---
title: "കോഴിക്കോട് ഫറൂഖിൽ വാഹനാപകടം; സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ടു, ബസ്സിനടിയിൽപ്പെട്ട് യുവതി മരിച്ചു  "
english_title: "accident in Kozhikode Farook Woman dies after losing control while overtaking private bus"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306148/accident-in-kozhikode-farook-woman-dies-after-losing-control-while-overtaking-private-bus"
published_at: "2025-08-02T22:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688e47e8c025b_accident.jpg"
keywords: []
---

# കോഴിക്കോട് ഫറൂഖിൽ വാഹനാപകടം; സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ടു, ബസ്സിനടിയിൽപ്പെട്ട് യുവതി മരിച്ചു  

> **Lead Summary:** കോഴിക്കോട് ഫാറൂഖ് കോളേജിന് സമീപം സ്കൂട്ടർ സ്വകാര്യ ബസ്സിനടിയിൽപ്പെട്ട് അപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവതി മരിച്ചു. ഫാറൂഖ് കോളേജ് പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ കുതിരവട്ടം സ്വദേശിനി ചെമ്പകശ്ശേരി മീത്തൽ അക്ഷരയാണ് മരിച്ചത്. ഇന്നലെ രാവിലെ 8:40നാണ് അപകടം.

## Article Content

കോഴിക്കോട് ഫാറൂഖ് കോളേജിന് സമീപം സ്കൂട്ടർ സ്വകാര്യ ബസ്സിനടിയിൽപ്പെട്ട് അപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവതി മരിച്ചു. ഫാറൂഖ് കോളേജ് പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ കുതിരവട്ടം സ്വദേശിനി ചെമ്പകശ്ശേരി മീത്തൽ അക്ഷരയാണ് മരിച്ചത്. ഇന്നലെ രാവിലെ 8:40നാണ് അപകടം.

രാമനാട്ടുകരയിൽ നിന്നും ഫാറൂഖ് കോളേജ് വഴി മാവൂരിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മെഹറൂസ് ബസ്സിനെ മറികടക്കുന്നതിനിടെ എതിരേ വന്ന മറ്റൊരു സ്‌കൂട്ടറിൽ തട്ടി നിയന്ത്രണം വിട്ട് ബസ്സിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് ഉടൻ തന്നെ അക്ഷര മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

മറ്റൊരു സംഭവത്തിൽ, കോഴിക്കോട് നഗരത്തിൽ ഫ്രാൻസിസ് റോഡ് മേൽപാലത്തിനു സമീപം വ്യാഴാഴ്ച പുലർച്ചെ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റ സംഭവത്തിൽ 2 പേർ മരിച്ചു. കല്ലായിൽ നിന്നു സൗത്ത് ബീച്ചിലേക്കു പോയ ബൈക്കും എതിരെ വന്ന സ്കൂട്ടറുമാണ് ഇടിച്ചത്.

അപകടത്തിൽ ബൈക്ക് യാത്രക്കാരായ കല്ലായി കട്ടയാട്ട്പറമ്പ് പള്ളിക്കു സമീപം ഫാത്തിമ കോട്ടേജിൽ ആർ.എം.അഫ്ന (20), സുഹൃത്ത് മാങ്കാവ് കാളൂർ റോഡ് പറമണ്ണിൽ മഹൽ (23) എന്നിവരാണു മരിച്ചത്. അഫ്ന സംഭവ ദിവസവും മഹൽ ഇന്നലെയും മരിച്ചു. അപകടത്തിൽ പരുക്കേറ്റ അത്തോളി സ്വദേശി യാസിൻ (28), സ്കൂട്ടർ യാത്രക്കാരനായ പാലക്കാട് മണ്ണാർക്കാട് സ്വദേശി കണ്ണമംഗലം കളത്തിൽ ഷാഫി (42) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇടിയുടെ ആഘാതത്തിൽ അഫ്ന ബൈക്കിൽ നിന്നു തെറിച്ചു വീണു സമീപത്തെ വൈദ്യുത തൂണിൽ തല ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഹൽ ഇന്നലെ രാവിലെ 10.25 ന് ആണ് മരിച്ചത്. അഫ്നയും മഹലും മാങ്കാവ് ഇൻസ്റ്റ മാർട്ട് ജീവനക്കാരാണ്. മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ചെമ്മങ്ങാട് പൊലീസ് ഇൻസ്പെക്ടർ കെ.എസ്.അജേഷ് പറഞ്ഞു. ചക്കുംകടവ് സ്വദേശി ഹംസക്കോയയുടേയും തണ്ണിച്ചാൽ റഷീദയുടെയും മകളാണ് അഫ്ന. സഹോദരി: താരിഷ. കാളൂർ റോഡ് പറമണ്ണിൽ പരേതനായ ദിനേശന്റെയും രേഷ്മയുടെയും മകനാണ് മഹൽ. സഹോദരൻ: അദ്വൈത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306148/accident-in-kozhikode-farook-woman-dies-after-losing-control-while-overtaking-private-bus)