---
title: "'കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും ഞാൻ പറയാനുള്ളത് പറയും'; വർഗീയ പരാമർശ വിവാദത്തിൽ വെല്ലുവിളിച്ച് വെള്ളാപ്പള്ളി നടേശൻ "
english_title: "Vellappally Natesan vellappally against kanthapuram challenges communal remarks controversy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/303627/vellappally-natesan-vellappally-against-kanthapuram-challenges-communal-remarks-controversy"
published_at: "2025-07-20T13:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687ca23527c6d_vellappally.jpg"
keywords: []
---

# 'കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും ഞാൻ പറയാനുള്ളത് പറയും'; വർഗീയ പരാമർശ വിവാദത്തിൽ വെല്ലുവിളിച്ച് വെള്ളാപ്പള്ളി നടേശൻ 

> **Lead Summary:** വർഗീയ പരാമർശ വിവാദത്തിൽ വെല്ലുവിളിച്ച് എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും ഞാൻ പറയാനുള്ളത് പറയുമെന്നും തന്നെ വേട്ടയാടുന്ന സ്ഥിതി വിശേഷം നിലനിൽക്കുന്നുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

## Article Content

വർഗീയ പരാമർശ വിവാദത്തിൽ വെല്ലുവിളിച്ച് എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും ഞാൻ പറയാനുള്ളത് പറയുമെന്നും തന്നെ വേട്ടയാടുന്ന സ്ഥിതി വിശേഷം നിലനിൽക്കുന്നുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ഞാൻ പാവങ്ങൾക്കു വേണ്ടി നിൽക്കുന്നവനാണ്. പണക്കാർക്ക് എന്നെ ഇഷ്ടമല്ല. സംഘടിത വോട്ട് ബാങ്ക് സമുദായങ്ങൾ പടർന്നുപന്തലിച്ചു. അസംഘടിത സമുദായം തകർന്ന് താഴെ വീണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ‘വർഗീയത പരത്തുന്നതിന് എനിക്കെതിരെ കേസടുത്തോളു’ എന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചു.

ഞാനാണോ ഇവിടെ വർഗീയത പരത്തുന്നത്. എൻ്റെ സമുദായത്തിന് വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. നമ്മളെന്തെങ്കിലും പറഞ്ഞാൽ ഇടതും വലതും ഒന്നാകും. ശേഷം എല്ലാരും കൂടി തന്നെ കടന്നാക്രമിക്കുകയാണ് ചെയ്യുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇവർ ചെയ്യുന്നതിനെല്ലാം മിണ്ടാതെ നിന്നാൽ അത് മതസൗഹാർദം. എന്തെങ്കിലും പറഞ്ഞാൽ മതവിദ്വേഷമാണെന്നാണ് ആക്ഷേപിക്കുന്നതെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

കേരളത്തിൽ സാമ്പത്തിക സാമൂഹിക സർവേ നടത്തണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ഈ കസേരയിൽ നിന്ന് മറ്റൊരു കസേരയിലേക്ക് ചാടുകയല്ല എന്‍റെ ധർമ്മം. ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ സാമൂഹിക നീതി നടപ്പാക്കണ്ടേയെന്നും വെള്ളാപ്പള്ളി ചോദിച്ചു. സത്യം തുറന്നു പറഞ്ഞാൽ എന്‍റെ കോലം കത്തിക്കുന്നു. കോലം കത്തിച്ചാലും എന്‍റെ നിലപാട് മാറില്ല. ഞാൻ തീയിൽ കുരുത്തവൻ വെയിലത്ത് വാടില്ല. മുസ്ലിം സമുദായത്തോട് ഒരു വിരോധവും ഇല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. നമ്മൾ തുറന്നു പറഞ്ഞാൽ ജാതി, മറ്റുള്ളവർ പറഞ്ഞാൽ നീതിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/303627/vellappally-natesan-vellappally-against-kanthapuram-challenges-communal-remarks-controversy)