‍ഷവും ഒരു മാസവും തടവും 12000 രൂപ പിഴയടക്കാനുമാണ് ശിക്ഷ. കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കണിയാമ്പറ്റ ചിറ്റൂര്‍ ഉന്നതിയിലെ സിജിത്ത് എന്ന ചാമൂട്ടന്‍(23) നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷ നിയമം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമുള്ളതാണ് വിധി.

2023 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ വഴിയില്‍ തടഞ്ഞ് ലൈംഗികാതിക്രമ ശ്രമം നടത്തുകയും കുട്ടി എതിര്‍ത്തപ്പോള്‍ മുഖത്തടിക്കുകയും ചെയ്യുകയായിരുന്നു. അന്നത്തെ കമ്പളക്കാട് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എസ്. അനൂപ് ആണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജു തോമസ് അന്വേഷണ സഹായി ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307374/58-year-old-sentenced-to-16-years-in-prison-for-sexually-abusing-a-minor-in-wayanad-for-two-years)