---
title: "'എനിക്കെന്തും സംഭവിക്കും, ഒരു പെണ്‍കുട്ടിയുടെ മരണമുണ്ടായില്ലേ...'; അവസാന ഫോൺകോൾ, മലയാളി യുവസന്യാസിയുടെ മരണത്തില്‍ ദുരൂഹത"
english_title: "Young Malayali monk found dead railway tracks Telangana"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/300105/young-malayali-monk-found-dead-railway-tracks-telangana"
published_at: "2025-07-02T19:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686537b778c20_3.jpg"
keywords: []
---

# 'എനിക്കെന്തും സംഭവിക്കും, ഒരു പെണ്‍കുട്ടിയുടെ മരണമുണ്ടായില്ലേ...'; അവസാന ഫോൺകോൾ, മലയാളി യുവസന്യാസിയുടെ മരണത്തില്‍ ദുരൂഹത

> **Lead Summary:** **തൃശൂര്‍: **കേരളത്തിലേക്ക് ട്രെയിന്‍ യാത്ര ചെയ്യവേ മലയാളി യുവസന്യാസിയെ തെലങ്കാനയിലെ റെയില്‍വേ ട്രാക്കില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. കുന്നംകുളം മങ്ങാട് പരേതനായ ശ്രീനിവാസന്റെ മകനായ ശ്രീബിന്‍ എന്ന ബ്രഹ്‌മാനന്ദ ഗിരിയെയാണ് ഖമ്മം സ്റ്റേഷന് സമീപം റെയില്‍വേ ട്രാക്കില്‍ ജൂണ്‍ 28-ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

**തൃശൂര്‍: **കേരളത്തിലേക്ക് ട്രെയിന്‍ യാത്ര ചെയ്യവേ മലയാളി യുവസന്യാസിയെ തെലങ്കാനയിലെ റെയില്‍വേ ട്രാക്കില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. കുന്നംകുളം മങ്ങാട് പരേതനായ ശ്രീനിവാസന്റെ മകനായ ശ്രീബിന്‍ എന്ന ബ്രഹ്‌മാനന്ദ ഗിരിയെയാണ് ഖമ്മം സ്റ്റേഷന് സമീപം റെയില്‍വേ ട്രാക്കില്‍ ജൂണ്‍ 28-ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുഹൃത്തിന് വിളിച്ച അവസാന കോളില്‍ തന്റെ ജീവന് അപകടമുണ്ടെന്ന് ബ്രഹ്‌മാനന്ദ ഗിരി പറഞ്ഞു. സ്വന്തമായി മൊബൈല്‍ ഫോണില്ലാത്ത ബ്രഹ്‌മാനന്ദ ഗിരി ട്രെയിന്‍ യാത്രക്കാരിൽ ആരുടേയോ ഫോണില്‍നിന്നാണ് വിളിച്ചത്.

പിന്നീട് സുഹൃത്തുക്കള്‍ക്ക് ബ്രഹ്‌മാനന്ദ ഗിരിയുടെ വിവരം ലഭിച്ചില്ല. റെയില്‍വേ ട്രാക്കില്‍ മരിച്ചു കിടക്കുന്നുവെന്ന വിവരം കുടുംബാംഗങ്ങളെ പോലീസ് അറിയിക്കുകയായിരുന്നു. കൈവശമുണ്ടായിരുന്ന രേഖകളില്‍നിന്നാണ് ബ്രഹ്‌മാനന്ദ ഗിരിയെ തിരിച്ചറിഞ്ഞത്.

മരിക്കുന്നതിന് മുന്‍പ് ഫോണ്‍ വിളിച്ച വിവരം പിന്നീട് സുഹൃത്ത് കുടുംബത്തെ അറിയിക്കുകയായിരുന്നു. താന്‍ അപകടത്തിലാണെന്നും എന്ത് വേണമെങ്കിലും സംഭവിക്കാമെന്നും ബ്രഹ്‌മാനന്ദ ഗിരി സുഹൃത്തിനോട് പറഞ്ഞിരുന്നു. 'തന്നെ ഒരു കൂട്ടം ആളുകൾ ട്രെയിനിൽ ആക്രമിക്കുന്നു ഭഗവാൻ മാത്രമാണ് രക്ഷ ,ഇതൊരു വലിയ ഗ്യാങ് ആണ്‌, ഒരു പെണ്‍കുട്ടിയുടെ മരണമുണ്ടായില്ലേ' എന്നും അദ്ദേഹം പറഞ്ഞുവെന്ന് സുഹൃത്ത് അവകാശപ്പെടുന്നു.

ബ്രഹ്‌മാനന്ദ ഗിരിയുടെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് റെയില്‍വേ പൊലീസിനും കുന്നംകുളം പൊലീസിനും പരാതി നല്‍കി. ട്രെയിനില്‍നിന്ന് വീണതിന്റെ ലക്ഷണങ്ങള്‍ മൃതദേഹത്തില്‍ ഇല്ലെന്നാണ് ബന്ധുക്കള്‍ പ്രധാനമായും ഉന്നയിക്കുന്ന സംശയം. ട്രെയിനില്‍വച്ച് ആരോടോ തര്‍ക്കമുണ്ടായെന്ന് സംശയിക്കുന്നതായും ഇവര്‍ പറയുന്നു. സന്യാസം സ്വീകരിച്ചതിന് ശേഷം നേപ്പാളിലെ ആശ്രമത്തില്‍ കഴിഞ്ഞുവരികയായിരുന്നു ബ്രഹ്‌മാനന്ദ ഗിരി. ആറ് വര്‍ഷം മുന്‍പാണ് സന്യാസം സ്വീകരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/300105/young-malayali-monk-found-dead-railway-tracks-telangana)