---
title: "കുറ്റ്യാടി പുതിയ ബസ്സ്റ്റാൻഡിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം; കക്കട്ട് സ്വദേശിയായ വയോധികനെ കയ്യോടെപൊക്കി നാട്ടുകാർ  "
english_title: "Attempt to break a woman's necklace at the new bus stand in Kuttiyadi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/305424/attempt-to-break-a-womans-necklace-at-the-new-bus-stand-in-kuttiyadi"
published_at: "2025-07-30T11:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6889ba9120576_kuttiady.jpg"
keywords: []
---

# കുറ്റ്യാടി പുതിയ ബസ്സ്റ്റാൻഡിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം; കക്കട്ട് സ്വദേശിയായ വയോധികനെ കയ്യോടെപൊക്കി നാട്ടുകാർ  

> **Lead Summary:** **കോഴിക്കോട് : **കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച വയോധികനെ കയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ. കക്കട്ട് സ്വദേശി ബാബു വിനെയാണ് നാട്ടുകാർ പിടികൂടി കുറ്റ്യാടി പോലീസിൽ ഏൽപ്പിച്ചത്. ഇന്നലെ രാത്രി 7.15 ഓടെയാണ് സംഭവം.

## Article Content

**കോഴിക്കോട് : **കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച വയോധികനെ കയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ. കക്കട്ട് സ്വദേശി ബാബു വിനെയാണ് നാട്ടുകാർ പിടികൂടി കുറ്റ്യാടി പോലീസിൽ ഏൽപ്പിച്ചത്. ഇന്നലെ രാത്രി 7.15 ഓടെയാണ് സംഭവം.

ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയുടെ പിന്നിലൂടെ എത്തിയ വയോധികൻ മാല പൊട്ടിച്ചോടാൻ ശ്രമിക്കുകയിരുന്നു. സംഭവസമയത്ത് ബസ് സ്റ്റാൻഡിൽ നല്ല തിരക്കുണ്ടായിരുന്നു. എന്നാൽ യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ തടയുകയും പിടികൂടുകയുമായിരുന്നു. തുടർന്ന് കുറ്റ്യാടി പോലീസിനെ വിവരമറിയിക്കുകയും പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം മറ്റൊരു സംഭവത്തിൽ വടകരയിൽ സ്വകാര്യബസിൽ യാത്ര ചെയ്യവേ വയോധികയുടെ മാലപൊട്ടിക്കാൻ ശ്രമം. തമിഴ്നാട് സ്വദേശിയായ യുവതി പിടിയിൽ. വടകര - പേരാമ്പ്ര റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസിലാണ് ഇന്ന് രാവിലെയോടെ സംഭവമുണ്ടായത്. തമിഴ്നാട് സ്വദേശി മഞ്ജുവാണ് വടകര പോലീസിൻ്റെ പിടിയിലായത്. പതിയാരക്കര ചാത്തോത്ത് സുജാതയുടെ മൂന്ന് പവനിലധികം വരുന്ന സ്വർണമാലയാണ് യുവതി പൊട്ടിക്കാൻ ശ്രമിച്ചത്.

ബസിൽ യാത്രക്കാർ തിങ്ങി നിറഞ്ഞസമയത്തതാണ് യുവതി മോഷണശ്രമം നടത്തിയത് . പാലയാട്ട് നടയിൽ നിന്നാണ് വടകരയിലേക്ക് ബസ് കയറിയ സുജാതയുടെ പുറകിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥികളാണ് സംഭവം ആദ്യം കണ്ടത്. പിന്നാലെ വിദ്യാർത്ഥികൾ ബഹളം വെച്ചതോടെ ബസ് നിർത്തി. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. മാലയുടെ കൊളുത്ത് അഴിച്ച് തൂങ്ങികിടക്കുന്ന നിലയിലായിരുന്നു. വടകര പോലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/305424/attempt-to-break-a-womans-necklace-at-the-new-bus-stand-in-kuttiyadi)