---
title: "ചില്ലറക്കാരിയല്ല ....! നാല് കൊല്ലത്തിനിടെ തട്ടിയെടുത്തത് 20 ലക്ഷം, സ്വർണവും വസ്തുക്കളും വാങ്ങി; ലോട്ടറി ഏജൻസി ജീവനക്കാരി പിടിയിൽ"
english_title: "Lottery agency employee arrested for embezzling Rs 20 lakhs buying gold and other items in four years"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306748/lottery-agency-employee-arrested-for-embezzling-rs-20-lakhs-buying-gold-and-other-items-in-four-years"
published_at: "2025-08-06T07:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6892b94714d2a_FF.jpg"
keywords: []
---

# ചില്ലറക്കാരിയല്ല ....! നാല് കൊല്ലത്തിനിടെ തട്ടിയെടുത്തത് 20 ലക്ഷം, സ്വർണവും വസ്തുക്കളും വാങ്ങി; ലോട്ടറി ഏജൻസി ജീവനക്കാരി പിടിയിൽ

> **Lead Summary:** **വിഴിഞ്ഞം (തിരുവനന്തപുരം): [ **ലോട്ടറി ഏജന്‍സിയില്‍നിന്ന് പണംതട്ടിയെടുത്ത കേസില്‍ ജീവനക്കാരി പിടിയില്‍. ലോട്ടറികള്‍ വാങ്ങുന്ന മൊത്തക്കച്ചവടക്കാര്‍ നല്‍കുന്ന പണം ഏജന്‍സിയുടെ അക്കൗണ്ടില്‍പ്പെടുത്താതെ സ്വന്തം ഗൂഗിള്‍ പേയിലേക്കും പണമായും തട്ടിയെടുക്കുകയായിരുന്നു. വിഴിഞ്ഞം ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ജെ.എം.ജെ. ലോട്ടറി ഏജന്‍സിലെ ജീവനക്കാരി കോട്ടപ്പുറം ചരുവിളയില്‍ താമസിക്കുന്ന അല്‍ഫോന്‍സാമ്മയെ ആണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്.

## Article Content

**വിഴിഞ്ഞം (തിരുവനന്തപുരം): [ **ലോട്ടറി ഏജന്‍സിയില്‍നിന്ന് പണംതട്ടിയെടുത്ത കേസില്‍ ജീവനക്കാരി പിടിയില്‍. ലോട്ടറികള്‍ വാങ്ങുന്ന മൊത്തക്കച്ചവടക്കാര്‍ നല്‍കുന്ന പണം ഏജന്‍സിയുടെ അക്കൗണ്ടില്‍പ്പെടുത്താതെ സ്വന്തം ഗൂഗിള്‍ പേയിലേക്കും പണമായും തട്ടിയെടുക്കുകയായിരുന്നു. വിഴിഞ്ഞം ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ജെ.എം.ജെ. ലോട്ടറി ഏജന്‍സിലെ ജീവനക്കാരി കോട്ടപ്പുറം ചരുവിളയില്‍ താമസിക്കുന്ന അല്‍ഫോന്‍സാമ്മയെ ആണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്.

ലോട്ടറി ഏജന്‍സിയില്‍നിന്ന് ഉടമ വില്‍ഫ്രഡ് അറിയാതെ ഏകദേശം 20 ലക്ഷം രൂപയാണ് ഇവര്‍ നാലുവര്‍ഷത്തിനിടെ തട്ടിയെടുത്തത്. ഈ പണമുപയോഗിച്ച് ഇവര്‍ സ്വര്‍ണാഭരണങ്ങളും വസ്തുക്കളും വാങ്ങിയെന്ന് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.

മേയ് 26-ാം തീയതി വില്‍ഫ്രഡ് നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു ജീവനക്കാരി അറസ്റ്റിലായത് 2019- ലായിരുന്നു ഇവര്‍ ലോട്ടറി ഏജന്‍സിയില്‍ ജോലിക്കെത്തിയത്. ലോട്ടറി ഏജന്‍സിയുടെ കണക്കുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നോക്കാന്‍ അല്‍ഫോന്‍സാമ്മയെ ആയിരുന്നു വില്‍ഫ്രഡ് ചുമതലപ്പെടുത്തിയിരുന്നത്.

മാസംതോറുമുള്ള കണക്കെടുപ്പില്‍ രണ്ടുലക്ഷത്തില്‍പ്പരം രൂപയുടെ നഷ്ടമുണ്ടാകുന്നതായി കണ്ടെത്തുകയും ഇതേക്കുറിച്ച് വില്‍ഫ്രഡ് പലപ്പോഴും ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തെളിവില്ലാത്തതിനാല്‍ അന്ന് കേസുകൊടുത്തിരുന്നില്ല. 2024 ജനുവരി 31 മുതല്‍ അല്‍ഫോന്‍സാമ്മ ചികിത്സാ ആവശ്യങ്ങള്‍ക്കായി അവധിയില്‍പ്പോയിരുന്നു. ഇതിനുശേഷം കച്ചവടത്തിനായി ലോട്ടറി കടംവാങ്ങിയിരുന്ന ചൊവ്വര സ്വദേശി ദിലീപ് എന്നയാള്‍ പണം നല്‍കാന്‍ കടയിലെത്തി.

തുടര്‍ന്ന് വില്‍ഫ്രഡിന്റെ ഗൂഗിള്‍ പേയില്‍ ദിലീപ് പണം അയച്ചുവെങ്കിലും സാങ്കേതിക തകരാറിനെ തുടര്‍ന്ന് അക്കൗണ്ടില്‍ എത്തിയില്ല. തുടര്‍ന്ന് അല്‍ഫോന്‍സാമ്മയുടെ അക്കൗണ്ടില്‍ പണം അയക്കെട്ടെ എന്നും തനിക്ക് അവരുടെ ഗൂഗിള്‍ പേ അക്കൗണ്ട് നമ്പര്‍ തന്നിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. അവരുടെ അക്കൗണ്ടിലായിരുന്നു എപ്പോഴവും പണമയച്ചിരുന്നുവെന്നും ദിലീപ് വില്‍ഫ്രഡിനെ അറിയിച്ചു.

തുടര്‍ന്ന് ദിലീപ് അയച്ചുകൊടുത്ത പണത്തിന്റെ വിശദവിവരങ്ങള്‍ ശേഖരിച്ചു. നാലുവര്‍ഷത്തിനിടെ ഏകദേശം അഞ്ചുലക്ഷത്തോളം രൂപ അയച്ചിരുന്നുവെന്നും കണ്ടെത്തി. തുടര്‍ന്നായിരുന്നു വില്‍ഫ്രഡ് വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കിയത്. എസ്.എച്ച്.ഒ. ആര്‍. പ്രകാശ്, എസ്.ഐ. ജെ. സേവിയര്‍, സീനിയര്‍ സി.പി.ഒ.മാരായ വിനയകുമാര്‍, രെജിന്‍, സി.പി.ഒ.മാരായ സുജിത, രാധിക എന്നിവര്‍ മൂന്നുമാസത്തോളം നടത്തിയ അന്വേഷണത്തിലാണ് അല്‍ഫോണ്‍സാമ്മയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡുചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306748/lottery-agency-employee-arrested-for-embezzling-rs-20-lakhs-buying-gold-and-other-items-in-four-years)