---
title: "കാഞ്ഞങ്ങാട് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട പത്തുവയസുകാരി മരിച്ചു, മരണം അമ്മയ്‌ക്കൊപ്പമുള്ള യാത്രയിൽ "
english_title: "Ten-year-old girl found unconscious on Kanhangad train dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307305/ten-year-old-girl-found-unconscious-on-kanhangad-train-dies-new"
published_at: "2025-08-08T18:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6895f1799a17c_7.jpg"
keywords: []
---

# കാഞ്ഞങ്ങാട് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട പത്തുവയസുകാരി മരിച്ചു, മരണം അമ്മയ്‌ക്കൊപ്പമുള്ള യാത്രയിൽ 

> **Lead Summary:** **കാസർഗോഡ് : ** ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട പത്തുവയസുകാരി മരിച്ചു. കുട്ടിയെ കാഞ്ഞങ്ങാട് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രയിനിലാണ് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

## Article Content

**കാസർഗോഡ് : ** ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട പത്തുവയസുകാരി മരിച്ചു. കുട്ടിയെ കാഞ്ഞങ്ങാട് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രയിനിലാണ് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

കാഞ്ഞങ്ങാട്ട് സ്റ്റോപ്പില്ലാത്ത ട്രെയിൻ കുട്ടിയുടെ ജീവൻ രക്ഷിക്കാനായി കാഞ്ഞങ്ങാട് നിർത്തുകയായിരുന്നു. റെയിൽവെ ഉദ്യോഗസ്ഥരും മറ്റ് യാത്രക്കാരും ഉടൻ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ് മരിച്ചത്. അമ്മ സ്റ്റെല്ല ട്രെയിനിൽ കൂടെയുണ്ടായിരുന്നു.

മറ്റൊരു സംഭവത്തിൽ, കോട്ടയം പ്രവിത്താനത്തെ വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പന്ത്രണ്ടുവയസുകാരി മരിച്ചു. അന്തിനാട് സ്വദേശി സുനിലിന്റെ മകൾ അന്നമോൾ സുനിൽ ആണ് മരിച്ചത്. അന്നമോൾ അമ്മ ജോമോൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചപ്പോൾ അമിതവേഗത്തിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് വെച്ച് തന്നെ ജോമോൾ മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്ന് ആയി. അമിതവേ​ഗത്തിലെത്തിയ കാർ രണ്ട് സ്കൂട്ടറുകൾ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒരു സ്കൂട്ടറിലുണ്ടായിരുന്നത് മേലുകാവ് സ്വദേശിയായ ധന്യ സന്തോഷാണ്. മറ്റൊരു സ്കൂട്ടറിൽ തിടനാട് സ്വദേശിയായ ജോമോൾ ബെന്നിയും 12 വയസുള്ള മകളുമായിരുന്നു ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ തെറിച്ച് ഇവർ റോഡിലേക്ക് വീഴുകയായിരുന്നു.

നാട്ടുകാർ ഇവരെ ഉടനടി പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ധന്യയുടെയും ജോമോളുടെയും ജീവൻ രക്ഷിക്കാനായില്ല. രണ്ട് പേർക്കും തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രാഥമിക ചികിത്സ നൽകിയെങ്കിലും അത് ഫലവത്തായില്ല. 12 വയസുള്ള അന്ന മോൾ ​ഗുരുതര പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവേ ആണ് മരണം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307305/ten-year-old-girl-found-unconscious-on-kanhangad-train-dies-new)