---
title: "ആരോപണ നാടകം പൊളിഞ്ഞു, വെജ് ബിരിയാണിയിൽ എല്ലിൻ കഷ്ണമെന്ന് ഒരു സംഘം, ഉടായിപ്പ് പൊളിച്ച്‌ സിസിടിവി ദൃശ്യങ്ങൾ"
english_title: "clash broke out at a hotel in Uttar Pradesh over allegations that a piece of bone was found in the veg biryani"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306457/clash-broke-out-at-a-hotel-in-uttar-pradesh-over-allegations-that-a-piece-of-bone-was-found-in-the-veg-biryani"
published_at: "2025-08-04T16:31:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68909376dd405_drama.jpg"
keywords: []
---

# ആരോപണ നാടകം പൊളിഞ്ഞു, വെജ് ബിരിയാണിയിൽ എല്ലിൻ കഷ്ണമെന്ന് ഒരു സംഘം, ഉടായിപ്പ് പൊളിച്ച്‌ സിസിടിവി ദൃശ്യങ്ങൾ

> **Lead Summary:** ഉത്തർപ്രദേശിൽ വെജ് ബിരിയാണിയിൽ നിന്ന് എല്ലിൻ കഷ്ണം കിട്ടിയെന്ന് ആരോപിച്ച് ഹോട്ടലിൽ നടത്തിയ സംഘർഷ നാടകം പൊളിഞ്ഞു. യുപിയിലെ ഗോരഖ്പൂരിലെ ശാസ്ത്രി ചൗക്കിലുള്ള ബിരിയാണി ബേ റെസ്റ്റോറന്‍റിലാണ് സംഭവം. ആരോപണം ഉന്നയിച്ച സംഘം മനപൂർവ്വം ബിരിയാണിയിലേക്ക് എല്ലിൻ കഷ്ണം ഇടുകയായിരുന്നുവെന്ന് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞു. പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

ഉത്തർപ്രദേശിൽ വെജ് ബിരിയാണിയിൽ നിന്ന് എല്ലിൻ കഷ്ണം കിട്ടിയെന്ന് ആരോപിച്ച് ഹോട്ടലിൽ നടത്തിയ സംഘർഷ നാടകം പൊളിഞ്ഞു. യുപിയിലെ ഗോരഖ്പൂരിലെ ശാസ്ത്രി ചൗക്കിലുള്ള ബിരിയാണി ബേ റെസ്റ്റോറന്‍റിലാണ് സംഭവം. ആരോപണം ഉന്നയിച്ച സംഘം മനപൂർവ്വം ബിരിയാണിയിലേക്ക് എല്ലിൻ കഷ്ണം ഇടുകയായിരുന്നുവെന്ന് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞു. പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂലൈ 31 ന് രാത്രിയാണ് സംഭവം നടന്നത്. 12 പേരടങ്ങുന്ന സംഘം അത്താഴം കഴിക്കാൻ റെസ്റ്റോറന്‍റിൽ എത്തി. സംഘത്തിലെ ചിലർ വെജിറ്റേറിയൻ ഭക്ഷണവും മറ്റുള്ളവർ നോൺ-വെജിറ്റേറിയൻ വിഭവങ്ങളും ഓർഡർ ചെയ്തു. ഭക്ഷണം കഴിക്കുന്നതിനിടെ, ഒരാൾ പെട്ടെന്ന് ബഹളം വെയ്ക്കാൻ തുടങ്ങി. വെജ് ഭക്ഷണത്തിൽ നിന്ന് എല്ല് കിട്ടിയെന്ന് ആരോപിച്ച് റെസ്റ്റോറന്റിനെ കുറ്റപ്പെടുത്താൻ തുടങ്ങി. സാവൻ മാസത്തിൽ സസ്യാഹാരത്തിൽ മാംസം കലർത്തി മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ചു.

ഇതോടെ റെസ്റ്റോറന്‍റിൽ വളരെ വേഗം സംഘർഷാന്തരീക്ഷം ഉടലെടുത്തു. റെസ്റ്റോറന്‍റ് ഉടമ രവികർ സിങ് ഇടപെട്ട് ബര്ഷണം കഴിക്കാനെത്തിയവരെ ശാന്തരാക്കാൻ ശ്രമിച്ചു. എന്നാൽ തർക്കം തുടർന്നതോടെ ഹോട്ടലുടമ പൊലീസിനെ വിളിച്ചു. വെജ്, നോൺ-വെജ് വിഭവങ്ങൾ പ്രത്യേകം തയ്യാറാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കഴിച്ചതിന്‍റെ പണം നൽകാതിരിക്കാനുള്ള നാടകമാണിതെന്നും അദ്ദേഹം ആരോപിച്ചു.

പൊലീസ് സ്ഥലത്തെത്തി റെസ്റ്റോറന്‍റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. വീഡിയോ ദൃശ്യങ്ങൾ ഹോട്ടലുടമ പുറത്തുവിടുകയും ചെയ്തു. സംഘത്തിലെ ഒരാൾ നോൺ-വെജ് പ്ലേറ്റിൽ നിന്ന് എല്ല് എടുത്ത് കൈമാറുന്നതും വെജ് പ്ലേറ്റിൽ വയ്ക്കുന്നതുമായ ദൃശ്യമാണ് പുറത്തുവന്നത്. നിയമപരമായി നീങ്ങുമെന്ന് റെസ്റ്റോറന്‍റ് ഉടമ പറഞ്ഞു. അതേസമയം പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306457/clash-broke-out-at-a-hotel-in-uttar-pradesh-over-allegations-that-a-piece-of-bone-was-found-in-the-veg-biryani)