കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും കഞ്ചാവ് പിടിച്ച കേസിലെ കൂട്ടുപ്രതികള്‍ പിടിയിൽ. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ഷാഹിദ് ആലം ബിശ്വാസ് എന്ന ആച്ച (25), കൊച്ചി ഇളക്കുന്നപ്പുഴ സ്വദേശി അനില്‍ (30) എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ഫെബ്രുവരി 16-ന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് കസബ പൊലീസും ഡാൻസാഫ് ടീമും നടത്തിയ പരിശോധനയില്‍ 28.766 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിലായിരുന്നു. ബാംഗ്ലൂരില്‍ നിന്നും ബസില്‍ വന്നിറങ്ങുമ്പോൾ ഷാജി, മോമീനുള്‍ മലിത എന്നിവരാണ് പിടിയിലായത്.
.gif)

തുടര്‍ന്ന് കസബ പോലീസ് ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ബാങ്ക് ഇടപാടുകൾ പരിശോധിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ പരിശോധനയിലുമാണ് ഈ കൂട്ടുപ്രതികളിലേക്ക് അന്വേഷണം എത്തിയത്. സംഘത്തിലെ പ്രധാനികളാണ് ഇന്ന് അറസ്റ്റിലായ രണ്ടുപേരും.
വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ഷാഹിദ് ആലം ബിശ്വാസ് മൊത്തമായി ഒഡീഷയില്‍ നിന്നും കൊണ്ടുവന്ന കഞ്ചാവ് കൊച്ചി സ്വദേശിയായ അനിലിനു കൈമാറാന്‍ വരുന്നതിനിടയിലാണ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും മറ്റ് രണ്ട് പേർ പിടിയിലാവുന്നത്. വെസ്റ്റ് ബംഗാള്‍ സ്വദേശി ആണെങ്കിലും ഇയാള്‍ ജനിച്ചതും വളര്‍ന്നതും എല്ലാം അങ്കമാലിയില്‍ ആയിരുന്നു. മലയാളം നല്ലത് പോലെ സംസാരിക്കുന്ന പ്രതി ലഹരി വില്‍പനക്കാരുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
കൊച്ചിയില്‍ ഓട്ടോ ഡ്രൈവര്‍ ആയി ജോലി ചെയ്യുന്നതിന്റെ മറവില്‍ ലഹരി വില്‍പന നടത്തുന്ന അനിലിന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചത്. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതികള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതിനാലും വീട്ടില്‍ വരാതെ മുങ്ങി നടക്കുന്നതിനാലും വളരെയേറെ ബുദ്ധിമുട്ടിയാണ് ഒടുവില്‍ എറണാകുളം വെച്ച് പ്രതികളെ പൊലീസ് പിടികൂടിയത്.
കസബ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജിമ്മിയുടെ നിര്‍ദേശ പ്രകാരം എസ് ഐ സജിത്ത് മോന്‍, എ എസ് ഐ സജേഷ് കുമാര്‍, സീനിയർ സി പി ഒമാരായ ഷിജിത്ത്, ദീപു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Co-accused in the case of ganja seizure from the new bus stand area in Kozhikode arrested
