---
title: "നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം, രണ്ട് മക്കള്‍ക്ക് ഗുരുതര പരിക്ക് "
english_title: "Young man dies tragically after losing control of scooter and overturning in Kumily two children seriously injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306538/young-man-dies-tragically-after-losing-control-of-scooter-and-overturning-in-kumily-two-children-seriously-injured"
published_at: "2025-08-05T08:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891754714550_accident.jpg"
keywords: []
---

# നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം, രണ്ട് മക്കള്‍ക്ക് ഗുരുതര പരിക്ക് 

> **Lead Summary:** **കുമളി: ** കുമളിയിൽ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ചെങ്കര ശങ്കരഗിരി കപ്പയില്‍ അരുണ്‍ ആണ് മരിച്ചത്. അപകടത്തിൽ രണ്ട് മക്കള്‍ക്ക് പരിക്കേറ്റു. നന്ദു, ഗൗരി എന്നിവരെ പരിക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**കുമളി: ** കുമളിയിൽ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ചെങ്കര ശങ്കരഗിരി കപ്പയില്‍ അരുണ്‍ ആണ് മരിച്ചത്. അപകടത്തിൽ രണ്ട് മക്കള്‍ക്ക് പരിക്കേറ്റു. നന്ദു, ഗൗരി എന്നിവരെ പരിക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകീട്ട് സ്‌കൂളില്‍നിന്ന് മക്കളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുന്ന വഴിയായിരുന്നു അപകടം. പുല്ലുമേട്-ചെങ്കര റോഡില്‍ വലിയ ഇറക്കവും കൊടുംവളവുമുള്ള ഭാഗത്ത് സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് സമീപത്തെ തേയിലത്തോട്ടത്തിലേക്ക് പതിക്കുകയായിരുന്നു. അരുണ്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. അരുണിന്റെ ഭാര്യ പ്രന്‍സി കഴിഞ്ഞ ദിവസമാണ് അവധി കഴിഞ്ഞ് ദുബായിലെ ജോലിസ്ഥലത്തേക്ക് മടങ്ങിയത്. നന്ദുവും ഗൗരിയും മേരികുളം സെയ്ന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.

മറ്റൊരു സംഭവത്തിൽ, കോഴിക്കോട് ആറംഗ കുടുംബം യാത്ര ചെയ്യുകയായിരുന്ന വാഹനം ദേശീയ പാതയില്‍ വച്ച് കത്തിയമര്‍ന്നു. ദേശീയ പാത 66ല്‍ രാമനാട്ടുകര കാക്കഞ്ചേരിയില്‍ വച്ചാണ് അപകടമുണ്ടായത്. ടാറ്റ ഏസ് വാഹനമാണ് കത്തി നശിച്ചത്. ഫറോക്കില്‍ നിന്ന് വേങ്ങരയിലേക്ക് യാത്ര തിരിച്ച കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.

ഓടിക്കൊണ്ടിരിക്കേ വാഹനത്തില്‍ നിന്ന് കൂടുതല്‍ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ റോഡിന് സമീപത്തായി ഒതുക്കി നിര്‍ത്തി. വാഹനം ഓടിച്ചിരുന്ന ഫറോക്ക് ചുങ്കം സ്വദേശി കെ മുഹമ്മദും മറ്റുള്ളവരും പുറത്തിറങ്ങിയ ഉടനെ തീ ആളിപ്പടര്‍ന്നു. മീഞ്ചന്തയില്‍ നിന്നും അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയാണ് തീ അണച്ചത്.

മറ്റൊരു സംഭവത്തിൽ ഇടുക്കി തിങ്കൾകാട്ടിൽ ആറു വയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അസാം സ്വദേശി കൃഷ്ണന്‍റെ മകൾ കൽപ്പനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കുട്ടി ചികിത്സ തേടിയിരുന്നു. മാതാപിതാക്കൾ കുട്ടിയെ കാറിനുള്ളിൽ ഇരുത്തി ഏലത്തോട്ടത്തിൽ ജോലിക്ക് പോയതായിരുന്നു. തിരികെ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ഇല്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306538/young-man-dies-tragically-after-losing-control-of-scooter-and-overturning-in-kumily-two-children-seriously-injured)