---
title: "വീണ്ടും നിപ ബാധ: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ച പതിനെട്ടുകാരിയുടെ മരണകാരണം നിപ"
english_title: "The cause of death of an 18-year-old girl who died in a private hospital in Kozhikode was Nipah."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/300390/the-cause-of-death-of-an-18-year-old-girl-who-died-in-a-private-hospital-in-kozhikode-was-nipah"
published_at: "2025-07-04T07:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6867330b86c96_nipah.jpg"
keywords: []
---

# വീണ്ടും നിപ ബാധ: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ച പതിനെട്ടുകാരിയുടെ മരണകാരണം നിപ

> **Lead Summary:** **കോഴിക്കോട് : ** നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ച മലപ്പുറം സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു. മങ്കട സ്വദേശിയായ പതിനെട്ടുകാരിയുടെ മരണകാരണം നിപ ബാധിച്ചാണെന്ന് പരിശോധന റിപ്പോർട്ട്. മെഡിക്കൽ കോളജ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ പോസറ്റീവ് ആണെന്ന് കണ്ടെത്തിയത്. പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിന്‍റെ ഫലം ഇന്ന് വരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

## Article Content

**കോഴിക്കോട് : ** നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ച മലപ്പുറം സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു. മങ്കട സ്വദേശിയായ പതിനെട്ടുകാരിയുടെ മരണകാരണം നിപ ബാധിച്ചാണെന്ന് പരിശോധന റിപ്പോർട്ട്. മെഡിക്കൽ കോളജ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ പോസറ്റീവ് ആണെന്ന് കണ്ടെത്തിയത്. പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിന്‍റെ ഫലം ഇന്ന് വരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ജൂൺ 28 ന് മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടെത്തിച്ച പെൺകുട്ടി ജൂലൈ ഒന്നിനാണ് മരിച്ചത്. ആശുപത്രിയിൽ എത്തുമ്പോൾ മസ്‌തിഷ്‌ക മരണം സംഭവിച്ച നിലയിലായിരുന്നെന്ന് ഡോക്‌ടർമാർ പറഞ്ഞു. രോഗം സ്ഥിരീകരിച്ചതോടെ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ കോഴിക്കോട് മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം ഡോക്‌ടര്‍ ക്വാറന്‍റീനില്‍ പ്രവേശിച്ചു. സംസ്ഥാനത്ത് ഇതുവരെ 25 പേർ നിപ ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്.

അതിനിടെ നിപ രോഗ ലക്ഷണങ്ങളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പാലക്കാട് നാട്ടുകൽ സ്വദേശിയായ യുവതിയുടെ പ്രാഥമിക പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ പരിശോധനയ്ക്കായി സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/300390/the-cause-of-death-of-an-18-year-old-girl-who-died-in-a-private-hospital-in-kozhikode-was-nipah)