കൊല്ലം: ( www.truevisionnews.com ) ഷാര്‍ജയിൽ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യ നേരിട്ടത് കൊടും ക്രൂരതയെന്ന് വെളിപ്പെടുത്തല്‍. തന്നെ അയാൾ ചവിട്ടി കൂട്ടി, ജീവിക്കാൻ പറ്റുന്നില്ലെന്നും ശബ്ദ സന്ദേശം. ഇത്രയൊക്കെ കാണിച്ചിട്ടും അയാൾക്കൊപ്പം നിൽക്കേണ്ട അവസ്ഥയാണ്. ധൈര്യമില്ലാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്യാത്തതെന്നും അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു.
'താഴെക്കിടക്കുമ്പോൾ ചവിട്ടിക്കൂട്ടി. സഹിക്കാൻ വയ്യ. അനങ്ങാൻ വയ്യ, വയറെല്ലാം ചവിട്ടി,ഇത്രയെല്ലാം കാണിച്ചിട്ടും അയാളുടെ കൂടെ നില്‍ക്കേണ്ട അവസ്ഥയാണ്. പറ്റുന്നില്ലെടീ..ആത്മഹത്യ ചെയ്യാന്‍ പോലുമുള്ള ധൈര്യം എനിക്കില്ല'. കരഞ്ഞുകൊണ്ട് അതുല്യ പറയുന്നു.ഈ സന്ദേശമടക്കമുള്ള ഡിജിറ്റൽ തെളിവുകൾ കുടുംബം പൊലീസിന് കൈമാറി.
.gif)

അതുല്യയുടെ ഭര്‍ത്താവ് സതീഷിനെതിരെ കൂടുതൽ ആരോപണങ്ങളാണ് പുറത്ത് വരുന്നത്. അതുല്യയുടെ കല്യാണത്തിനുശേഷം പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും സതീഷിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ദുരനുഭവങ്ങള്‍ തന്നോട് അതുല്യ പറഞ്ഞിട്ടുണ്ടെന്നും നാട്ടിലെ സുഹൃത്ത് വെളിപ്പെടുത്തുന്നു.
വിവാഹം കഴിഞ്ഞതുമുതൽ പ്രശ്നമുണ്ടായിരുന്നുവെന്നും 17-ാം വയസിലാണ് അതുല്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞതെന്നും 18-ാം വയസിലായിരുന്നു വിവാഹമെന്നും അതുല്യയുടെ സുഹൃത്ത് പറഞ്ഞു. ശാരീരികവും മാനസികവുമായുള്ള പീഡനം തുടര്‍ന്നിരുന്നു. അതുല്യയ്ക്ക് സതീഷിനോട് വലിയ സ്നേഹമായിരുന്നു. ബുദ്ധിമുട്ടാണെങ്കിൽ ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്ക് വരാനും വീട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാൽ, പലപ്പോഴും ചെയ്ത കാര്യങ്ങളൊന്നും ഓര്‍മയില്ലെന്നും പറ്റിപ്പോയെന്നുമൊക്കെ സതീഷ് മാപ്പ് പറഞ്ഞിരുന്നു. തുടര്‍ന്ന് വീണ്ടും സതീഷിനൊപ്പം ജീവിക്കാൻ അതുല്യ തീരുമാനിക്കുകയായിരുന്നുവെന്നും അതുല്യയുടെ സുഹൃത്ത് പറയുന്നു.
വിവാഹം കഴിഞ്ഞ ദിവസം മുതൽ നേരിട്ട പീഡനം തന്നോട് അതുല്യ തുറന്ന് പറഞ്ഞിട്ടുണ്ടെന്ന് അതുല്യയുടെ അയൽക്കാരി ബേബി പ്രതികരിച്ചു. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അതുല്യയുടെ അച്ഛൻ പറഞ്ഞു. പീഡനം കാരണം മകളെ നാട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ബന്ധം വേർപെടുത്താൻ തീരുമാനിച്ചിരുന്നതായും രാജശേഖരൻ പിള്ള വെളിപ്പെടുത്തി. സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി ഉപദ്രവിച്ചു. വിവാഹം കഴിഞ്ഞപ്പോൾ മുതൽ നിരന്തരം ഉപദ്രവിച്ചു. മകൾ വീട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ചെങ്കിലും സതീഷ് തടഞ്ഞുവെന്നും രാജശേഖരൻ പിള്ള വെളിപ്പെടുത്തി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Atulya faced extreme cruelty voice message sent to friend released
