---
title: "സിനിമ കോൺക്ലേവിലെ വിവാദ പരാമർശം; അടൂർ ഗോപാലകൃഷ്ണനെതിരെ പൊലീസിൽ പരാതി"
english_title: "Controversial remark at film conclave Complaint filed with police against Adoor Gopalakrishnan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306374/controversial-remark-at-film-conclave-complaint-filed-with-police-against-adoor-gopalakrishnan"
published_at: "2025-08-04T11:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689051436dcfc_fgdfgfd.jpg"
keywords: []
---

# സിനിമ കോൺക്ലേവിലെ വിവാദ പരാമർശം; അടൂർ ഗോപാലകൃഷ്ണനെതിരെ പൊലീസിൽ പരാതി

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** സിനിമ കോൺക്ലേവ് സമാപന ചടങ്ങിലെ വിവാദ പരാമർശത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ പൊലീസിൽ പരാതി. സാമൂഹിക പ്രവർത്തകൻ ദിനു വെയിലാണ് മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയത്. അടൂരിന്റെ പരാമർശങ്ങൾ എസ്‌സി - എസ്ടി ആക്ട് പ്രകാരം കുറ്റകരമെന്നാണ് പരാതിയിൽ പറയുന്നത്. എസ്‌സി - എസ്ടി കമ്മിഷനും ദിനു വെയിൽ പരാതി നൽകി.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** സിനിമ കോൺക്ലേവ് സമാപന ചടങ്ങിലെ വിവാദ പരാമർശത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ പൊലീസിൽ പരാതി. സാമൂഹിക പ്രവർത്തകൻ ദിനു വെയിലാണ് മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയത്. അടൂരിന്റെ പരാമർശങ്ങൾ എസ്‌സി - എസ്ടി ആക്ട് പ്രകാരം കുറ്റകരമെന്നാണ് പരാതിയിൽ പറയുന്നത്. എസ്‌സി - എസ്ടി കമ്മിഷനും ദിനു വെയിൽ പരാതി നൽകി.

പട്ടികജാതി വിഭാഗത്തില്‍നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. ചലച്ചിത്ര കോര്‍പറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അടൂരിനെ പിന്തുണച്ചും എതിർത്തും ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തിയത്. ഇന്നലെ അടൂരിന്റെ പ്രസംഗത്തിനിടെ വേദിയിൽ നിന്നു തന്നെ പ്രതിഷേധം ഉയർന്നിരുന്നു.

സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണൻ്റെ വിവാദ പരാമർശത്തെ ന്യായീകരിച്ച് മന്ത്രി വിഎൻ വാസവൻ. അടൂരിൻ്റെ പരാമർശം ദുരുദ്ദേശത്തോടെയെന്ന് കരുതുന്നില്ലെന്നും വളച്ചൊടിച്ചു വിവാദമാക്കിയെന്നും മന്ത്രി പറഞ്ഞു. സർക്കാർ സ്ത്രീകൾക്കും എസ്‍സി- എസ് ടി വിഭാഗങ്ങൾക്കുമൊപ്പമാണെന്നും മന്ത്രി വിഎൻ വാസവൻ പറഞ്ഞു. അതേസമയം, വിഎൻ വാസവൻ ന്യായീകരിച്ചപ്പോൾ അടൂരിൻ്റെ പരാമർശത്തെ തള്ളിയാണ് മന്ത്രി ബിന്ദുവിൻ്റെ പ്രതികരണം.

നീതി നിഷേധിക്കപ്പെട്ടവർക്ക് അതുറപ്പാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിലുണ്ട്. സ്ത്രീകൾക്കും പട്ടികജാതി വിഭാഗങ്ങളിലുള്ളവർക്കും അവരുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നത് ആവശ്യമായ ഫണ്ട് സർക്കാർ നൽകുന്നതിൽ തെറ്റില്ല. സിനിമ നിർമിക്കുക പണച്ചെലവേറിയ പ്രക്രിയയാണ്. അതിനായി ഫണ്ട് നൽകുന്നതിൽ ഒരു തെറ്റുമില്ല. സാംസ്കാരിക വകുപ്പിന്റെ ഏറ്റവും നല്ല പദ്ധതി ആണിത്. ക്യാമറയുടെ നോട്ടം എന്നും പുരുഷ നോട്ടം ആണ്. അതിനു ബദൽ നോട്ടം വേണം. അതിനായുള്ള ഇടം നമ്മൾ ഉണ്ടാക്കിയെടുക്കണമെന്നും മന്ത്രി ബിന്ദു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306374/controversial-remark-at-film-conclave-complaint-filed-with-police-against-adoor-gopalakrishnan)