---
title: "കലിതുള്ളി മഴ; മലവെള്ള പാച്ചിലിനെ തുടര്‍ന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു, കനത്ത ജാഗ്രത നിർദ്ദേശം"
english_title: "Families evacuated from Palakkad area hit by heavy mountain water"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306703/families-evacuated-from-palakkad-area-hit-by-heavy-mountain-water"
published_at: "2025-08-05T20:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689221957cc85_kali.jpg"
keywords: []
---

# കലിതുള്ളി മഴ; മലവെള്ള പാച്ചിലിനെ തുടര്‍ന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു, കനത്ത ജാഗ്രത നിർദ്ദേശം

> **Lead Summary:** **പാലക്കാട്: **സംസ്ഥാനത്ത് ശക്തമായ മഴയിൽ ഉണ്ടായ മലവെള്ള പാച്ചിലിനെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വാണിയംകുളം പനയൂരിൽ ഇളംകുളം ഭാഗത്ത് ശക്തമായി മലവെള്ളം ഒലിച്ചു വന്ന പ്രദേശത്തെ മൂന്ന്കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. ഇവരോട് രണ്ടുദിവസം ഈ വീടുകളിൽ താമസിക്കരുത് എന്ന് തഹസിൽദാറിന്റെ നിർദ്ദേശപ്രകാരം വില്ലേജ് ഓഫീസർ അറിയിച്ചിട്ടുണ്ട്.

## Article Content

**പാലക്കാട്: **സംസ്ഥാനത്ത് ശക്തമായ മഴയിൽ ഉണ്ടായ മലവെള്ള പാച്ചിലിനെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വാണിയംകുളം പനയൂരിൽ ഇളംകുളം ഭാഗത്ത് ശക്തമായി മലവെള്ളം ഒലിച്ചു വന്ന പ്രദേശത്തെ മൂന്ന്കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. ഇവരോട് രണ്ടുദിവസം ഈ വീടുകളിൽ താമസിക്കരുത് എന്ന് തഹസിൽദാറിന്റെ നിർദ്ദേശപ്രകാരം വില്ലേജ് ഓഫീസർ അറിയിച്ചിട്ടുണ്ട്.

പ്രദേശത്ത് ആകെ ഏഴ് വീടുകളാണുള്ളത്. ഉരുൾപൊട്ടൽ ഉണ്ടായി എന്ന ആശങ്ക പ്രദേശവാസികൾ പങ്കുവച്ചതിന്‍റെ അടിസ്ഥാനത്തിൽ ജിയോളജി വകുപ്പും റവന്യൂ വകുപ്പും സ്ഥലത്ത് വിശദമായ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് കുടുംബങ്ങളോട് തൽക്കാലം മാറി പാർക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളത്. ചോല പള്ളിയാലിൽ ഹരി,നിർമ്മല,പ്രേമ എന്നിവരുടെ കുടുംബങ്ങളാണ് ഇപ്പോൾ ബന്ധുക്കളുടെ വീടുകളിലേക്ക് മാറിയിട്ടുള്ളത്.

അതേസമയം, ശക്തമായ മഴയെ തുടര്‍ന്ന് ഇരുവഴിഞ്ഞി പുഴയിൽ മലവെള്ള പാച്ചില്‍ ശക്തം. കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയിൽ ശക്തമായ മഴ മഴയെന്നാണ് റിപ്പോര്‍ട്ടുകൾ. മഴ ശക്തമാകുന്നതിനാല്‍ പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട മലപ്പുറം മഞ്ചേരി സ്വദേശി അലൻ അഷ്ഫറിനായുള്ള തിരച്ചിൽ തടസപ്പെട്ടിരിക്കുകയാണ്.

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.

നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്ന് നിർദേശമുണ്ട്. കേരള തീരത്ത് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തെക്കൻ കേരളാ തീരത്ത് കടലാക്രമണത്തിനും സാധ്യത.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306703/families-evacuated-from-palakkad-area-hit-by-heavy-mountain-water)