---
title: "ചായ കെറ്റിലിൽ പുഴുക്കൾ, കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിയുടെ കാന്റീൻ അടച്ചുപൂട്ടി"
english_title: " canteen of the Kottaparamba Mother and Child Hospital has been closed by the Corporation Health Department"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/300333/canteen-of-the-kottaparamba-mother-and-child-hospital-has-been-closed-by-the-corporation-health-department"
published_at: "2025-07-03T19:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68668bb04b4c8_kozhikkode.jpg"
keywords: []
---

# ചായ കെറ്റിലിൽ പുഴുക്കൾ, കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിയുടെ കാന്റീൻ അടച്ചുപൂട്ടി

> **Lead Summary:** **കോഴിക്കോട്: പു**ഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് കോട്ടപ്പറമ്പ് അമ്മയും കുഞ്ഞും ആശുപത്രിയുടെ കാന്റീൻ കോർപറേഷൻ ആരോഗ്യവിഭാഗം പൂട്ടിച്ചു.

## Article Content

**കോഴിക്കോട്: പു**ഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് കോട്ടപ്പറമ്പ് അമ്മയും കുഞ്ഞും ആശുപത്രിയുടെ കാന്റീൻ കോർപറേഷൻ ആരോഗ്യവിഭാഗം പൂട്ടിച്ചു.

ജീവനക്കാർ ഒരു പരിപാടിയിലേക്ക് വാങ്ങിയ ചായയുടെ കെറ്റിലിൽ ആണ് പുഴുക്കളെ കണ്ടത്. തുടർന്ന് കോർപറേഷൻ ആരോഗ്യവിഭാഗത്തെ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.

അതേസമയം , കോട്ടയത്ത് മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീണ് ഒരു മരണം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിറ്റുണ്ട്. ഇന്ന് രാവിലെയായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജില്‍ കാലപ്പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണത്. തൊട്ടുപിന്നാലെ മന്ത്രി വീണാ ജോര്‍ജും മന്ത്രി വാസവനും സ്ഥലത്തെത്തി.

രണ്ട് പേര്‍ക്ക് പരിക്കേറ്റു എന്നായിരുന്നു മന്ത്രി ആദ്യം പറഞ്ഞത്. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.

മകള്‍ക്ക് കൂട്ടിരിപ്പിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. കുളിക്കുന്നതിനായി ഈ കെട്ടിടത്തിലെ ശുചിമുറിയില്‍ എത്തിയപ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്.

ഭാര്യയെ നഷ്ടപ്പെട്ടെന്നും തനിക്കൊന്നും പറയാനില്ലെന്നുമായിരുന്നു ഭർത്താവ് വിശ്രുതന്റെ പ്രതികരണം. വെന്തുരുകുകയാണ് താനെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ അമ്മ ആരെയും ദ്രോഹിച്ചിട്ടില്ലെന്നും അമ്മ പോകല്ലേയെന്നുമാത്രമായിരുന്നു തന്റെ പ്രാർത്ഥനയെന്നും മകനും എഞ്ചിനീയറുമായ നവനീത് പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.

രാവിലെ കുളിക്കാനായാണ് ബിന്ദു കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിയിലേക്ക് പോയത്. അപ്പോഴായരുന്നു അപകടം. ബിന്ദുവിനെ പുറത്തെടുക്കുമ്പോൾ തന്നെ ജീവനറ്റനിലയിലായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ബിന്ദു രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. തലയോലപ്പറമ്പ് പള്ളിക്കവലയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ബിന്ദു വസ്ത്രശാലയിൽ ജീവനക്കാരിയായിരുന്നു. നിർമ്മാണ തൊഴിലാളിയാണ് വിശ്രുതൻ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/300333/canteen-of-the-kottaparamba-mother-and-child-hospital-has-been-closed-by-the-corporation-health-department)