ഗുണ്ടൂർ: ( www.truevisionnews.com) ആന്ധ്ര പ്രദേശിൽ ഗില്ലെയ്ൻ ബാരെ സിൻഡ്രോം ബാധിച്ച് ഒരാൾ കൂടി മരിച്ചു. 45 വയസ് പ്രായമുള്ള കമലമ്മ സ്ത്രീയാണ് രോഗബാധിതയായി മരിച്ചത്. പ്രകാശം ജില്ലയിലെ കൊമറോൾ മണ്ഡൽ സ്വദേശിയാണ് ഇവർ.

ഗുണ്ടൂർ സർക്കാർ ജനറൽ ആശുപത്രിയിൽ ഞായറാഴ്ചയാണ് ഇവർ മരിച്ചത്. കഴിഞ്ഞ ആഴ്ച തുടക്കത്തിൽ ശ്രീകാകുളം സ്വദേശിയായ 10 വയസുകാരൻ ഗില്ലെയ്ൻ ബാരെ സിൻഡ്രോം ലക്ഷണങ്ങളോടെ മരിച്ചിരുന്നു.
ഗിഡ്ഡലൂർ സർക്കാർ ആശുപത്രിയിൽ നിന്നാണ് ഇവരെ ഗുണ്ടൂരേക്ക് എത്തിച്ചത്. ഫെബ്രുവരി 3ന് രോഗബാധ സ്ഥിരീകരിച്ച കമലമ്മയെ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു പ്രവേശിപ്പിച്ചത്.
ഫെബ്രുവരി 10 മുതൽ വെന്റിലേറ്റർ സഹായത്തോടെ ആയിരുന്നു ഇവർ കഴിഞ്ഞിരുന്നത്. ഇവരുടെ ആരോഗ്യ സ്ഥിതി മോശമാവുകയും ഞായറാഴ്ച മൂന്ന് തവണ ഹൃദയാഘാതം സംഭവിക്കുകയും ചെയ്തതിനേ തുടർന്നാണ് 45കാരിയുടെ അന്ത്യം.
ഇതിന് പിന്നാലെ കമലമ്മയുടെ ഗ്രാമത്തിൽ ശുചീകരണ ജോലികൾ സർക്കാർ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ജല മലിനീകരണമാണ് രോഗം പടരാനുള്ള പ്രാഥമിക കാരണമായി നിരീക്ഷിക്കുന്നത്.
ചത്തതും അഴുകിയതുമായ ജീവികളുടെ ജഡം വെള്ളവുമായി സമ്പർക്കത്തിൽ വരുന്നതോടെയാണ് രോഗബാധയുടെ വ്യാപനം ജലത്തിലേക്കുണ്ടാവുന്നത്.
മഹാരാഷ്ട്രയിലെ പൂനെയിൽ വലിയ രീതിയിലാണ് രോഗബാധ വലച്ചത്. കാംപിലോബാക്റ്റർ ജെജുനി എന്ന ബാക്ടീരിയയാണ് പൂനെയെ വലച്ച ഗില്ലെയ്ൻ ബാരെ സിൻഡ്രോമിന് കാരണമായിട്ടുള്ളതെന്ന് കണ്ടെത്തിയിരുന്നു.
വാക്സിൻ എടുത്തവരിലും രോഗസാധ്യതയുണ്ടെന്നാതാണ് ഈ ബാക്ടീരിയ ബാധയുടെ അപകടം. പനി, ചുമ, മൂക്കൊലിപ്പ്, വയറുവേദന, ഒഴിച്ചിൽ അടക്കമുള്ളവയാണ് രോഗലക്ഷണം.
ശരിയായ രീതിയിൽ പാകം ചെയ്യാത്ത ഭക്ഷണം കഴിക്കുന്നതും കൃത്യമായ രീതിയിൽ പാസ്ചറൈസ് ചെയ്യാത്ത പാൽ, പാൽ ഉൽപ്പന്നങ്ങൾ, വൃത്തിയില്ലാത്ത കുടിവെള്ളം എന്നിവയിലൂടെയും രോഗം പടരുമെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്.
#Guillain #Barre #syndrome #one #more #death #Andhra #prevention #efforts #intensified
