---
title: "മാസ്സ് അല്ല മരണമാസ്സ്; കോഴിക്കോട് വിദ്യാർഥികളെ കയറ്റാത്ത ബസ്സിനെ റോഡിൽ കിടന്ന് തടഞ്ഞ് ഹോംഗാർഡ്"
english_title: "The home guard blocked the bus lying on the road before the students from Kozhikode could get on"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307351/the-home-guard-blocked-the-bus-lying-on-the-road-before-the-students-from-kozhikode-could-get-on"
published_at: "2025-08-08T23:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689641f438767_home.jpg"
keywords: []
---

# മാസ്സ് അല്ല മരണമാസ്സ്; കോഴിക്കോട് വിദ്യാർഥികളെ കയറ്റാത്ത ബസ്സിനെ റോഡിൽ കിടന്ന് തടഞ്ഞ് ഹോംഗാർഡ്

> **Lead Summary:** **കോഴിക്കോട്:(**[**truevisionnews.com**] വിദ്യാർഥികൾ കയറും മുൻപ് മുന്നോട്ടെടുത്ത ബസ് റോഡിൽ കിടന്ന് തടഞ്ഞ് ഹോം ഗാർഡ്. വിദ്യാർഥികളെ കയറ്റിയ ശേഷം പോയാൽ മതിയെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കുന്ദമംഗലം കാരന്തൂർ മർക്കസ് സ്റ്റോപ്പിലാണ് ബസ് തടഞ്ഞത്. ഹോം ഗാർഡിന്റെ നടപടിയെ കയ്യടിച്ചാണ് വിദ്യാർഥികൾ സ്വീകരിച്ചത്.

## Article Content

**കോഴിക്കോട്:(**[**truevisionnews.com**] വിദ്യാർഥികൾ കയറും മുൻപ് മുന്നോട്ടെടുത്ത ബസ് റോഡിൽ കിടന്ന് തടഞ്ഞ് ഹോം ഗാർഡ്. വിദ്യാർഥികളെ കയറ്റിയ ശേഷം പോയാൽ മതിയെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കുന്ദമംഗലം കാരന്തൂർ മർക്കസ് സ്റ്റോപ്പിലാണ് ബസ് തടഞ്ഞത്. ഹോം ഗാർഡിന്റെ നടപടിയെ കയ്യടിച്ചാണ് വിദ്യാർഥികൾ സ്വീകരിച്ചത്.

മുൻ സൈനികനായ നാഗരാജനാണ് ബസിനു മുന്നിൽ കിടന്ന് പ്രതിഷേധിച്ചത്. നെഞ്ചിലൂടെ കയറ്റിയിട്ടു വേണം പോകാൻ എന്ന് ബസ് ഡ്രൈവറോട് ഹോം ഗാർഡ് പറയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പത്ത് കുഞ്ഞുങ്ങളെയെങ്കിലും ബസിൽ കയറ്റണമെന്ന് ആവശ്യപ്പെട്ടു എന്നാൽ അവർ അതിന് തയ്യാറാകാതെ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. കുട്ടികളെ ബസിൽ കയറ്റാതിരുന്നതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് നാഗരാജൻ വ്യക്തമാക്കി.

അതേസമയം, സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അപകടങ്ങളും നിത്യസംഭവമായ പശ്ചാത്തലത്തില്‍ ബസുകളുടെ സമയക്രമം മാറ്റാന്‍ നിര്‍ദേശവുമായി കേരളാ ഹൈക്കോടതി. ബസുകളുടെ സമയങ്ങള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഹൈക്കോടതിയും ഇടപെട്ടിരിക്കുന്നത്. നഗരപ്രദേശങ്ങളില്‍ ബസുകള്‍ തമ്മില്‍ അഞ്ച് മിനിറ്റിന്റെയും ഗ്രാമപ്രദേശങ്ങളില്‍ പത്ത് മിനിറ്റിന്റെയും ഇടവേളയാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഉടനീളം സ്വകാര്യ ബസുകളുടെ മത്സരയോട്ടം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഗതാഗത കമ്മീഷണര്‍ തന്നെയാണ് ബസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തുന്ന കാര്യം നിര്‍ദേശിച്ചത്. ഇക്കാര്യം ഇന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ബസുകളുടെ സമയക്രമം സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് ആര്‍ടിഒ തലത്തിലായതിനാല്‍ തന്നെ ഈ നിര്‍ദേശം സംസ്ഥാനത്തെ എല്ലാ ആര്‍ടി ഓഫീസിലേക്കും നല്‍കിയിട്ടുണ്ട്.

സ്വകാര്യ ബസുകളുടെ മത്സരയോട്ടങ്ങളും അവയുണ്ടാക്കുന്ന അപകടങ്ങളും നിത്യസംഭവമാകുകയും ഇവയെല്ലാ കോടതി മുന്നില്‍ എത്തുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ സമയക്രമത്തില്‍ വരുത്തുന്ന മാറ്റം എത്രയും വേഗത്തില്‍ നടപ്പാക്കണമെന്നാണ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, ഈ കാര്യത്തില്‍ ബസ് ഉടമകളുടെ നിലപാട് നിര്‍ണായകമാണ്. അവരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും ആര്‍ടിഒ ഉദ്യോഗസ്ഥര്‍ ഇത് നടപ്പാക്കുക.

കേരളത്തിലെ പല നഗരപ്രദേശങ്ങളിലും രണ്ട് മിനിറ്റിന്റെ വ്യത്യാസത്തിലാണ് ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിച്ചിരിക്കുന്നത്. ഇതിനൊപ്പം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതോടെ സമയത്തിന് എത്തുന്നതിനായി ബസുകള്‍ അമിതവേഗത്തിലും പോകുകയും മത്സരിച്ച് ഓടുകയുമാണ് ചെയ്യുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരുന്നതിനുള്ള നിര്‍ദേശമാണ് ഗതാഗത കമ്മീഷണര്‍ നല്‍കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307351/the-home-guard-blocked-the-bus-lying-on-the-road-before-the-students-from-kozhikode-could-get-on)