---
title: "'കോഴിക്കോട് വെച്ചും സുഹൃത്തിന്റെ വീട്ടിൽ വെച്ചും പീഡിപ്പിച്ചു, തറയിലെ കിടക്കയിൽവെച്ച് അനുവാദമില്ലാതെ ചുംബിച്ചു'; വേടനെതിരായ പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്"
english_title: "More details of rape complaint against rapper Vedan revealed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/305670/more-details-of-rape-complaint-against-rapper-vedan-revealed"
published_at: "2025-07-31T13:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688b2736dd48d_vedan.jpg"
keywords: []
---

# 'കോഴിക്കോട് വെച്ചും സുഹൃത്തിന്റെ വീട്ടിൽ വെച്ചും പീഡിപ്പിച്ചു, തറയിലെ കിടക്കയിൽവെച്ച് അനുവാദമില്ലാതെ ചുംബിച്ചു'; വേടനെതിരായ പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

> **Lead Summary:** **കൊച്ചി: ** റാപ്പർ വേടനെതിരായ ബലാത്സം​ഗ പരാതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ അഞ്ച് സന്ദർഭങ്ങളിലായി കോഴിക്കോട്, കൊച്ചി ഏലൂരിലെ സുഹൃത്തിന്റെ വീട്, തന്റെ ഫ്ലാറ്റ് എന്നിവിടങ്ങളിൽവെച്ച് പീഡിപ്പിച്ചതായാണ് യുവ ഡോക്ടറുടെ പരാതി. വേടനുമായി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും താൻ മാനസികമായി തകർന്നുപോയെന്നും പരാതിയിൽ പറയുന്നു.

## Article Content

**കൊച്ചി: ** റാപ്പർ വേടനെതിരായ ബലാത്സം​ഗ പരാതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ അഞ്ച് സന്ദർഭങ്ങളിലായി കോഴിക്കോട്, കൊച്ചി ഏലൂരിലെ സുഹൃത്തിന്റെ വീട്, തന്റെ ഫ്ലാറ്റ് എന്നിവിടങ്ങളിൽവെച്ച് പീഡിപ്പിച്ചതായാണ് യുവ ഡോക്ടറുടെ പരാതി. വേടനുമായി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും താൻ മാനസികമായി തകർന്നുപോയെന്നും പരാതിയിൽ പറയുന്നു.

വേടന്റെ ആരാധികയായിരുന്നു യുവതി. ആൽബങ്ങളും പാട്ടുകളും കണ്ട് ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയക്കുകയായിരുന്നു. വേടൻ നൽകിയ അഭിമുഖങ്ങളിലെ ചില തെറ്റുകളൊക്കെ ചൂണ്ടിക്കാട്ടി തിരുത്തിക്കൊണ്ടായിരുന്നു മെസ്സേജ് അയച്ചത്. തുടർന്ന് തന്നെ പരിചയപ്പെടണമെന്നാവശ്യപ്പെട്ട് വേടൻ കോഴിക്കോട്ടേക്ക് വരികയായിരുന്നു.

2021 ഓഗസ്റ്റിൽ കോഴിക്കോട് താൻ താമസിച്ചിരുന്ന സ്ഥലത്തേക്ക് വേടൻ വന്നു. അന്ന് തറയിൽ ബെഡ് ഇട്ടാണ് വേടൻ ഇരുന്നത്. ഇരുന്നുകൊണ്ട് തന്നോട് സംസാരിക്കുന്നതിനിടെ തന്റെ അനുമതിയില്ലാതെ വേടൻ തന്നെ ചുംബിച്ചുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. തുടർന്ന് മൂന്ന് ദിവസം തന്നോടൊപ്പം വേടൻ അവിടെ താമസിച്ചുവെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. വേടനുമായുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകളും യുവതി പോലീസിന് കൈമാറിയിട്ടുണ്ട്.

ആ സമയത്ത് വേടൻ അധികം സാമ്പത്തിക ശേഷി ഉണ്ടായിരുന്ന ആളായിരുന്നില്ല. വലിയ പ്രശസ്തിയൊന്നും വേടനുണ്ടായിരുന്നില്ല. 2021 മുതൽ 2023 വരെയുള്ള കാലയളവിൽ പലപ്പോഴായി തന്റെ പക്കൽനിന്ന് വേടൻ പണം വാങ്ങിയിട്ടുണ്ടെന്നും യുവതി പറയുന്നു. ആദ്യം കോഴിക്കോട്ടുവെച്ചും പിന്നീട് ഏലൂരിലെ ഒരു സുഹൃത്തിന്റെ വീട്ടിൽവെച്ചും കൊച്ചിയിൽ തന്റെ താമസസ്ഥലത്തുവെച്ചും വേടൻ തന്നെ ബലാത്സംഗം ചെയ്തുവെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു.

2022 മെയ് 30-ന് കൊച്ചിയിൽ ഒരു പരിപാടിക്ക് ശേഷം വേടൻ മയക്കുമരുന്ന് ഉപയോഗിച്ചാണ് തന്റെ അടുത്ത് വന്നത്. അന്ന് തന്നെ വളരെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും തനിക്ക് ശാരീരികമായ വളരെ ബുദ്ധിമുട്ടുകൾ ഉണ്ടായി. അതിനുശേഷം വളരെ മോശമായ പെരുമാറ്റമാണ് വേടന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പരാതിയിൽ പറയുന്നു.

2021 ഡിസംബറിൽ തനിക്ക് പാട്ട് ഇറക്കാൻ പൈസ വേണം എന്ന് ആവശ്യപ്പെടുകയും പതിനായിരം രൂപ കൊടുക്കുകയും ചെയ്തു. ഡിസംബർ 19-ന് വീണ്ടും കൂടുതൽ പണം വേണമെന്ന് ആവശ്യപ്പെട്ടു. അന്ന് 5000 രൂപ കൊടുത്തു. 2021-23 കാലഘട്ടത്തിൽ ഏതാണ്ട് 1600-ഓളം രൂപ നൽകി.

ഇത്തരത്തിൽ പലപ്പോഴായി വേടൻ 31000 രൂപ വാങ്ങിയിട്ടുണ്ട്. അതിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും പരാതിയുടെ ഭാഗമായി നൽകിയിട്ടുണ്ട്. കൂടാതെ 8356 രൂപയ്ക്ക് വേടന് പലപ്പോഴായി ട്രെയിൻ ടിക്കറ്റ് എടുത്തു കൊടുത്തിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. ഇതിന്റെ സ്ക്രീൻഷോട്ടുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമടക്കമാണ് പരാതി നൽകിയിരിക്കുന്നത്.

അതേസമയം, വേടനെതിരായ ബലാത്സം​ഗ പരാതി അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിലാണെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു. ഐ പി സി 376, 376 (2) (എൻ) വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാക്ഷികളടക്കം ഈ കേസിലുണ്ട്. അവരുടേതടക്കം മൊഴികൾ ശേഖരിച്ചുകൊണ്ടായിരിക്കും അന്വേഷണം മുന്നോട്ട് പോകുകയെന്നും കമ്മിഷണർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/305670/more-details-of-rape-complaint-against-rapper-vedan-revealed)