---
title: " 'മെനുവും രുചിയും അറിയാം; ഉച്ചഭക്ഷണ സമയത്ത് സര്‍ക്കാര്‍ സ്‌കൂൾ സന്ദര്‍ശിക്കാന്‍ ചാക്കോച്ചനെ സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു, ഞാനും വരാം’ - വി ശിവൻകുട്ടി  "
english_title: "kunchacko boban kerala school midday meals menu v sivankutty"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306680/kunchacko-boban-kerala-school-midday-meals-menu-v-sivankutty"
published_at: "2025-08-05T18:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891fed44ea34_yyyy.jpg"
keywords: []
---

#  'മെനുവും രുചിയും അറിയാം; ഉച്ചഭക്ഷണ സമയത്ത് സര്‍ക്കാര്‍ സ്‌കൂൾ സന്ദര്‍ശിക്കാന്‍ ചാക്കോച്ചനെ സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു, ഞാനും വരാം’ - വി ശിവൻകുട്ടി  

> **Lead Summary:** **തിരുവനന്തപുരം : ( **[www.truevisionnews.com]** ) **‘മികച്ച ഭക്ഷണം നല്‍കേണ്ടത് ജയിലിലല്ല, സ്‌കൂള്‍ കുട്ടികള്‍ക്കാണ്’- കുഞ്ചാക്കോ ബോബന്‍’ എന്ന രീതിയിൽ വാർത്ത പ്രചരിക്കുന്ന പശ്ചാത്തലത്തിൽ നടൻ്റെ പ്രസംഗം ഫേസ്ബുക്കിൽ പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി. ചാക്കോച്ചന്‍ സദുദ്ദേശ്യത്തോടെ പറഞ്ഞ കാര്യം ചില മാധ്യമങ്ങൾ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് പ്രസംഗത്തിൽ നിന്ന് മനസ്സിലാക്കുന്നതെന്ന് പറഞ്ഞ മന്ത്രി, അദ്ദേഹത്തെ ഒരു സർക്കാർ സ്കൂൾ സന്ദർശിക്കാൻ സ്നേഹപൂർവം ക്ഷണിക്കുകയും ചെയ്തു.

## Article Content

**തിരുവനന്തപുരം : ( **[www.truevisionnews.com]** ) **‘മികച്ച ഭക്ഷണം നല്‍കേണ്ടത് ജയിലിലല്ല, സ്‌കൂള്‍ കുട്ടികള്‍ക്കാണ്’- കുഞ്ചാക്കോ ബോബന്‍’ എന്ന രീതിയിൽ വാർത്ത പ്രചരിക്കുന്ന പശ്ചാത്തലത്തിൽ നടൻ്റെ പ്രസംഗം ഫേസ്ബുക്കിൽ പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി. ചാക്കോച്ചന്‍ സദുദ്ദേശ്യത്തോടെ പറഞ്ഞ കാര്യം ചില മാധ്യമങ്ങൾ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് പ്രസംഗത്തിൽ നിന്ന് മനസ്സിലാക്കുന്നതെന്ന് പറഞ്ഞ മന്ത്രി, അദ്ദേഹത്തെ ഒരു സർക്കാർ സ്കൂൾ സന്ദർശിക്കാൻ സ്നേഹപൂർവം ക്ഷണിക്കുകയും ചെയ്തു.

ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണ സമയത്ത് സന്ദര്‍ശനം നടത്താന്‍ ചാക്കോച്ചനെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുകയാണെന്ന് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കൂടെ താനും വരാം. സർക്കാർ സ്കൂളിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം ഭക്ഷണവും കഴിക്കാം. സ്‌കൂള്‍ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാം. കുട്ടികള്‍ക്കും സന്തോഷമാകുമെന്നും മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ ഉച്ചഭക്ഷണ മെനു ഈ മാസം ആദ്യം മുതലാണ് നിലവിൽ വന്നത്. ലെമൺ റൈസ്, ടൊമാറ്റോ റൈസ് തുടങ്ങി പുതിയ വിഭവങ്ങൾ ഉൾപ്പെടുന്നതാണ് ഉച്ചഭക്ഷണ മെനു. ആഴ്ചയില്‍ ഒരുദിവസം വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഉണ്ടാകും.

റൈസുകളോടൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേര്‍ത്ത ചമ്മന്തിയും വേണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശമുണ്ട്. മറ്റ് ദിവസങ്ങളില്‍ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന പായസമോ വ്യത്യസ്തവിഭവങ്ങളോ ഒരുക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306680/kunchacko-boban-kerala-school-midday-meals-menu-v-sivankutty)