---
title: "'സ്വമേധയാ കേസെടുക്കാൻ തെളിവില്ല', കൊടി സുനിയുടെയും സംഘത്തിന്‍റെയും പരസ്യമദ്യപാനം; വിശദീകരണവുമായി തലശ്ശേരി പൊലീസ് "
english_title: "Thalassery police provide explanation for Kodi Suni and his gang's drinking spree"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306550/thalassery-police-provide-explanation-for-kodi-suni-and-his-gangs-drinking-spree"
published_at: "2025-08-05T09:47:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/689185eec01b5_WhatsApp_Image_2025-08-05_at_9.47.44_AM.jpeg"
keywords: []
---

# 'സ്വമേധയാ കേസെടുക്കാൻ തെളിവില്ല', കൊടി സുനിയുടെയും സംഘത്തിന്‍റെയും പരസ്യമദ്യപാനം; വിശദീകരണവുമായി തലശ്ശേരി പൊലീസ് 

> **Lead Summary:** **കണ്ണൂര്‍:** ടിപി ചന്ദ്രശേഖരൻ കൊലപാതക കേസ് പ്രതികളുടെ പരസ്യ മദ്യപാനത്തിൽ കേസെടുക്കാത്തതിൽ വിശദീകരണവുമായി തലശ്ശേരി പൊലീസ്. കൊടി സുനിയും സംഘവും പൊതുസ്ഥലത്ത് മദ്യപിച്ച സംഭവത്തിൽ സ്വമേധയാ പൊലീസിന് കേസെടുക്കാൻ തെളിവില്ലെന്നും ആര്‍ക്കും പരാതിയില്ലെന്നുമാണ് പൊലീസ് പറയുന്നത്. കഴിച്ചത് മദ്യം ആണെന്ന് തെളിയിക്കാൻ പറ്റാതെ കേസ് നിൽക്കില്ലെന്നുമാണ് പൊലീസിന്‍റെ വാദം.

## Article Content

**കണ്ണൂര്‍:** ടിപി ചന്ദ്രശേഖരൻ കൊലപാതക കേസ് പ്രതികളുടെ പരസ്യ മദ്യപാനത്തിൽ കേസെടുക്കാത്തതിൽ വിശദീകരണവുമായി തലശ്ശേരി പൊലീസ്. കൊടി സുനിയും സംഘവും പൊതുസ്ഥലത്ത് മദ്യപിച്ച സംഭവത്തിൽ സ്വമേധയാ പൊലീസിന് കേസെടുക്കാൻ തെളിവില്ലെന്നും ആര്‍ക്കും പരാതിയില്ലെന്നുമാണ് പൊലീസ് പറയുന്നത്. കഴിച്ചത് മദ്യം ആണെന്ന് തെളിയിക്കാൻ പറ്റാതെ കേസ് നിൽക്കില്ലെന്നുമാണ് പൊലീസിന്‍റെ വാദം.

അതേസമയം, ഇന്ന് കണ്ണൂരിലെത്തുന്ന ഡിജിപി റവാഡ ചന്ദ്രശേഖർ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി യോഗംചേരും. കൊടി സുനിയുടെ മദ്യപാനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിജസ്ഥിതി തേടും. പൊലീസ് കാവലിൽ മദ്യപിച്ചത് സേനയ്ക്ക് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. കേസെടുക്കാത്ത പൊലീസ് നടപടിയെ ന്യായീകരിച്ച് നേരത്തെ സിപിഎം നേതൃത്വം രംഗത്തെത്തിയിരുന്നു.

വീഴ്ച്ചയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തുവെന്ന് സ്പീക്കർ എ എൻ ഷംസീറും പി ജയരാജനും പ്രതികരിച്ചു. അതേസമയം, പരോൾ ഉൾപ്പടെ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണ് ടി പി വധക്കേസ് പ്രതികൾക്കെതിരെ കേസെടുക്കാത്തതെന്ന് എംഎൽഎ കെ കെ രമ ആരോപിച്ചു. തടവുപുള്ളികള്‍ അച്ചടക്കം പാലിക്കാൻ ബാധ്യസ്ഥരാണെന്നും കൊടിയാണെങ്കിലും വടിയാണെങ്കിലും നടപടിയുണ്ടാകുമെന്നായിരുന്നു കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതിയംഗമായ പി ജയരാജന്‍റെ പ്രതികരണം.

എന്നാല്‍, വടിയെടുത്തത് പൊലീസിനെതിരെ മാത്രമാണ്. കൊടി സുനിക്കെതിരെ കേസെടുക്കുന്നതിൽ പി ജയരാജന് മൗനമാണ്. പൊലീസ് സേനക്കാകെ നാണക്കേടായ സംഭവം പുറത്ത് വന്നിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് തലശ്ശേരി എഎസ്പിയും സംഘവും സ്വീകരിച്ചത്. തലശേരിയിൽ വെച്ചുണ്ടായ സംഭവത്തിൽ അത് സർക്കാ‍ർ നടപടി എടുത്തല്ലോ എന്നായിരുന്നു സ്ഥലം എംഎൽഎ കൂടിയായ സ്പീക്കർ എ എൻ ഷംസീറിന്റെ പ്രതികരണം.

കഴിഞ്ഞ ജൂണ്‍ പതിനേഴാം തീയതി സംഭവം ഉണ്ടായിട്ടും ടി പി ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരടങ്ങുന്ന സംഘത്തിന് സംരക്ഷണമൊരുക്കുന്നതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഈ വിവാദങ്ങൾക്കിടയിലും ടി പി വധക്കേസിലെ മുഖ്യപ്രതികളിരൊളായ ടി കെ രജീഷിന് പരോൾ അനുവദിച്ചു. പി ജയരാജനടക്കം സിപിഎം നേതാക്കൾ ഉപദേശക സമിതിയായ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ടി കെ രജീഷിനും പരോൾ.

തലശ്ശേരിയിൽ വെച്ചാണ് കൊടി സുനി, മുഹമ്മദ്‌ ഷാഫി, ഷിജിത്ത് എന്നിവർ മദ്യപിച്ചത്. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ ഇവർക്ക് മദ്യം എത്തിച്ചു നൽകിയവർക്കെതിരെയും അന്വേഷണമില്ല. സംഭവം മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ നൽകി ഒതുക്കാനാണ് പൊലീസിന്‍റെ ശ്രമം. പൊലീസിന്‍റെ ഒത്താശ പരോൾ നിഷേധിക്കാതിരിക്കാനാണ് എന്നാണ് ഉയരുന്ന ആരോപണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306550/thalassery-police-provide-explanation-for-kodi-suni-and-his-gangs-drinking-spree)