---
title: "സ്നേഹത്തിന് വിലയിട്ടവളോ ...? 'പണം തന്നില്ലെങ്കിൽ നീ ജയിലിൽ കിടന്ന് മരിക്കും'; മുൻ പങ്കാളിക്ക് യുവതി അയച്ച മെസേജ്, ചോദിച്ചത് ഒരു കോടി; അറസ്റ്റ്"
english_title: "Private bank employee arrested for trying to extort Rs 1 crore from ex-boyfriend, IT professional"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307155/private-bank-employee-arrested-for-trying-to-extort-rs-1-crore-from-ex-boyfriend-it-professional"
published_at: "2025-08-08T06:20:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68954a1280fad_3.jpg"
keywords: []
---

# സ്നേഹത്തിന് വിലയിട്ടവളോ ...? 'പണം തന്നില്ലെങ്കിൽ നീ ജയിലിൽ കിടന്ന് മരിക്കും'; മുൻ പങ്കാളിക്ക് യുവതി അയച്ച മെസേജ്, ചോദിച്ചത് ഒരു കോടി; അറസ്റ്റ്

> **Lead Summary:** **മുംബൈ: ** മുൻ കാമുകനായ ഐടി പ്രൊഫഷണലിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതിന് സ്വകാര്യ ബാങ്ക് ജീവനക്കാരി അറസ്റ്റിൽ. ഭീഷണിപ്പെടുത്തുക, ബ്ലാക്ക് മെയിൽ ചെയ്യുക, മുൻ പങ്കാളിയുടെ സ്വകാര്യ വിവരങ്ങളും സാമ്പത്തിക വിവരങ്ങളും അനധികൃതമായി കൈവശപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡോളി കോട്ടക് എന്ന് യുവതിയെ ചാർകോപ്പ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

## Article Content

**മുംബൈ: ** മുൻ കാമുകനായ ഐടി പ്രൊഫഷണലിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതിന് സ്വകാര്യ ബാങ്ക് ജീവനക്കാരി അറസ്റ്റിൽ. ഭീഷണിപ്പെടുത്തുക, ബ്ലാക്ക് മെയിൽ ചെയ്യുക, മുൻ പങ്കാളിയുടെ സ്വകാര്യ വിവരങ്ങളും സാമ്പത്തിക വിവരങ്ങളും അനധികൃതമായി കൈവശപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡോളി കോട്ടക് എന്ന് യുവതിയെ ചാർകോപ്പ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഒരു കേസിൽ പ്രതിയായി ജയിലിലായ ഐടി പ്രൊഫഷണലിന് ജാമ്യം ലഭിച്ചപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ഡോളി കോടതിയിൽ വെച്ച് ഇദ്ദേഹത്തിന്‍റെ സഹോദരിയെ സമീപിച്ച് ഒരു കോടി രൂപ ആവശ്യപ്പെട്ടു. പണം നൽകിയാൽ മുൻ പങ്കാളിക്കെതിരെ പീഡനക്കേസ് നല്‍കില്ലെന്നും ഒരു നോ ഒബ്ജക്ഷൻ സ്റ്റേറ്റ്മെന്‍റ് നൽകാമെന്നും അല്ലാത്തപക്ഷം മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുമെന്നും യുവതി ഭീഷണിപ്പെടുത്തി. പിന്നീട് യുവതി ഭീഷണിപ്പെടുത്തിയ പോലെ കാര്യങ്ങളും ചെയ്തു.

കുടുംബം ഈ ആവശ്യങ്ങൾ നിരസിച്ചെങ്കിലും ഡോളി ഫോൺ വിളിച്ചും സന്ദേശങ്ങളയച്ചും ശല്യം തുടർന്നു. കൂടാതെ, ഇരയുടെ അഭിഭാഷകന്‍റെ ഓഫീസിൽ ചെന്ന് മുഴുവൻ തുകയും ആവശ്യപ്പെട്ടു. പിന്നീട് കേസ് കൂടുതൽ ഗൗരവകരമായ തലത്തിലേക്ക് നീങ്ങി. ഡോളിക്ക് മറ്റ് മൂന്ന് സ്വകാര്യ ബാങ്ക് ജീവനക്കാരുടെ സഹായം ലഭിച്ചതായി പൊലീസ് കണ്ടെത്തി. എച്ച്ഡിഎഫ്സി ബാങ്കിലെ ഹർഷ് ശ്രീവാസ്തവ, അനന്ത് റൂയ്യ, ഐസിഐസിഐ ബാങ്കിലെ ജയേഷ് ഗെയ്‌ക്‌വാഡ് എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികൾ. ഇവരുടെ സഹായത്തോടെ ഇവർ ഇരയുടെ ഡിജിറ്റൽ ഡാറ്റ അനധികൃതമായി ചോർത്തിയതായും ആരോപണമുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307155/private-bank-employee-arrested-for-trying-to-extort-rs-1-crore-from-ex-boyfriend-it-professional)