---
title: "'സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ കേന്ദ്രം അതിക്രമിച്ചു കയറി'; 'വലിയ പ്രക്ഷോഭങ്ങള്‍ ഉയരണം'; മുഖ്യമന്ത്രി"
english_title: "Chief Minister Pinarayi Vijayan said that the attacks against minorities have not been stopped by the Bajrang Dal activists"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307332/chief-minister-pinarayi-vijayan-said-that-the-attacks-against-minorities-have-not-been-stopped-by-the-bajrang-dal-activists"
published_at: "2025-08-08T21:29:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68961edee74e4_pinaray.jpg"
keywords: []
---

# 'സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ കേന്ദ്രം അതിക്രമിച്ചു കയറി'; 'വലിയ പ്രക്ഷോഭങ്ങള്‍ ഉയരണം'; മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം:** ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാല്‍ നൂറ്റാണ്ട് മുന്‍പ് സുവിശേഷകന്‍ ഗ്രഹാം സ്റ്റേയിന്‍സിനെയും രണ്ട് മക്കളെയും ചുട്ടെരിച്ചത് ബജ്‌റംഗ്ദളാണ്. അവര്‍ ഇപ്പോഴും അതേ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

## Article Content

**തിരുവനന്തപുരം:** ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാല്‍ നൂറ്റാണ്ട് മുന്‍പ് സുവിശേഷകന്‍ ഗ്രഹാം സ്റ്റേയിന്‍സിനെയും രണ്ട് മക്കളെയും ചുട്ടെരിച്ചത് ബജ്‌റംഗ്ദളാണ്. അവര്‍ ഇപ്പോഴും അതേ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ കേന്ദ്രം അതിക്രമിച്ചു കയറി. സംഘപരിവാറിന്റെ വിഷ രാഷ്ട്രീയം നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ അധികാരം ഉപയോഗിക്കുന്നത്.

സാമ്പത്തികമായി ഞെരുക്കി കേരളമടക്കമുള്ള സംസ്ഥാനങ്ങളെ വലിഞ്ഞ് മുറുക്കുന്നു. അര്‍ഹതപ്പെട്ട ജിഎസ്ടി വിഹിതം അനുവദിക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ പ്രക്ഷോഭങ്ങള്‍ ഉയരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഒഡീഷയിൽ ബജ്രംഗ്ദൾ പ്രവർത്തകരുടെ മർദ്ദനമേറ്റത് കുർബാനയ്ക്ക് എത്തി തിരിച്ചു പോകവെയെന്ന് ആക്രമണം നേരിട്ട മലയാളി വൈദികൻ പറഞ്ഞു. ഒഡീഷയിലെ ജലേശ്വറിലാണ് ബജ്രംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളേയും മലയാളി വൈദികരേയും മർദിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.

ഇടവകയ്ക്ക് കീഴിലുള്ള ഒരു വീട്ടിൽ ചരമവാർഷികത്തോട് അനുബന്ധിച്ചുള്ള കുർബാനയ്ക്ക് പോയതായിരുന്നു. ഒമ്പത് മണിയോടെ വണ്ടിയിൽ തിരിച്ചു വരുന്നതിനിടെ എൺപതോളം ബജ്‌റംഗ്ദൾ പ്രവർത്തകർ വഴിയിൽ കാത്തുനിൽക്കുകയും വാഹനം തടയുകയും ചെയ്തുവെന്ന് ആക്രമണം നേരിട്ട ഫാദർ ലിജോ നിരപ്പേൽ പറഞ്ഞു.

എന്തിനിവിടെ വന്നുവെന്ന് ചോദിച്ചപ്പോൾ പ്രാർത്ഥനയ്ക്ക് എത്തിയതാണെന്നും കാര്യങ്ങൾ വിശദീകരിച്ചെങ്കിലും അവർ തർക്കിക്കാൻ തുടങ്ങി. കൈ കൊണ്ട് പുറത്തടിച്ചു. ബൈക്ക് നശിപ്പിക്കുകയും എല്ലാവരുടേയും മൊബൈൽ പിടിച്ചുവാങ്ങുകയും ചെയ്തു. വണ്ടിയിൽ നിന്ന് പുറത്തിറക്കിയാണ് മർദ്ദിച്ചതെന്ന് ഫാദർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307332/chief-minister-pinarayi-vijayan-said-that-the-attacks-against-minorities-have-not-been-stopped-by-the-bajrang-dal-activists)