---
title: " വയനാട്ടിൽ സ്‌കൂള്‍ വിട്ട് വരികയായിരുന്ന കുട്ടിയോട് ലൈംഗികാതിക്രമം, യുവാവിന് ആറ് വർഷം തടവും പിഴയും "
english_title: "Youth sentenced to six years in prison and fine for sexually assaulting a child returning from school in Wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307354/youth-sentenced-to-six-years-in-prison-and-fine-for-sexually-assaulting-a-child-returning-from-school-in-wayanad"
published_at: "2025-08-09T05:58:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689696643cc24_accused.jpg"
keywords: []
---

#  വയനാട്ടിൽ സ്‌കൂള്‍ വിട്ട് വരികയായിരുന്ന കുട്ടിയോട് ലൈംഗികാതിക്രമം, യുവാവിന് ആറ് വർഷം തടവും പിഴയും 

> **Lead Summary:** **കല്‍പ്പറ്റ: **വയനാട്ടിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിന് ശിക്ഷ വിധിച്ച് കോടതി. ആറ് വര്‍ഷവും ഒരു മാസവും തടവും 12000 രൂപ പിഴയടക്കാനുമാണ് ശിക്ഷ. കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കണിയാമ്പറ്റ ചിറ്റൂര്‍ ഉന്നതിയിലെ സിജിത്ത് എന്ന ചാമൂട്ടന്‍ നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷ നിയമം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമുള്ളതാണ് വിധി.

## Article Content

**കല്‍പ്പറ്റ: **വയനാട്ടിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിന് ശിക്ഷ വിധിച്ച് കോടതി. ആറ് വര്‍ഷവും ഒരു മാസവും തടവും 12000 രൂപ പിഴയടക്കാനുമാണ് ശിക്ഷ. കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കണിയാമ്പറ്റ ചിറ്റൂര്‍ ഉന്നതിയിലെ സിജിത്ത് എന്ന ചാമൂട്ടന്‍ നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷ നിയമം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമുള്ളതാണ് വിധി.

2023 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ വഴിയില്‍ തടഞ്ഞ് ലൈംഗികാതിക്രമ ശ്രമം നടത്തുകയും കുട്ടി എതിര്‍ത്തപ്പോള്‍ മുഖത്തടിക്കുകയും ചെയ്യുകയായിരുന്നു. അന്നത്തെ കമ്പളക്കാട് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എസ്. അനൂപ് ആണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജു തോമസ് അന്വേഷണ സഹായി ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.

മറ്റൊരു സംഭവത്തിൽ, പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കീഴാറൂർ മൈലച്ചൽ കൈതക്കുഴി വെട്ടുകോണം കിഴക്കിൻകര പുത്തൻവീട്ടിൽ അജിത്തിനെയാണ് (ചിക്കു-27) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽകാനും പിഴയൊടുക്കിയില്ലെങ്കിൽ 3 മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.

2024 ഫെബ്രുവരി 13 നായിരുന്നു കേസിനാസ്പദമായ സംഭവം. ഈ ദിവസം കുട്ടിയുടെ സഹോദരി മരിച്ച ദിവസമായിരുന്നു. ബന്ധുവായ പ്രതിയും മരണ വീട്ടിലെത്തിയിരുന്നു. രാത്രിയോടെ പ്രതി കുട്ടിയെ ഉറക്കാനെന്ന വ്യാജേന അടുത്ത മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞ് ശരീരഭാഗങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ മാതാവ് മലയിൻകീഴ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചപ്പോഴാണ് പീഡന വിവരമറിയുന്നത്. തുടർന്ന് ഡോക്ടർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

അന്നത്തെ മലയിൻകീഴ് സബ് ഇൻസ്പെക്ടർ പി. ആർ. രാഹുലാണ് കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 15 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഡി. ആർ. പ്രമോദ് ഹാജരായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307354/youth-sentenced-to-six-years-in-prison-and-fine-for-sexually-assaulting-a-child-returning-from-school-in-wayanad)