---
title: "ഉത്തരാഖണ്ഡിൽ ഗംഗോത്രി ദേശീയപാതയിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു"
english_title: "Landslide on Gangotri National Highway in Uttarakhand Rescue operations affected"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307135/landslide-on-gangotri-national-highway-in-uttarakhand-rescue-operations-affected"
published_at: "2025-08-07T21:31:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6894cf869b46f_ertyuu.jpg"
keywords: []
---

# ഉത്തരാഖണ്ഡിൽ ഗംഗോത്രി ദേശീയപാതയിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു

> **Lead Summary:** **ഉത്തരാഖണ്ഡ്:** ഉത്തരാഖണ്ഡിലെ ധരാലിയിൽ മേഘവിസ്ഫോടനം ഉണ്ടായതിനെത്തുടർന്ന് ആരംഭിച്ച രക്ഷാപ്രവർത്തനങ്ങൾക്കിടെ, ഗംഗോത്രി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായത് വെല്ലുവിളിയായി. ഇന്ന് ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിച്ച ഭട്ട്‌വാഡി മേഖലയിലാണ് കൂറ്റൻ പാറക്കല്ലുകൾ വീണ് വഴി വീണ്ടും തടസ്സപ്പെട്ടത്.

## Article Content

**ഉത്തരാഖണ്ഡ്:** ഉത്തരാഖണ്ഡിലെ ധരാലിയിൽ മേഘവിസ്ഫോടനം ഉണ്ടായതിനെത്തുടർന്ന് ആരംഭിച്ച രക്ഷാപ്രവർത്തനങ്ങൾക്കിടെ, ഗംഗോത്രി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായത് വെല്ലുവിളിയായി. ഇന്ന് ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിച്ച ഭട്ട്‌വാഡി മേഖലയിലാണ് കൂറ്റൻ പാറക്കല്ലുകൾ വീണ് വഴി വീണ്ടും തടസ്സപ്പെട്ടത്.

ഒരു ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ഈ റോഡ് സൈനിക ട്രക്കുകൾ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിനുള്ള വാഹനങ്ങൾ പ്രധാനമായും ഉപയോഗിക്കുന്ന പാതയായതിനാൽ, പുതിയ മണ്ണിടിച്ചിൽ രക്ഷാപ്രവർത്തനങ്ങളുടെ വേഗത കുറയ്ക്കാൻ സാധ്യതയുണ്ട്. മോശം കാലാവസ്ഥയും തകർന്ന റോഡുകളും രക്ഷാദൗത്യത്തിന് വലിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

നിലവിൽ 190 പേരെ രക്ഷപ്പെടുത്തിയതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. മേഘവിസ്ഫോടനത്തിന് ശേഷം ഗീർ ഗംഗ നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽ ധരാലി ഗ്രാമം പൂർണ്ണമായും ഒലിച്ചുപോയിരുന്നു. അമ്പതിലധികം വീടുകളും നിരവധി റെസ്റ്റോറന്റുകളും പൂർണ്ണമായി നശിച്ചു. ദുരന്തത്തിൽ എത്ര പേർ കുടുങ്ങിക്കിടക്കുന്നുവെന്ന് കൃത്യമായി പറയാൻ കഴിയില്ലെന്ന് ദുരന്തവിവരം ആദ്യം പുറത്തറിയിച്ച രാജേഷ് റാവത്ത് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307135/landslide-on-gangotri-national-highway-in-uttarakhand-rescue-operations-affected)