---
title: "‘പ്രശാന്തനും പി.പി. ദിവ്യയും തമ്മിലുള്ള ബന്ധം അന്വേഷിച്ചില്ല’: എ ഡി എം നവീൻ ബാബുവിന്റെ മരണം, തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ"
english_title: "‘The relationship between Prashanth and P.P. Divya was not investigated’: ADM Naveen Babu's death, wife Manjusha called for further inquiry."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306697/the-relationship-between-prashanth-and-pp-divya-was-not-investigated-adm-naveen-babus-death-wife-manjusha-called-for-further-inquiry"
published_at: "2025-08-05T20:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689219ad4d50a_pop.jpg"
keywords: []
---

# ‘പ്രശാന്തനും പി.പി. ദിവ്യയും തമ്മിലുള്ള ബന്ധം അന്വേഷിച്ചില്ല’: എ ഡി എം നവീൻ ബാബുവിന്റെ മരണം, തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ

> **Lead Summary:** **കണ്ണൂർ :[ ** എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് ഹർജി നൽകിയത്. അന്വേഷണ സംഘം ശരിയായ രീതിയിലല്ല കേസ് അന്വേഷിച്ചതെന്നാണ് മഞ്ജുഷയുടെ ആരോപണം. ഹർജിയിൽ പറയുന്നതനുസരിച്ച്, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലാണ് തുടക്കം മുതൽ അന്വേഷണ സംഘം നീങ്ങിയത്. പക്ഷപാതപരമായ സമീപനമാണ് അവർ സ്വീകരിച്ചത്. മാത്രമല്ല, തെളിവുകൾ അവഗണിക്കുകയും, പ്രതിക്ക് അനുകൂലമായ രീതിയിൽ കാര്യങ്ങൾ വഴിതിരിച്ചുവിടാൻ ശ്രമിക്കുകയും ചെയ്തു എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ, മരണത്തെക്കുറിച്ച് ഒരു പുതിയ അന്വേഷണം വേണമെന്നാണ് മഞ്ജുഷയുടെ ആവശ്യം.

## Article Content

**കണ്ണൂർ :[ ** എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് ഹർജി നൽകിയത്. അന്വേഷണ സംഘം ശരിയായ രീതിയിലല്ല കേസ് അന്വേഷിച്ചതെന്നാണ് മഞ്ജുഷയുടെ ആരോപണം. ഹർജിയിൽ പറയുന്നതനുസരിച്ച്, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലാണ് തുടക്കം മുതൽ അന്വേഷണ സംഘം നീങ്ങിയത്. പക്ഷപാതപരമായ സമീപനമാണ് അവർ സ്വീകരിച്ചത്. മാത്രമല്ല, തെളിവുകൾ അവഗണിക്കുകയും, പ്രതിക്ക് അനുകൂലമായ രീതിയിൽ കാര്യങ്ങൾ വഴിതിരിച്ചുവിടാൻ ശ്രമിക്കുകയും ചെയ്തു എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ, മരണത്തെക്കുറിച്ച് ഒരു പുതിയ അന്വേഷണം വേണമെന്നാണ് മഞ്ജുഷയുടെ ആവശ്യം.

അഭിഭാഷകനായ ജോൺ എസ്. റാഫ് മുഖേന സമർപ്പിച്ച ഹർജിയിൽ അന്വേഷണ സംഘത്തിന്റെ വീഴ്ചകൾ അക്കമിട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. പെട്രോൾ പമ്പ് തുടങ്ങാൻ നവീൻ ബാബുവിനു അപേക്ഷ നൽകിയ പ്രശാന്തന്റെ ആരോപണത്തിന് തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നുണ്ടെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ.ഗീത നടത്തിയ അന്വേഷണ റിപ്പോർട്ടിലും നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് പറയുന്നുണ്ട്. പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ കാലതാമസം വരുത്തിയിട്ടില്ല.

കലക്ടർക്ക് മുന്നിൽ തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞുവെന്നത് കെട്ടിച്ചമച്ചതാണെന്നു കണ്ടെത്തി. 20 ലക്ഷം രൂപ നിക്ഷേപം ഉണ്ടെന്ന് പറയുന്ന പ്രശാന്തൻ, എഡിഎമ്മിനു കൈക്കൂലി നൽകാൻ സ്വർണം പണയം വച്ച് ഒരു ലക്ഷം രൂപ കടമെടുത്തു എന്നു പറയുന്നത് യുക്തിപരമല്ല. പ്രതിയുടെ ഫോൺ കൃത്യമായി പരിശോധിച്ചില്ല. പ്രശാന്തനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയും തമ്മിലുള്ള ബന്ധം ഒരിക്കൽ പോലും പൊലീസ് അന്വേഷിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ മാത്രമാണ് കേസിൽ പ്രതി. എഡിഎം നവീന‍് ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ വിളിക്കാതെ എത്തിയ ദിവ്യ അദ്ദേഹത്തെ ആക്ഷേപിച്ചതിനെത്തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. നവീൻ ബാബു കൈക്കൂലിക്കാരനാണെന്ന തരത്തിലാണ് കലക്ടറുടെ സാന്നിധ്യത്തിൽ ദിവ്യ അന്ന് സംസാരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306697/the-relationship-between-prashanth-and-pp-divya-was-not-investigated-adm-naveen-babus-death-wife-manjusha-called-for-further-inquiry)