തളിപ്പറമ്പ്:(truevisionnews.com) പ്രധാനമന്ത്രി നരേന്ദ്രമോദി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ദർശനം നടത്തുമെന്ന സൂചനക്കിടയിൽ സുരക്ഷാസന്നാഹവുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷാ സേനയുടെ (എൻ.എ സ്.ജി) മോക് ഡ്രിൽ.(അടിയന്തര സാഹചര്യങ്ങൾ മുൻകുട്ടികണ്ട് അത് നേരിടാനുള്ള പ്രായോഗികപരിശിലനതെയാണ് മോക്ഡ്രിൽ എന്ന് പറയുന്നത്)

ഇന്നലെ രാത്രി എട്ടുമണിയോടെ തുടങ്ങിയ മോക്ഡിൽ അവസാനിച്ചത് ഇന്ന് പുലർച്ചെ നാലുമണിയോടെയാണ്. ക്ഷേത്രത്തിൽ വി.ഐ.പികളെ ബന്ദിയാക്കിയാൽ നടത്തേണ്ടുന്ന ഓപ്പറേഷന്റെറെ മാതൃകയായിരുന്നു ആവിഷ്കരിച്ചത്.
ഇന്നലെ രാത്രി എട്ടുമണിയോടെ എട്ടംഗ ഭീകരവാദികൾ ക്ഷേത്രത്തിൽ കടന്നുകയറിയത് ആവിഷ്‌കരിച്ചുകൊണ്ടായിരുന്നു മോക്ഡ്രില്ലിന് തുടക്കം. നാല് ഭീകരർ ക്ഷേത്രത്തിനകത്തും നാലുപേർ കൊട്ടുംപുറത്തിന് സമീപമുള്ള ഗോപുരത്തിൻ്റെ മുകളിൽ നിലയുറപ്പിച്ച രീതിയിലായിരുന്നു ആവിഷ്കാരം.
ഭീകരരുടെ കൈയിൽ എ.കെ. 47 തോക്കും ബോംബ് ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കളുമുണ്ടായിരുന്നു. ക്ഷേത്രത്തിനകത്ത് കടന്നുകയറിയ നാലംഗ സംഘം ജില്ലാ അസി. കലക്ടർ ഗ്രന്ഥ സായികൃഷ്‌ണയെ ബന്ദിയാക്കി.
വിവരമറിഞ്ഞ് ഡൽഹിയിൽ നിന്ന് എൻ.എസ്.ജി കമാൻ്റോകൾ പ്രത്യേക വിമാനത്തിൽ കുതിച്ചെത്തി. ഡി.ഐ.ജിയു ടെയും എസ്.പിയുടെയും നേതൃത്വ ത്തിൽ 150 അംഗ സംഘമാണ് പൂർണ ആയുധധാരികളായി എത്തിയത്.
രാജ രാജേശ്വര ക്ഷേത്രത്തിലേക്കുള്ള വഴികളെല്ലാം ഇവർ കയ്യടക്കിയിരുന്നു. ക്ഷേത്രത്തിന് സമീപമുള്ള ഗസ്റ്റ്ഹൗസ് മുതൽ അമ്പലം വരെയുള്ള റോഡിലെ മുഴു വൻ സ്ട്രീറ്റ്‌ലൈറ്റും സ്വകാര്യ സ്ഥാപന ങ്ങളിലെ ലൈറ്റുകളും കെ.എസ്.ഇ.ബിയുടെ സഹായത്തോടെ അണച്ചിരുന്നു.
ക്ഷേത്രത്തിന് തൊട്ടുമുന്നിലുള്ള രതീശന്റെ കടയിലെ ലൈറ്റും ഓഫാക്കിപ്പിച്ചു. ക്ഷേത്രത്തിലേക്ക് കുതിച്ചുകയ റിയ കമാന്റോകൾ അകത്തുണ്ടായിരുന്ന നാല് ഭീകരരെ വെടിവച്ച് വീഴ്ത്തി.
പുറത്ത് തയ്യാറാക്കി വെച്ചിരുന്ന ആംബുലൻസിലേക്ക് സ്ട്രക്ച്ചർ വഴി ഇവരെ നീക്കം ചെയ്യുന്ന ദൃശ്യവും ആവിഷ്‌കരിച്ചു. അതിനിടയിൽ ഗോപുരത്തിന് മുകളിലുണ്ടായിരുന്ന നാല് തീവ്രവാദികൾ ബോംബ് പൊട്ടിക്കുകയും ക്ഷേത്രത്തിന് പുറത്തുണ്ടായിരുന്ന ടൂറിസ്റ്റ് ബസ് തട്ടിയെടുത്ത് അതിലൂടെ രക്ഷപ്പെടുകയും ചെയ്‌തു.
പറശ്ശിനിക്കടവ് ഭാഗത്തേക്കാണ് ഈ നാലു പേർ രക്ഷപ്പെട്ടത്. പിന്തുടർന്ന കമാന്റോകൾ മണിക്കൂറുകൾ നീണ്ട ഓപ്പറേഷനിലൂടെ അവരെയും കൊലപ്പെടുത്തി. പുലർച്ചെ നാലുമണിയോ ടെയാണ് മോക്ഡ്രില്ലിന് സമാപനമായത്.
അതീവ രഹസ്യത്തോടെയാണ് മോക്ഡ്രില്ല് ആവിഷ്കരിച്ചത്. 18, 19 തീയതികളിൽ ഏതെങ്കിലുമൊരു ദിവസം എൻ.എസ്.ജി കമാന്റോകൾ ക്ഷേത്രത്തിലെത്തുമെന്ന് ക്ഷേത്ര അധികൃതരെ അറിയിച്ചിരുന്നു. പോലീസിനെ ഇന്നലെ ഓപ്പറേഷൻ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് അറിയിച്ചത്.
റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൾ, തളിപ്പറമ്പ് ഡിവൈ.എസ്.പി: പ്രദീപൻ കണ്ണി പൊയിൽ, സി.ഐ: ഷാജി പട്ടേരിതുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസും സ്ഥലത്തുണ്ടായിരുന്നു. ടി.ടി.കെ ദേവസ്വം പ്രസിഡണ്ട് ടി.പി. വിനോദൻ മാസ്റ്റർ, ട്രസ്റ്റി അംഗം ബാബു പള്ളിക്കൽ, ജീവനക്കാർ എന്നിവരും ക്ഷേത്രത്തിനകത്തുണ്ടായിരുന്നു.
എന്നാൽ ഇവരെയൊക്കെ നേരത്തെ നിശ്ചയിച്ചിരുന്ന സ്ഥലത്ത് തന്നെ നിർത്തി അവിടെ നിന്നും മാറാൻ അനുവദിച്ചിരുന്നില്ല. പോലീസിന് പുറമെ ഫയർഫോഴ്സ്, ആരോഗ്യവകുപ്പ്, കെ.എസ്.ഇ.ബി എന്നിവയിലെ ജീവനക്കാരും ഓപ്പറേഷനിൽ പങ്കാളികളായി. പോലീസിന്റെയും ഫയർഫോഴ്‌സിൻ്റെയും ഉൾപ്പെടെ 45 ഓളം വാഹനങ്ങളും സ്ഥലത്തുണ്ടായിരുന്നു.
പ്രവാസി വ്യവസായി മൊട്ടമ്മൽ രാജൻ ക്ഷേത്രത്തിന് സമർപ്പിക്കുന്ന പരമശിവൻ്റെ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെങ്കലപ്രതിമയുടെ അനാച്ഛാദനത്തിന് പ്രധാനമന്ത്രി എത്തുമെന്നാണ് വിവരം.
#National #Security #Forces #mock #drill #ahead #Prime #Minister's #visit
