കൊല്ലം: (truevisionnews.com)തേവലക്കരയെ കണ്ണീർക്കടലിലാഴ്ത്തി മിഥുന് നാട് വിട നൽകി. തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. സ്കൂളിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. അമ്മ സുജയും അച്ഛൻ മനുവും അന്ത്യചുംബനം നൽകിയത് നൊമ്പരക്കാഴ്ചയായി. അനിയൻ സുജിനാണ് മിഥുന്റെ അന്ത്യകർമ്മങ്ങൾ ചെയ്തത്. വീട്ടുവളപ്പിൽ തന്നെയാണ് സംസ്കാരം നടന്നത്.
കൂട്ടുകാരുടെയും അധ്യാപകരുടെയും അന്ത്യാഞ്ജലി ഏറ്റുവാങ്ങിയശേഷം മിഥുന്റെ മൃതദേഹം വിലാപയാത്രയായാണ് തേവലക്കര സ്കൂളിൽനിന്ന് വിളന്തറയിലെ വീട്ടിലെത്തിച്ചത്. പ്രിയപ്പെട്ട മകനെ അവസാനമായി കാണാൻ വിദേശത്തുനിന്ന് എത്തിയ അമ്മയുടെ നെഞ്ചുപൊട്ടിയുള്ള കരച്ചിൽ നാടിനെ തീരാദുഃഖത്തിലാക്കി. ഇളയമകനെ ചേർത്തുപിടിച്ച് മിഥുന്റെ മൃതദേഹത്തിനരികത്തിരുന്ന സുജയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഉറ്റവരും നാട്ടുകാരും നിന്നു. മിഥുനെ കണ്ട് അലമുറയിട്ട് കരഞ്ഞ പിതാവ് മനുവും തീരാനൊമ്പരമായി. മിഥുനെ അവസാനമായി കാണാൻ നാടൊന്നാകെയാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്.
.gif)

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും 11 മണിയോടെയാണ് മിഥുന്റെ മൃതദേഹം സ്കൂളിൽ എത്തിച്ചത്. ഉച്ചയ്ക്ക് ഒരു മണിവരെ സ്കൂളിൽ പൊതുദർശനം തുടർന്നു. തുടർന്നാണ് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലേക്കു കൊണ്ടുവന്നത്.
അതേസമയം, മിഥുന്റെ മരണത്തിൽ കെഎസ്ഇബി നടപടി വൈകുമെന്നാണ് വിവരം. സുരക്ഷാ കമ്മിഷണറുടെ റിപ്പോർട്ട് ലഭിച്ച ശേഷമാകും നടപടി. മരണത്തിന് ഇടയാക്കിയ വൈദ്യുതി ലൈനുകൾ ഇന്ന് കെഎസ്ഇബി നീക്കം ചെയ്യും. സ്കൂളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് നിർമിച്ച സൈക്കിൾ ഷെഡിനു മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റാണ് മിഥുൻ മരിച്ചത്.
kollam thevalakkara boys school shock death mithun funeral completed
