---
title: "നാലാം നാൾ നൂറ് മീറ്റർ അകലെ; കോഴിക്കോട് പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി"
english_title: "Body of missing student found 100 meters away on fourth day after being swept away by waterfall in Patangayam Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306807/body-of-missing-student-found-100-meters-away-on-fourth-day-after-being-swept-away-by-waterfall-in-patangayam-kozhikode"
published_at: "2025-08-06T11:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6892f599f2981_YY.jpg"
keywords: []
---

# നാലാം നാൾ നൂറ് മീറ്റർ അകലെ; കോഴിക്കോട് പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** )** കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം മഞ്ചേരി കച്ചേരിപ്പടിയിലെ അഷറഫ് വളശ്ശേരിയുടെ മകൻ അലന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നാലാം ദിവസത്തെ തിരച്ചിലിലാണ് അപകടം നടന്ന സ്ഥലത്തിന്റെ 100 മീറ്റർ താഴെ സിയാൽ ഡാമിന്റെ സമീപത്തു നിന്നും മൃത​ദേഹം കണ്ടെത്തിയത്.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** )** കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം മഞ്ചേരി കച്ചേരിപ്പടിയിലെ അഷറഫ് വളശ്ശേരിയുടെ മകൻ അലന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നാലാം ദിവസത്തെ തിരച്ചിലിലാണ് അപകടം നടന്ന സ്ഥലത്തിന്റെ 100 മീറ്റർ താഴെ സിയാൽ ഡാമിന്റെ സമീപത്തു നിന്നും മൃത​ദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്ചയാണ് മഞ്ചേരിയിൽനിന്നു ആറംഗ സംഘം പതങ്കയത്ത് എത്തിയത്. ഒഴുക്കിൽപ്പെട്ട അലനെ കാണാതാവുകയായിരുന്നു. സഹപാഠി അലനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മഞ്ചേരി തുറക്കൽ എസ്എംഎസ് എച്ച്എസ്എസ്സിലെ പ്ലസ് വൺ വിദ്യാർഥിയാണ് അലൻ.

പാറകൾ ഏറെയുള്ള ഈ പ്രദേശത്ത് അവയ്ക്കുള്ളിൽ അലൻ കുടുങ്ങിക്കിടപ്പുണ്ടോ എന്നതറിയാൻ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും കഴിഞ്ഞ ദിവസം നടത്തിയിരുന്നു. മഞ്ചേരി തുറക്കൽ എസ്എംഎസ് എച്ച്എസ്എസ്സിലെ പ്ലസ് വൺ വിദ്യാർഥിയായ അലനും സഹപാഠികളും ഞായറാഴ്ച പതിനൊന്നരയോടെയാണ് പതങ്കയത്ത് എത്തിയത്. ഒപ്പം വന്ന സഹപാഠി അലനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപ്പെട്ടു. ഒരു കല്ലിൽ പിടിത്തം കിട്ടിയ അലന്റെ സഹപാഠിയെ പിന്നീട് സമീപത്തുള്ളവർ ഒരു മുള ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.

അപകടമുന്നറിയിപ്പു ഗൗരവമായെടുക്കാതെ പുഴയിലിറങ്ങുന്നവരാണ് പതങ്കയത്തു പലപ്പോഴും അപകടത്തിൽപെടുന്നത്. ഇതുവരെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് 27 പേർ മരിച്ചിട്ടുണ്ട്. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇരുവഴിഞ്ഞിപ്പുഴയുടെ മനോഹാരിത കാണുന്ന സഞ്ചാരികൾ നാട്ടുകാരുടെ വിലക്കും മറ്റും അവഗണിച്ച് പുഴയിൽ ഇറങ്ങുന്നത് ഇവിടെ പതിവാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306807/body-of-missing-student-found-100-meters-away-on-fourth-day-after-being-swept-away-by-waterfall-in-patangayam-kozhikode)