ചെന്നൈ : ( www.truevisionnews.com ) തിരുനെൽവേലി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നങ്കുനേരി സ്വദേശിനി ശിവകാമിയമ്മാളിനെ മകൻ സൈക്കിളിലിരുത്തി കൊണ്ടുപോകുകയും അറുപതുകാരിയായ അവർ യാത്രയ്ക്കിടെ മരിക്കുകയും ചെയ്ത സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി.

സൈക്കിളിൽ 20 കിലോമീറ്ററോളം സഞ്ചരിച്ച മാനസികാസ്വാസ്ഥ്യമുള്ള മകൻ ജെ.ബാലനെ (40) വഴിയിൽതടഞ്ഞ പൊലീസാണ് ശിവകാമിയമ്മാൾ മരിച്ചെന്നത് തിരിച്ചറിഞ്ഞതും യുവാവിനെ അറിയിച്ചതും.
രോഗബാധിതയായ അമ്മയെ ബാലൻ 11ന് സൈക്കിളിൽ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയ്ക്കു ശേഷം ഗ്രാമത്തിലെ വീട്ടിലേക്കു മടങ്ങിയെങ്കിലും 2 ദിവസത്തിനു ശേഷം സ്ഥിതി വഷളായതോടെ വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പിന്നീട്, ശിവകാമിയമ്മാൾ ഭക്ഷണം കഴിക്കാൻ കൂട്ടാക്കാഞ്ഞതോടെയാണ് ബാലൻ അവരെ വീണ്ടും വീട്ടിലേക്കു കൊണ്ടുപോകാൻ തീരുമാനിച്ചത്.
പിന്നീട്, ഇരുവരെയും കാണാതായതായി ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണു മൃതദേഹവുമായി സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ബാലനെ കണ്ടെത്തിയത്. ശിവകാമിയമ്മാളിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുനെൽവേലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
#son #did #not #know #about #death #his #mother #who #was #with #him #bicycle #Traveled #about #20km
