---
title: "ഉത്തരാഖണ്ഡ് മേഘവിസ്‌ഫോടനം; ദുരിതബാധിതർക്ക് പിന്തുണയുമായി കേരളം"
english_title: "Kerala extends support to Uttarakhand cloudburst victims"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306923/kerala-extends-support-to-uttarakhand-cloudburst-victims"
published_at: "2025-08-06T21:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68937deda9ebb_fgghfh.jpg"
keywords: []
---

# ഉത്തരാഖണ്ഡ് മേഘവിസ്‌ഫോടനം; ദുരിതബാധിതർക്ക് പിന്തുണയുമായി കേരളം

> **Lead Summary:** **തിരുവനന്തപുരം: ** ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ പ്രകൃതി ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് പിന്തുണയുമായി കേരളം. ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് കത്തയച്ചു. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും എല്ലാ പിന്തുണയും നൽകാൻ കേരളം തയ്യാറാണെന്ന് കത്തിൽ അറിയിച്ചു.

## Article Content

**തിരുവനന്തപുരം: ** ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ പ്രകൃതി ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് പിന്തുണയുമായി കേരളം. ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് കത്തയച്ചു. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും എല്ലാ പിന്തുണയും നൽകാൻ കേരളം തയ്യാറാണെന്ന് കത്തിൽ അറിയിച്ചു.

ദുരന്തത്തിൽപ്പെട്ടവരിൽ കേരളത്തിൽ നിന്നുള്ളവരുണ്ടോ എന്ന് ആശങ്കയുണ്ടെന്നും, അത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ളവർക്ക് ആവശ്യമായ സഹായം നൽകാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തരാഖണ്ഡിലെ ധരാലിയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഒമ്പത് സൈനികരെ ഉൾപ്പെടെ 130 പേരെയാണ് ധരാലി ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. എസ് ഡി ആർ എഫ്, എൻ ഡി ആർ എഫ്, കരസേന, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ആണ് രക്ഷാപ്രവർത്തനം. ഡോക്ടേഴ്സിന്റെ പ്രത്യേക സംഘവും പ്രശ്നബാധിത മേഖലകളിൽ എത്തിയിട്ടുണ്ട്. വ്യോമ മാർഗം ധരാലിയിൽ എത്തിയ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ ദുരന്തത്തിൽ അഞ്ച് പേർ മരിച്ചെന്നാണ് സ്ഥിരീകരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306923/kerala-extends-support-to-uttarakhand-cloudburst-victims)