---
title: "അതിതീവ്ര മഴ മുന്നറിയിപ്പ് .....! മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത"
english_title: "Extremely heavy rain Holiday for educational institutions in three districts, possibility of black sea phenomenon"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306727/extremely-heavy-rain-holiday-for-educational-institutions-in-three-districts-possibility-of-black-sea-phenomenon"
published_at: "2025-08-06T06:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6892a308a5b47_FF.jpg"
keywords: []
---

# അതിതീവ്ര മഴ മുന്നറിയിപ്പ് .....! മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

> **Lead Summary:** **തിരുവനന്തപുരം: [ **സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. മലപ്പുറം, വയനാട്, കോഴിക്കോട്, ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

## Article Content

**തിരുവനന്തപുരം: [ **സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. മലപ്പുറം, വയനാട്, കോഴിക്കോട്, ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ജാഗ്രത വേണം. മഴയെ തുടർന്ന് കാസർകോട്, കണ്ണൂർ, തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ (സ്‌പെഷ്യൽ ക്ലാസുകൾ ഉള്‍പ്പടെ) എന്നിവയ്ക്ക് ഇന്ന് (2025 ആഗസ്ത് 6ന്) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

അതേസമയം ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി തൃശൂർ, കാസർകോട്, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ആഗസ്റ്റ് ആറ്) അവധി പ്രഖ്യാപിച്ചിരുന്നു.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്. സ്കൂളുകൾ, കോളജുകൾ, പ്രൊഫഷണൽ കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷൽ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമാണ്.

കേരള തീരത്ത് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കേരളാ തീരത്ത് കടലാക്രമണത്തിനും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്.

അതിതീവ്രമായ മഴ എന്നത് കൊണ്ട് 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അർത്ഥമാക്കുന്നത്. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് കാണുന്നതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിക്കും.

നഗര പ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിക്കും. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306727/extremely-heavy-rain-holiday-for-educational-institutions-in-three-districts-possibility-of-black-sea-phenomenon)