---
title: "'ഭയമില്ലാതെ സ്വന്തം വീട്ടിൽ ഉറങ്ങാൻ അനുവദിക്കൂ.....’; മകനും മരുമകളും വീട്ടിൽ നിന്ന് പുറത്താക്കി, കനിവ് തേടി വയോധികൻ മുഖ്യമന്ത്രിക്ക് പരാതി നൽകി"
english_title: "Let me sleep in my own house without fear Son and daughter-in-law kicked out of house, elderly man files complaint with Chief Minister seeking mercy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307100/let-me-sleep-in-my-own-house-without-fear-son-and-daughter-in-law-kicked-out-of-house-elderly-man-files-complaint-with-chief-minister-seeking-mercy"
published_at: "2025-08-07T18:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6894a193a9c58_tytdy.jpg"
keywords: []
---

# 'ഭയമില്ലാതെ സ്വന്തം വീട്ടിൽ ഉറങ്ങാൻ അനുവദിക്കൂ.....’; മകനും മരുമകളും വീട്ടിൽ നിന്ന് പുറത്താക്കി, കനിവ് തേടി വയോധികൻ മുഖ്യമന്ത്രിക്ക് പരാതി നൽകി

> **Lead Summary:** സ്വന്തം പേരിലുള്ള വീടിന്റെ വാതിൽ മകനും മരുമകളും ചേർന്ന് കൊട്ടിയടച്ചിരിക്കുകയാണ് ഈ വയോധികന് മുന്നിൽ. അതിലേറെ സങ്കടം ഓമനിച്ച് വളർത്തിയ കൊച്ചുമകനെ ഉപയോഗിച്ച് കേസിൽ പ്രതിയാക്കിയെന്നതാണ്. ജീവിത സായാഹ്നത്തിൽ ഭയമില്ലാതെ സ്വന്തം വീട്ടിൽ ഉറങ്ങാൻ അനുവദിക്കണം. കനിവ് തേടി എഴുപത്തിയഞ്ച്കാരൻ മുഖ്യമന്ത്രിക്ക് പരാതി നൽകി കാത്തിരിക്കുയാണ് ഇവിടെ.

## Article Content

സ്വന്തം പേരിലുള്ള വീടിന്റെ വാതിൽ മകനും മരുമകളും ചേർന്ന് കൊട്ടിയടച്ചിരിക്കുകയാണ് ഈ വയോധികന് മുന്നിൽ. അതിലേറെ സങ്കടം ഓമനിച്ച് വളർത്തിയ കൊച്ചുമകനെ ഉപയോഗിച്ച് കേസിൽ പ്രതിയാക്കിയെന്നതാണ്. ജീവിത സായാഹ്നത്തിൽ ഭയമില്ലാതെ സ്വന്തം വീട്ടിൽ ഉറങ്ങാൻ അനുവദിക്കണം. കനിവ് തേടി എഴുപത്തിയഞ്ച്കാരൻ മുഖ്യമന്ത്രിക്ക് പരാതി നൽകി കാത്തിരിക്കുയാണ് ഇവിടെ.

തൃശ്ശൂർ ജില്ലയിലെ കുന്നംകുളം മുനിസിപ്പാലിറ്റിയിലെ വടക്കേ തലക്കൽ വീട്ടിൽ സൈമണാണ് ജീവിതം കണ്ണീരിലായത്. ഭാര്യ മരിച്ച ശേഷം മാനസികമായി തളർന്ന സൈമണ് ശാരീരിക ബുദ്ധിമുട്ടുകളും ഏറെയുണ്ട് .

'തനിക്ക് മൂന്ന് ആൺമക്കളാണ്‌. മൂത്തവൻ തമ്പി വി എസ്. രണ്ടാമത്തവൻ ജോബി വി എസ്. മൂന്നാമത്തവൻ ജോയ് വി എസ്. ഭാര്യ ബേബി. മരിച്ചിട്ട് മൂന്ന് വർഷമായി. വൃക്കകൾ തകരാറിലായി ഒടുവിൽ ഡയാലിസിസ് നടത്തി. ഇതിനിടയിൽ കുടുംബത്തിലെ മാനസിക സമ്മർദ്ദങ്ങൾ കൂടിയായതോടെ അവൾ വേഗം മരണത്തിന് കീഴടങ്ങി' കണ്ണീരുപ്പ് രുചിച്ച് തൻ്റെ ജീവിത കഥ ഇടറുന്ന ശബ്ദത്തിൽ ഈ അച്ഛൻ പറഞ്ഞു തുടങ്ങി.

2011 ജനുവരിയിൽ രണ്ടാമത്തെ മകനും ഭാര്യയും അച്ഛനെയും അമ്മയെയും തെറ്റിദ്ധരിപ്പിച്ച് ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പത്ത് ലക്ഷം രൂപ വായ്പ്പയെടുത്തു. മകനെ ഏറെ സ്നേഹിച്ച അമ്മയുടെ നിർബന്ധത്താൽ അച്ഛനും അതിൽ ജാമ്യക്കാരനായി ഒപ്പിട്ടു കൊടുക്കേണ്ട അവസ്ഥ വന്നു. അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വീടിന്റെയും സ്ഥലത്തിന്റെയും ആധാരം ഈടുവച്ചിട്ടാണ് ഈ കടം എടുത്തിരിക്കുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഭാര്യയുടെ അവസ്ഥ ഓർത്താണ് സൈമൺ തൻ്റെ വീടും പുരയിടവും ഭാര്യയുടെ പേരിൽ കൂടി രജിസ്റ്റർ ചെയ്തത്.

> "രണ്ടാമത്തെ മകന്റെയും ഭാര്യയുടെയും ചൂഷണം കൊണ്ട് തനിക്ക് തന്റെ സ്വന്തം വീട്ടിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയായെന്നും അവിടെ താമസിച്ചപ്പോൾ കള്ള കേസ് കൊടുത്ത് പുറത്താക്കിയെന്നും " സൈമൺ വ്യക്തമാക്കി.

സൈമണിന്റെ പേരിൽ ഇവർ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

എന്നാൽ നിരപരാധിയായ തന്റെ പേരിൽ കള്ള കേസ് കൊടുത്തതെല്ലാം തൻ്റെ വീടും സ്വത്തും കൈക്കലാക്കാനുള്ള ഭീഷണിയുടെ ഭാഗമായാണ്. ബാങ്ക് ബാധ്യത അച്ഛൻ ഏറ്റെടുക്കണമെന്നും 50 ലക്ഷം രൂപ നൽകിയാൽ വീട് ഒഴിഞ്ഞ് കേസുകൾ പിൻവലിക്കാമെന്നാണ് അവർ മധ്യസ്ഥരെ വെച്ച് അറിയിച്ചെന്നും സൈമൺ ട്രൂവിഷൻ ന്യൂസിനോട് പ്രതികരിച്ചു.

രണ്ടാമത്തെ മകനും മരുമകളും ചേർന്ന് പലതവണ തന്നെ ഇറക്കി വിടാൻ ശ്രമിച്ചെന്നും, അത് കൂട്ടാക്കാതെ അവിടെ തന്നെ നിൽക്കുമ്പോൾ ഇല്ലാത്ത കേസുകൾ കെട്ടിച്ചമച്ച് കുറ്റവാളിയാക്കുകയും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയുമാണ് ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടി ചേർത്തു. മൂന്നാമത്തെ മകനും സൈമണും കൂടി ഇടയ്ക്ക് സ്വന്തം വീട്ടിലേക്ക് പോകുമ്പോൾ, രണ്ടാമത്തെ മരുമകൾ അടിക്കുകയും ചെറുമക്കൾ അത് വീഡിയോ എടുക്കുകയും ചെയ്യും. അതുകൊണ്ടാണ് സൈമണിന് സ്വന്തം വീട്ടിലേക്ക് പോകാൻ ഭയവും എന്ന് വ്യക്തമാക്കി.

> ശല്യവും ശകാരവും സഹിക്കാനാകാതെ ഒടുവിൽ വീട് വിട്ടിറങ്ങി. "എപ്പോഴെങ്കിലും സ്വന്തം വീട്ടിൽ താമസിക്കാൻ ചെന്നാൽ അന്ന് തന്നെ മകനും മകന്റെ ഭാര്യയും കേസ് കൊടുക്കാൻ പോലീസ് സ്റ്റേഷനിൽ പോകുകയാണ് അവർ, അവന് നല്ല സ്വാധീനമുണ്ട്. ആ ബലത്തിലാണ് എന്നെ ദ്രോഹിക്കുന്നത് ".

നിലവിൽ മൂത്തമകന്റെയും ഭാര്യയുടെയും കൂടെയാണ് സൈമൺ താമസിക്കുന്നത്. ചില ദിവസങ്ങളിൽ ഇളയ മകന്റെ വീട്ടിലുമായി മാറി മാറി താമസിക്കുകയാണ്.

പല തവണ നിയമസഹായം തേടിയെങ്കിലും അതിനൊന്നും ഫലമുണ്ടായിരുന്നില്ല, ഏറ്റവും ഒടുവിൽ രണ്ടാമത്തെ മകന്റെ മകനെ വസ്ത്രം പൊക്കി കാണിച്ചു എന്ന് പറഞ്ഞുകൊണ്ടാണ്  കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സ്വന്തം വീട്ടിൽ സ്വൈര്യമായി ജീവിക്കാൻ നിയമസഹായത്തിനായി സബ്കളക്ടറെ ഉൾപ്പടെയുള്ളവരെ സൈമൺ സമീപിച്ചിരുന്നു. എന്നാൽ രണ്ടാമത്തെ മരുമകൾ അതിനു മുന്നേ തന്നെ തന്നെ വീട്ടിൽ നിന്ന് പുറത്താക്കാനുള്ള കോടതി ഉത്തരവ് വാങ്ങിയിരുന്നു എന്ന് അപ്പോഴാണ് സൈമൺ അറിയുന്നത്.

ജയിലിൽ പോകേണ്ടി വരുമോ എന്ന ഭയത്തിൽ മാനസികമായി തകർന്ന ഈ വയോധികൻ. ഒരു ദിവസമെങ്കിൽ ഒരു ദിവസം മനസമാധാനത്തോടെ താൻ സ്വന്തമായി നിർമിച്ച തന്റെയും ഭാര്യയുടെയും പേരിലുള്ള വീട്ടിൽ ഭയത്തോടെയല്ലാതെ കഴിയണമെന്നാണ് കൊതിക്കുന്നത്.

സ്വന്തം വീട്ടിൽ താമസിക്കാൻ അദ്ദേഹത്തിന് ഇപ്പോഴും ഭയമാണ്. മരുമകളും മകനും തന്നെ ഉപദ്രവിക്കുമോ എന്ന ഭയമുണ്ടെന്നും, മാതാപിതാക്കളുടെ സ്വത്തിൽ മക്കൾക്കും അവകാശമുണ്ട്, സ്വത്ത് ഭാഗിക്കണം എന്നൊക്കെ പലപ്പോഴും രണ്ടാമത്തെ മകൻ ജോബിയും ഭാര്യയും പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മരിക്കുന്നതിന് തൊട്ട് മുൻപെങ്കിലും സ്വന്തം വീട്ടിൽ നിൽക്കാൻ പോലും സമ്മതിക്കാത്ത ക്രൂരതകൾ മാത്രം ചെയ്യുന്ന മകനും മരുമകളും സമൂഹത്തിലെ ഉന്നതരുടെ സ്ഥാനമാനങ്ങൾ ദുരുപയോഗം ചെയ്തുകൊണ്ട് ഒരു വയോധികനെ ഇത്തരത്തിൽ ഉപദ്രവിക്കുന്നതെന്ന് അയൽ വാസികളും പറയുന്നു.

ഒരു അച്ഛൻ ജീവിതം മുഴുവൻ മക്കളെ വളർത്തിയതിന് പ്രതിഫലമായി കിട്ടുന്നത് വേദനയും അപമാനവുമാണെങ്കിൽ അതിനെക്കാൾ വലിയ നീചത്വം മറ്റൊന്നുമില്ല. ഈ വയോധികന് നീതി കിട്ടേണ്ടിയിരിക്കുന്നു, ജീവിക്കാൻ മാത്രമല്ല, സമാധാനത്തോടെ മരിക്കാനെങ്കിലും അവർക്കും അവകാശമുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307100/let-me-sleep-in-my-own-house-without-fear-son-and-daughter-in-law-kicked-out-of-house-elderly-man-files-complaint-with-chief-minister-seeking-mercy)