---
title: "ഇനിയില്ല; കണ്ണൂരിന്റെ ആരോഗ്യം കാത്ത രണ്ടുരൂപ ഡോക്ടർ എ കെ രൈരു ഗോപാൽ വിടവാങ്ങി"
english_title: "Popular doctor A.K. Rairu Gopal of Kannur passes away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306179/popular-doctor-ak-rairu-gopal-of-kannur-passes-away"
published_at: "2025-08-03T10:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688ee8e035905_randdd.jpg"
keywords: []
---

# ഇനിയില്ല; കണ്ണൂരിന്റെ ആരോഗ്യം കാത്ത രണ്ടുരൂപ ഡോക്ടർ എ കെ രൈരു ഗോപാൽ വിടവാങ്ങി

> **Lead Summary:** **കണ്ണൂർ:** കണ്ണൂരിലെ ജനകീയ ഡോക്ടർ എ കെ രൈരു ഗോപാൽ അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് വീട്ടിൽ വെച്ചാണ് അന്ത്യം. രോഗികളിൽ നിന്ന് രണ്ട് രൂപ ഫീസ് മാത്രം വാങ്ങിയായിരുന്നു ചികിത്സ. ഇതിനാൽ രണ്ടുരൂപ ഡോക്ടർ എന്നാണ് അറിയപ്പെട്ടിരുന്നത്. 50 വർഷത്തിനിടെ 18 ലക്ഷം രോഗികളെ ചികിത്സിച്ചിട്ടുണ്ട്.

## Article Content

**കണ്ണൂർ:** കണ്ണൂരിലെ ജനകീയ ഡോക്ടർ എ കെ രൈരു ഗോപാൽ അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് വീട്ടിൽ വെച്ചാണ് അന്ത്യം. രോഗികളിൽ നിന്ന് രണ്ട് രൂപ ഫീസ് മാത്രം വാങ്ങിയായിരുന്നു ചികിത്സ. ഇതിനാൽ രണ്ടുരൂപ ഡോക്ടർ എന്നാണ് അറിയപ്പെട്ടിരുന്നത്. 50 വർഷത്തിനിടെ 18 ലക്ഷം രോഗികളെ ചികിത്സിച്ചിട്ടുണ്ട്.

‘എന്‍റെ ജോലി ചെയ്യാനുള്ള ആരോഗ്യം ഇന്നെനിക്കില്ല. അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിർത്തുകയാണ് -ഡോക്ടർ രൈരു ഗോപാൽ...’ ആതുരസേവനം കച്ചവടമാകുന്ന കാലത്ത് 50 വർഷത്തിലേറെ രോഗികൾക്കൊപ്പം ജീവിച്ച ഡോക്ടർ സ്വന്തം കൈപ്പടയി​ൽ ഇങ്ങനെയൊരു ബോർഡ് ഗേറ്റിൽ തൂക്കിയാണ് ലളിതമായി ജോലിയിൽനിന്ന് വിരമിച്ചത്.

കണ്ണൂരുകാർക്ക് ഡോ. രൈരു ഗോപാൽ രണ്ടുരൂപ ഡോക്ടറാണ്. 18 ലക്ഷം രോഗികൾക്ക് മരുന്നിനൊപ്പം സ്നേഹവും കുറിച്ചുകൊടുത്താണ് അദ്ദേഹം വിശ്രമജീവിതത്തിലേക്ക് കടന്നത്. കൂലിപ്പണിക്കാരുടെയും തുച്ഛ വരുമാനമുള്ള തൊഴിലാളികളുടെയും ജോലി മുടങ്ങാതിരിക്കാൻ തന്‍റെ പരിശോധന സമയം ക്രമപ്പെടുത്തിയ ഡോക്ടർ ഒരുപക്ഷെ ലോകത്തെവിടെയും ഉണ്ടാകില്ല.

രൈരു ഗോപാലിന്‍റെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരിച്ചുകയറിയവരും മാറാരോഗങ്ങൾ ഭേദപ്പെട്ടവരും നിരവധി. നാടും നഗരവും വ്യത്യാസമില്ലാതെ ഡോക്ടർമാർ നാനൂറും അഞ്ഞൂറും രൂപ ഫീസായും അതിലുമേറെ തുക മരുന്നിനത്തിലും ഈടാക്കുമ്പോഴാണ് രൈരു ഗോപാൽ രണ്ടുരൂപ ഡോക്ടറുടെ മാലാഖക്കുപ്പായമണിയുന്നത്.

മരുന്നും പരിശോധനയും അടക്കം നാൽപതോ അമ്പതോ രൂപ മാത്രമാണ് രോഗികളിൽനിന്ന് വാങ്ങുക. പണമില്ലാത്തവർക്ക് സൗജന്യചികിത്സയും. സൗജന്യനിരക്കിൽ കണ്ണൂരിന്‍റെ ആരോഗ്യം കാത്ത ജനപ്രിയ ഡോക്ടർ ജോലി നിർത്തിയപ്പോൾ ഇങ്ങനെയൊരാൾ ഇനിയുണ്ടാവില്ലെന്നാണ് കണ്ണൂരുകാർ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306179/popular-doctor-ak-rairu-gopal-of-kannur-passes-away)