ഹാനോയ്: ( www.truevisionnews.com) വിയറ്റ്നാമിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ 34 പേർ മരിച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് ബോട്ട് മറിഞ്ഞത്. അപകടത്തിൽ നിരവധി പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിടുന്നുണ്ട്.
വിയറ്റ്നാമിൻ്റെ വടക്കൻ പ്രദേശത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹാ ലോങ് ബേയിലാണ് അപകടം നടന്നത്. തലസ്ഥാനമായ ഹനോയിയിൽ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ വിയറ്റ്നാമീസ് കുടുംബങ്ങളായിരുന്നു യാത്രക്കാരിൽ ഭൂരിഭാഗവും എന്നാണ് റിപ്പോർട്ട്. ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളിൽ കുറഞ്ഞത് എട്ട് പേർ കുട്ടികളാണെന്നാണ് വിഎൻഎക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
.gif)

അപകടത്തിൽ കാണാതായവർക്കുള്ള തിരിച്ചലിന് കനത്ത മഴ തടസ്സം സൃഷ്ടിക്കുന്നതായാണ് രക്ഷാപ്രവർത്തകരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽപ്പെട്ട പതിനൊന്ന് പേരെ രക്ഷപെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 53 പേരുമായി സഞ്ചരിച്ചിരുന്ന വണ്ടർ സീസ് എന്ന ബോട്ട് പെട്ടെന്നുണ്ടായ കൊടുങ്കാറ്റിനെ തുടർന്ന് മുങ്ങിയതായാണ് വിയറ്റ്നാമീസ് ബോർഡർ ഗാർഡുകളുടെയും നാവികസേനയുടെയും പ്രസ്താവനയിൽ പറയുന്നത്. വലിപ്പമുള്ള ആലിപ്പഴ വർഷവും ശക്തമായ മഴയും ഇടിയും മിന്നലും അപകട സമയത്ത് ഉണ്ടായിരുന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോർട്ടുണ്ട്.
വിയറ്റ്നാമീസ് പ്രധാനമന്ത്രി ഫാം മിൻ ചിൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചിട്ടുണ്ട്. അപകടകാരണം അധികൃതർ അന്വേഷിക്കുകയും നിയമ ലംഘനങ്ങൾ കർശനമായി കൈകാര്യം ചെയ്യുകയും ചെയ്യുമെന്ന് സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ക്വാങ് നിൻ പ്രവിശ്യയിലെ ഹാ ലോങ് ബേ നൂറുകണക്കിന് ചെറിയ ദ്വീപുകളാൽ നിറഞ്ഞിരിക്കുന്ന പ്രദേശമാണ്. 2019 ൽ 4 ദശലക്ഷം വിനോദസഞ്ചാരികൾ ഇവിടെ സഞ്ചരിച്ചിരുന്നു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ പെട്ട സ്ഥലം കൂടിയാണ് അപകടം നടന്ന ഹാ ലോങ് ബേ
34 dead after tourist boat capsizes in Vietnam many missing heavy rain hampers rescue efforts
