---
title: "അല്പം കൂടിപ്പോയില്ലേ ...! സ്വകാര്യ ബസിന്‍റെ ഹോണടി ഇഷ്ടപ്പെട്ടില്ല, സ്കൂട്ടറിൽ നിന്നിറങ്ങി യുവാവ്   ഹെല്‍മറ്റുകൊണ്ട് ബസിന്‍റെ ചില്ല് തകര്‍ത്തു"
english_title: "Scooter rider attacks private bus at Aikarapadi, Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307291/scooter-rider-attacks-private-bus-at-aikarapadi-malappuram"
published_at: "2025-08-08T16:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6895db1fd78d5_malappuram.jpg"
keywords: []
---

# അല്പം കൂടിപ്പോയില്ലേ ...! സ്വകാര്യ ബസിന്‍റെ ഹോണടി ഇഷ്ടപ്പെട്ടില്ല, സ്കൂട്ടറിൽ നിന്നിറങ്ങി യുവാവ്   ഹെല്‍മറ്റുകൊണ്ട് ബസിന്‍റെ ചില്ല് തകര്‍ത്തു

> **Lead Summary:** **മലപ്പുറം: **മലപ്പുറം ഐക്കരപടിയിൽ സ്വകാര്യ ബസിനു നേരെ സ്കൂട്ടര്‍ യാത്രികന്‍റെ ആക്രമണം. ഹെല്‍മറ്റ് ഉപയോഗിച്ച് ബസിന്‍റെ ചില്ല് അടിച്ചു തകര്‍ത്തു. കൊണ്ടോട്ടി സ്വദേശി ഷംനാദാണ് ഹെൽമറ്റു കൊണ്ട് ബസിന്‍റെ സൈഡിലെ ചില്ല് അടിച്ചു പൊട്ടിച്ചത്. ബസിലെ സിസിടിവിയിൽ പതിഞ്ഞ സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.

## Article Content

**മലപ്പുറം: **മലപ്പുറം ഐക്കരപടിയിൽ സ്വകാര്യ ബസിനു നേരെ സ്കൂട്ടര്‍ യാത്രികന്‍റെ ആക്രമണം. ഹെല്‍മറ്റ് ഉപയോഗിച്ച് ബസിന്‍റെ ചില്ല് അടിച്ചു തകര്‍ത്തു. കൊണ്ടോട്ടി സ്വദേശി ഷംനാദാണ് ഹെൽമറ്റു കൊണ്ട് ബസിന്‍റെ സൈഡിലെ ചില്ല് അടിച്ചു പൊട്ടിച്ചത്. ബസിലെ സിസിടിവിയിൽ പതിഞ്ഞ സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.

ബസിന് മുന്നിലായി ഷംനാദ് സ്കൂട്ടറിൽ പോവുകയായിരുന്നു. റോഡിന് നടുവിലായി ഷംനാദ് സ്കൂട്ടറിൽ പോകുന്നത് ദൃശ്യത്തില്‍ കാണാം. ഇതിനിടെ, ബസ് ഡ്രൈവർ ഹോൺ മുഴക്കിയിരുന്നു. ഇതിൽ പ്രകോപിതനായി ഷംനാദ് സ്കൂട്ടര്‍ ബസിനു മുന്നില്‍ നിര്‍ത്തി ഇറങ്ങിവന്ന് ഡ്രൈവറോട് സംസാരിക്കുന്നതിനിടെ ഹെല്‍മറ്റ് കൊണ്ട് സൈഡിലെ ചില്ല് അടിച്ചു പൊട്ടിക്കുകയായിരുന്നുവെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. മഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന മാൻകോ ബസിന്‍റെ ചില്ലാണ് തകർത്തത്. ബസ് ജീവനക്കാരുടെ പരാതിക്ക് പിന്നാലെ ഷംനാദ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ ഹാജരായി.

മറ്റൊരു സംഭവത്തിൽ കിളിമാനൂരിൽ സ്വകാര്യ ബസ് കണ്ടക്ടർമാർ തമ്മിൽ ഏറ്റുമുട്ടി. ബസ് സർവീസ് നടക്കുന്നതിനിടെയാണ് ബസ് സ്റ്റാന്‍ഡിൽ വെച്ച് ഇരുവരും തമ്മിലടിച്ചത്. സംഭവത്തിൽ രണ്ടുപേരെയും കിളിമാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സജീര്‍, ബിനിൽ എന്നിവരാണ് കസ്റ്റഡിയിലായത്. 

രണ്ടു പേരും നേരെത്തെ ഒരേ ബസിൽ ജീവനക്കാരായിരുന്നു. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.ഇന്ന് രാവിലെ കിളിമാനൂര്‍ ബസ് സ്റ്റാന്‍ഡിൽ വെച്ചാണ് സംഭവം. ബസ് സര്‍വീസ് നടത്തുന്നതിനിടെ ഒരു ബസിലെ കണ്ടക്ടര്‍ ബസിൽ നിന്ന് ചാടിയിറങ്ങി മറ്റൊരു ബസിലെ കണ്ടക്ടറെ അടിക്കുകയായിരുന്നു.

പിന്നീട് ഇരുവരും തമ്മിൽ പരസ്പരം അടികൂടി. ഇതിന്‍റെ ദൃശ്യങ്ങളും സമീപത്തുണ്ടായിരുന്നയാള്‍ പകര്‍ത്തി. അടിക്കിടെ കണ്ടക്ടര്‍ നിലത്ത് വീഴുന്നതും ദൃശ്യത്തിലുണ്ട്. ഇരുവരും തമ്മിലുള്ള അടിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമടക്കം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307291/scooter-rider-attacks-private-bus-at-aikarapadi-malappuram)