---
title: "ടിപി കേസ് പ്രതികളുടെ പരസ്യ മദ്യപാനം; ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നിർദ്ദേശം നൽകി ഡിജിപി"
english_title: "DGP expresses dissatisfaction with police action in allowing accused in T.P. Chandrasekharan murder case to drink alcohol"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306765/dgp-expresses-dissatisfaction-with-police-action-in-allowing-accused-in-tp-chandrasekharan-murder-case-to-drink-alcohol"
published_at: "2025-08-06T09:33:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/6892d47ed5f26_tyy.jpg"
keywords: []
---

# ടിപി കേസ് പ്രതികളുടെ പരസ്യ മദ്യപാനം; ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നിർദ്ദേശം നൽകി ഡിജിപി

> **Lead Summary:** **കണ്ണൂർ:** സെൻട്രൽ ജയിലിൽനിന്ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ കൊണ്ടുപോകവെ ടി.പി.ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതികൾക്ക് മദ്യപിക്കാൻ അവസരമൊരുക്കിയ പോലീസ് നടപടിയിൽ കടുത്ത അതൃപ്തിയറിയിച്ച് ഡിജിപി റവാഡ ചന്ദ്രശേഖർ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അദ്ദേഹം കർശന നിർദേശം നൽകി.

## Article Content

**കണ്ണൂർ:** സെൻട്രൽ ജയിലിൽനിന്ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ കൊണ്ടുപോകവെ ടി.പി.ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതികൾക്ക് മദ്യപിക്കാൻ അവസരമൊരുക്കിയ പോലീസ് നടപടിയിൽ കടുത്ത അതൃപ്തിയറിയിച്ച് ഡിജിപി റവാഡ ചന്ദ്രശേഖർ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അദ്ദേഹം കർശന നിർദേശം നൽകി.

കണ്ണൂർ സിറ്റി റൂറൽ പോലീസിലെ ഡിവൈഎസ്‌പിമാർ, എസ്‌ പിമാർ, എഎസ്‌പി, എസ്‌പി, കമ്മിഷണർ, റേഞ്ച് ഡിെഎജി എന്നിവരുടെ സുപ്രധാന യോഗത്തിലാണ് ഡിജിപിയുടെ പ്രതികരണം. ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് തുടങ്ങിയ യോഗം അഞ്ചോടെയാണ് അവസാനിച്ചത്. ടി.പി. കേസിൽ പരോളിൽ ഇറങ്ങിയ പ്രതികൾ നിരന്തരം കുറ്റക്യത്യങ്ങളിൽ ഏർപ്പെടുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുണ്ടായിട്ടും പോലീസ് വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നും ഡിജിപി ചൂണ്ടിക്കാട്ടി.

രാഷ്ട്രീയസംഘർഷങ്ങൾക്ക് ശമനമുണ്ടെങ്കിലും കണ്ണൂർ ജില്ലയിൽ ക്രമസമാധാനപാലനത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ഇക്കാര്യത്തിൽ പോലീസ് കൂടുതൽ ജാഗ്രത പാലിക്കണം. പോലീസ് വരും മാസങ്ങളിൽ ചെയ്യേണ്ട കർമപദ്ധതികൾ ഡിജിപി യോഗത്തിൽ അവതരിപ്പിച്ചു.

ഗുണ്ടകളും സമൂഹവിരുദ്ധരും ലഹരിസംഘങ്ങൾക്കൊപ്പം പിടിമുറുക്കുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സമൂഹവിരുദ്ധരെ അടിച്ചമർത്താനും നിർദേശം നൽകി.

കോടതിപരിസരത്തെ മദ്യപാനത്തിൽ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളി കൊടി സുനിക്കെതിരേ നടപടിയെടുക്കുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന കാര്യവും പരിശോധിച്ച് നടപടിയുണ്ടാകും. കൊടി സുനിയുടെ മദ്യപാനത്തിൽ കേസെടുക്കാനായി പോലീസ് നിയമോപദേശം തേടിയിരുന്നു. പ്രതികൾക്ക് എസ്കോർട്ടിന് സീനിയർ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് ഡിജിപി പറഞ്ഞു.

കൊടി സുനിയും കൂട്ടരും കോടതിപരിസരത്ത് ഇതിനുമുൻപും മദ്യപിച്ചിട്ടുള്ളതായി പോലീസ് രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയിരുന്നു. മാഹി ഇരട്ടക്കൊലപാതക കേസിൽ തലശ്ശേരി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴായിരുന്നു എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ സാന്നിധ്യത്തിൽ മദ്യപാനം.

മദ്യപാനത്തിന് കൂട്ടുനിന്നുവെന്ന് ആരോപിച്ച് കണ്ണൂർ എആർ ക്യാമ്പിലെ മൂന്ന് പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. അതിനിടെ, പോലീസ് സാന്നിധ്യത്തിൽ മദ്യപിച്ചതിനെതിരേ കൊടി സുനിയുടെ പേരിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു രംഗത്തെത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306765/dgp-expresses-dissatisfaction-with-police-action-in-allowing-accused-in-tp-chandrasekharan-murder-case-to-drink-alcohol)