---
title: "റസൂലോഫിൻ്റെ ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ് നാളെ പ്രദർശിപ്പിക്കും"
english_title: "Rasuloff's The Seed of the Sacred Fig will be screened tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307143/rasuloffs-the-seed-of-the-sacred-fig-will-be-screened-tomorrow"
published_at: "2025-08-07T22:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6894ddfb43318_FILM.jpg"
keywords: []
---

# റസൂലോഫിൻ്റെ ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ് നാളെ പ്രദർശിപ്പിക്കും

> **Lead Summary:** **കോഴിക്കോട്: ** ഇറാനിയൻ സംവിധായകൻ മുഹമ്മദ് റസൂലോഫിൻ്റെ പത്താമത്തെ ചലച്ചിത്രം വിശുദ്ധ അത്തിപ്പഴത്തിൻ്റെ വിത്ത് അഥവാ 'ദി സീഡ് ഓഫ് ദ സേക്രഡ് ഫിഗ്' നാളെ വൈകീട്ട് ഉദ്ഘാടന ചിത്രമായി ആർഐഎഫ്എഫ്കെ യിൽ പ്രദർശിപ്പിക്കും.

## Article Content

**കോഴിക്കോട്: ** ഇറാനിയൻ സംവിധായകൻ മുഹമ്മദ് റസൂലോഫിൻ്റെ പത്താമത്തെ ചലച്ചിത്രം വിശുദ്ധ അത്തിപ്പഴത്തിൻ്റെ വിത്ത് അഥവാ 'ദി സീഡ് ഓഫ് ദ സേക്രഡ് ഫിഗ്' നാളെ വൈകീട്ട് ഉദ്ഘാടന ചിത്രമായി ആർഐഎഫ്എഫ്കെ യിൽ പ്രദർശിപ്പിക്കും.

വൈകീട്ട് അഞ്ചിന് ഉദ്ഘാടന പരിപാടികൾക്ക് ശേഷമാണ് കൈരളിയിൽ സിനിമ ഷോ. കാൻ റെഡ് കാർപ്പറ്റ് പ്രീമിയറിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ട ചിത്രം പ്രത്യേക ജൂറി പുരസ്കാരം നേടുകയും പാം ഡി ഓ'റിനായി നാമനിർദേശം ചെയ്യപ്പെടുകയും ചെയ്തിരുന്നു.

ഇറാനിലെ നിർബന്ധിത ഹിജാബ് നിയമ വിരുദ്ധ പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു അമ്മയുടെയും രണ്ട് പെൺമക്കളുടെയും കഥ പറയുന്നതാണ് സിനിമ. ഇവരുടെ ജീവിതത്തിലൂടെ ഇറാന്റെ നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തിന്റെ യഥാർത്ഥ ചിത്രം വരയ്ക്കുകയാണ് റസൂലോഫ് .

സിനിമ പൂർത്തിയായിട്ടും ഭരണകൂട വിലക്കിനാൽ ഏറെ പോരാട്ടങ്ങൾക്കൊടുവിലാണ് റസൂലോഫിന് തൻ്റെ സിനിമ ലോകത്തിനു മുന്നിലെത്തിക്കാനായത്. 2024 മേയിൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ റസൂലോഫിന് എട്ട് വർഷം തടവും ചാട്ടവാറടിയും പിഴയും വിധിച്ചു. ജർമ്മനിയിലേക്ക് പലായനം ചെയ്ത അദ്ദേഹം അവിടെ പ്രവാസം തുടരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307143/rasuloffs-the-seed-of-the-sacred-fig-will-be-screened-tomorrow)