---
title: "കൊടി സുനിയുടെ വിചാരണ വീഡിയോ കോണ്‍ഫറന്‍സ് വഴി; തീരുമാനം 'പോലീസ് കാവലിലെ' മദ്യപാനത്തിന് പിന്നാലെ"
english_title: "Kodi Suni's trial to be held via video conference; decision comes after drinking in 'police custody'"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306531/kodi-sunis-trial-to-be-held-via-video-conference-decision-comes-after-drinking-in-police-custody-"
published_at: "2025-08-05T07:07:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/689162c489be4_suni.jpg"
keywords: []
---

# കൊടി സുനിയുടെ വിചാരണ വീഡിയോ കോണ്‍ഫറന്‍സ് വഴി; തീരുമാനം 'പോലീസ് കാവലിലെ' മദ്യപാനത്തിന് പിന്നാലെ

> **Lead Summary:** **തലശ്ശേരി: ** പരോള്‍വ്യവസ്ഥ ലംഘിച്ചതിനെത്തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടിച്ച ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയെ മറ്റൊരു കൊലക്കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്ക് തിങ്കളാഴ്ച തലശ്ശേരി കോടതിയില്‍ ഹാജരാക്കിയില്ല.

## Article Content

**തലശ്ശേരി: ** പരോള്‍വ്യവസ്ഥ ലംഘിച്ചതിനെത്തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടിച്ച ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയെ മറ്റൊരു കൊലക്കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്ക് തിങ്കളാഴ്ച തലശ്ശേരി കോടതിയില്‍ ഹാജരാക്കിയില്ല.

ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ ഈസ്റ്റ് പള്ളൂര്‍ പൂശാരിക്കോവിലിന് സമീപം മടോമ്മല്‍ക്കണ്ടി വിജിത്ത് (28), കുറുന്തോടത്ത് ഹൗസില്‍ ഷിനോജ് (29) എന്നിവരെ കൊലപ്പെടുത്തിയ കേസന്റെ വിചാരണയ്ക്കാണ് കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരെ ജയിലില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഹാജരാക്കിയത്. കേസില്‍ രണ്ടാംപ്രതിയാണ് സുനി. ഷാഫി നാലാംപ്രതിയും ഷിനോജ് 13-ാം പ്രതിയുമാണ്.

കേസിന്റെ വിചാരണയ്ക്ക് തലശ്ശേരിയിലെത്തിച്ചപ്പോള്‍ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇവര്‍ മദ്യപിച്ചെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതോടെയാണ് മൂന്നുപേരെയും കോടതിയില്‍ നേരിട്ട് ഹാജരാക്കാതെ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഹാജരാക്കിയത്.

കൊലക്കേസിന്റെ അന്തിമവാദം തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ.ജോസ് മുമ്പാകെ നടക്കുകയാണ്. 2010 മേയ് 28-ന് രാവിലെ 11-ന് ന്യൂമാഹി പെരിങ്ങാടി റോഡില്‍ കല്ലായില്‍വെച്ചാണ് വിജിത്ത്, ഷിനോജ് എന്നിവരെ കൊലപ്പെടുത്തിയത്. മാഹി കോടതിയില്‍ ഹാജരാക്കി തിരിച്ചു കൊണ്ടുവരുമ്പോള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ബോംബെറിഞ്ഞ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

സിപിഎം പ്രവര്‍ത്തകരായ പള്ളൂര്‍ കോയ്യോട് തെരുവിലെ ടി. സുജിത്ത് (36), മീത്തലെച്ചാലില്‍ എന്‍.കെ. സുനില്‍കുമാര്‍ (കൊടി സുനി-40), നാലുതറയിലെ ടി.കെ. സുമേഷ് (43), ചൊക്ലി പറമ്പത്ത് ഹൗസില്‍ കെ.കെ. മുഹമ്മദ് ഷാഫി (39), പള്ളൂരിലെ ടി.പി. ഷമില്‍ (37), കവിയൂരിലെ എ.കെ. ഷമ്മാസ് (35), ഈസ്റ്റ് പള്ളൂരിലെ കെ.കെ. അബ്ബാസ് (35), ചെമ്പ്രയിലെ രാഹുല്‍ (33), നാലുതറ കുന്നുമ്മല്‍വീട്ടില്‍ വിനീഷ് (44), സി.കെ. രജികാന്ത്, നാലുതറ പടിഞ്ഞാറെപാലുള്ളതില്‍ പി.വി. വിജിത്ത് (40), മുഹമ്മദ് രജീസ്, പള്ളൂര്‍ കിണറ്റിങ്കല്‍ കെ. ഷിനോജ് (36), ന്യൂമാഹി അഴീക്കല്‍ മീത്തലെ ഫൈസല്‍ (42), ഒളവിലം കാട്ടില്‍ പുതിയവീട്ടില്‍ സരീഷ് (40), ചൊക്ലി തവക്കല്‍ മന്‍സില്‍ ടി.പി. സജീര്‍ (38) എന്നിവരാണ് പ്രതികള്‍. സി.കെ. രജികാന്ത്, മുഹമ്മദ് രജീസ് എന്നിവര്‍ മരിച്ചു. കേസില്‍ പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി പി. പ്രേമരാജനാണ് ഹാജരാകുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306531/kodi-sunis-trial-to-be-held-via-video-conference-decision-comes-after-drinking-in-police-custody-)