ഗാന്ധിനഗര്‍: ( www.truevisionnews.com) ഓണ്‍ലൈൻ തട്ടിപ്പിൽ കുടുങ്ങിയ സ്വകാര്യ ബാങ്ക് ജീവനക്കാരിയായ യുവതി ജീവനൊടുക്കി. ഗുജറാത്തിലെ അമറേലി ജില്ലയിലെ ഐഐഎഫ്എൽ ബാങ്കിലെ ജീവനക്കാരിയായ ഭൂമിക സൊരാത്തിയ (25) ആണ് ബാങ്കിനുള്ളിൽ വെച്ച് കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്. ആത്മഹത്യാശ്രമം നടത്തിയ ഉടനെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബാങ്കിൽ നിന്ന് ഭൂമികയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് പരിശോധനയി. കണ്ടെത്തി. ഓണ്‍ലൈൻ തട്ടിപ്പിനെ തുടര്‍ന്ന് 28 ലക്ഷത്തിന്‍റെ കടബാധ്യതയുണ്ടെന്നും തിരിച്ചടയ്ക്കാൻ കഴിയില്ലെന്നുമാണ് ഭൂമിക ആത്മഹത്യാകുറിപ്പിൽ പറയുന്നത്. മാതാപിതാക്കള്‍ക്ക് എഴുതിയ കത്തായാണ് ആത്മഹത്യാ കുറിപ്പ് ഭൂമിക തയ്യാറാക്കിയത്.
.gif)

"ഞാൻ ആത്മഹത്യ ചെയ്യുകയാണ്. നിങ്ങളോട് എനിക്ക് ഒരു പരാതിയുമില്ല. എനിക്ക് 28 ലക്ഷത്തിന്‍റെ കടമുണ്ട്. അത് തിരിച്ചടയ്ക്കാൻ കഴിയില്ല. അതിനാലാണ് ഇത്തരമൊരു വഴി സ്വീകരിക്കുന്നത്. നിങ്ങള്‍ രണ്ടുപേര്‍ക്കും വേണ്ടി നല്ലൊരു ജീവിതത്തിനായി ശ്രമിക്കുകയായിരുന്നു. എന്നാൽ, എല്ലാം തകര്‍ന്നു. ഷൈൻ.കോം എന്ന കമ്പനിയിലാണ് കടബാധ്യതയുള്ളത്.
പറ്റുമെങ്കിൽ തുക മരണത്തിനുശേഷം തിരിച്ചുകിട്ടാൻ ശ്രമിക്കണം. ഐഐഎഫ്എൽ ബാങ്കിലുള്ള തന്‍റെ അഞ്ചു ലക്ഷം രൂപ മാതാപിതാക്കള്‍ വാങ്ങണം. പിഎഫും പിന്‍വലിക്കണം" -എന്നാണ് യുവതി ആത്മഹത്യാക്കുറിപ്പിൽ വിശദീകരിക്കുന്നത്.ഒടുവിലായി തന്‍റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ അവസാനമായി കെട്ടിപിടിക്കണമെന്നും ഇതാണ് തന്‍റെ അവസാന ആഗ്രഹമെന്നും യുവതി കുറിപ്പിൽ പറയുന്നു.
ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിന് പിന്നാലെ മരണത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ടെലിഗ്രാം കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈൻ ടാസ്ക് തട്ടിപ്പിലാണ് ഭൂമിക അകപ്പെട്ടതെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. 500 രൂപയുടെ ടാസ്ക് പൂര്‍ത്തിയാക്കിയാൽ 700 രൂപ തിരിച്ചു നൽകുമെന്ന് പറഞ്ഞാണ് ആദ്യം ഭൂമിക ടെലിഗ്രാം ഗ്രൂപ്പിന്‍റെ ഭാഗമായത്.
ആദ്യമൊക്കെ ചെറിയ ചെറിയ തുക സമ്മാനമായി ലഭിക്കാൻ തുടങ്ങി. തുടര്‍ന്ന് പണം നൽകി വിശ്വാസം നേടിയെടുത്തശേഷം കൂടുതൽ തുക തിരിച്ചുകിട്ടുന്നതിനായി വലിയ തുക നിക്ഷേപിക്കാൻ ഭൂമികയോട് ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള ഇടപാടുകള്‍ക്കൊടുവിൽ ഭൂമിക 28 ലക്ഷത്തിന്‍റെ കടബാധ്യതയിലാകുകയായിരുന്നു. തുക നൽകുന്നതിനായി ഓണ്‍ലൈനിൽ വായ്പയെടുത്താണ് കടബാധ്യതവരുത്തിയതെന്നാണ് സൂചന.
കൂടുതൽ തുക തിരിച്ചു കിട്ടുമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ നിക്ഷേപിക്കാൻ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടതോടെ കൂടുതൽ തുക കടംവാങ്ങുകയായിരുന്നു.സമ്മാനം ലഭിച്ച തുകയെന്ന പേരിൽ വ്യാജ രസീതുകളും തട്ടിപ്പ് സംഘം യുവതിയ്ക്ക് അയച്ചുകൊടുത്തിരുന്നു. സംഭവത്തിൽ ഭൂമികയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ടെലിഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്യുന്നയാള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോവുകയാണ് പൊലീസ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Woman commits suicide by consuming pesticide inside bank
