---
title: "'ചിലപ്പോൾ പഞ്ഞിയോ മരുന്നോ കുറഞ്ഞുകാണും, ഇവർ പറയുംപോലെ രാജിവെക്കാനാണോ മന്ത്രി ഇരിക്കുന്നത്? -മന്ത്രി സജി ചെറിയാൻ"
english_title: "kerala minister sajicheriyan criticize dr harris medicalcollege"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/300049/kerala-minister-sajicheriyan-criticize-dr-harris-medicalcollege"
published_at: "2025-07-02T14:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6864f091018a6_saji.jpg"
keywords: []
---

# 'ചിലപ്പോൾ പഞ്ഞിയോ മരുന്നോ കുറഞ്ഞുകാണും, ഇവർ പറയുംപോലെ രാജിവെക്കാനാണോ മന്ത്രി ഇരിക്കുന്നത്? -മന്ത്രി സജി ചെറിയാൻ

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്തിലെ മെഡിക്കൽ കോളേജിലെ പ്രതിസന്ധി സംബന്ധിച്ചുള്ള വെളിപ്പെടുത്തലിൽ ഡോ. ഹാരിസ് ചിറക്കലിനെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ. ഡോ. ഹാരിസ് ചെയ്തത് അദ്ദേഹത്തിന്റെ സ്ഥാനത്തിന് യോജിച്ചതല്ല. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ ചിലപ്പോൾ പഞ്ഞിയോ ഉപകരണങ്ങളോ മരുന്നോ കുറഞ്ഞുകാണുമെന്നും അതിന്‍റെ പേരിൽ മന്ത്രി രാജിവെക്കണോയെന്നും അദ്ദേഹം ചോദിച്ചു.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്തിലെ മെഡിക്കൽ കോളേജിലെ പ്രതിസന്ധി സംബന്ധിച്ചുള്ള വെളിപ്പെടുത്തലിൽ ഡോ. ഹാരിസ് ചിറക്കലിനെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ. ഡോ. ഹാരിസ് ചെയ്തത് അദ്ദേഹത്തിന്റെ സ്ഥാനത്തിന് യോജിച്ചതല്ല. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ ചിലപ്പോൾ പഞ്ഞിയോ ഉപകരണങ്ങളോ മരുന്നോ കുറഞ്ഞുകാണുമെന്നും അതിന്‍റെ പേരിൽ മന്ത്രി രാജിവെക്കണോയെന്നും അദ്ദേഹം ചോദിച്ചു.

'ഏറ്റവും നന്നായി പ്രവർത്തിച്ച മേഖലയാണ് ആരോഗ്യമേഖല. ഒരു ഡോക്ടർ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു. അദ്ദേഹം നല്ല ഡോക്ടർ ഒക്കെ ആയിരിക്കാം. ഇത്രയും നല്ല പ്രവൃത്തി നടക്കുന്ന ആശുപത്രിയിൽ ചിലപ്പോൾ പഞ്ഞി കുറഞ്ഞു കാണും, ചിലപ്പോൾ ഉപകരണങ്ങളുടെ കുറവ് കാണും, മരുന്നിന്റെ കുറവ് കാണും.

ഡോക്ടർ അപ്പോഴത്തെ മാനസികാവസ്ഥയിൽ ചെയ്തതാണെങ്കിലും അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് അത് യോജിച്ചതല്ല. അത് ഡോക്ടർ തിരുത്തിയിട്ടുണ്ട്. അതോടെ ആ വിഷയം തീർന്നു. പക്ഷെ, ഒരു മന്ത്രിയെ എത്രമാത്രം ആക്ഷേപിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിൽ വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ജാഥ. ഇവന്മാര് പറയുംപോലെ രാജിവെക്കാനാണോ വീണാ ജോർജ് ഇരിക്കുന്നത്', മന്ത്രി പറഞ്ഞു.

മെഡിക്കൽ കോളേജ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഡോ. ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. വിവാദം ശക്തമായതോടെ ഉടൻതന്നെ ഹൈദരാബാദിൽനിന്ന് ഉപകരണങ്ങൾ വിമാനമാർഗം എത്തിച്ചിരുന്നു. മുടങ്ങിയ ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/300049/kerala-minister-sajicheriyan-criticize-dr-harris-medicalcollege)