തിരുവനന്തപുരം: ( www.truevisionnews.com) നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്കെതിരെ രൂക്ഷ ആരോപണവുമായി ശ്വാസ തടസവും പനിയും അനുഭവപ്പെട്ട് ചികിത്സക്കെത്തി ഭക്ഷ്യവിഷബാധ അനുഭവപ്പെട്ട കുരുന്നുകളുടെ രക്ഷിതാക്കൾ.

ആശുപത്രിയിൽ ശ്വാസകോശ രോഗവും പനിയും അനുഭവപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ചികിത്സയ്ക്കെത്തിയ കുരുന്നുകൾക്കാണ് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടത്. എട്ട് കുട്ടികൾക്കാണ് ഇന്നലെ വൈകുന്നേരത്തോടെ കടുത്ത ഛർദി അനുഭവപ്പെട്ടത്.
ഇവിടെ എത്തുന്നത് വരെ മറ്റ് കുഴപ്പങ്ങളില്ലായിരുന്നു, ആശുപത്രിയിലെ വൃത്തിഹീനമായ സാഹചര്യത്തിൽ നിന്നാണ് രോഗം ഉണ്ടായിരിക്കുന്നതെന്നും രക്ഷിതാക്കൾ ആരോപിക്കുന്നത്.
എന്നാൽ, വിവരം അറിയിച്ചിട്ട് നഴ്സുമാർ ആരും തിരിഞ്ഞ് നോക്കിയില്ലെന്നും നാളെ നോക്കാമെന്ന മറുപടിയാണ് ലഭിച്ചതെന്നും കുട്ടികളുടെ രക്ഷിതാക്കൾ കുറ്റപ്പെടുത്തുന്നു.
പലർക്കും വയറിളക്കം അനുഭവപ്പെട്ടതോടെ വിവരം നഴ്സുമാരെ അറിയിച്ചിരുന്നു. വൈകുന്നേരത്തോടെ ഛർദിയും തുടങ്ങി. എന്നിട്ടും പരിഗണന ലഭിച്ചില്ലെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.
കുട്ടികൾക്ക് നിലവിൽ ഒആർഎസ് നൽകുന്ന പാത്രങ്ങൾ പോലും വൃത്തിഹീനമാണെന്നും ആവി പിടിക്കാനുള്ള മെഷീനിന്‍റെ ട്യൂബ് മാറ്റാതെയാണ് മറ്റുകുട്ടികൾക്ക് നൽകുന്നതെന്നും രക്ഷിതാക്കൾ കുറ്റപ്പെടുത്തുന്നു.
എന്നാൽ, ഇന്നലെ ഉച്ചയ്ക്ക് പുറത്ത് നിന്നും വാങ്ങിയ ഭക്ഷണം ഇവർ പങ്കുവെച്ച് കഴിച്ചതാകാം ഭക്ഷ്യ വിഷബാധ്യക്ക് കാരണമെന്നും ആശുപത്രി ജീവനക്കാരിൽ നിന്നും വീഴ്ചകളുണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ട് സന്തോഷ് വിശദമാക്കുന്നത്.
ഒആർഎസ് പാത്രത്തിൽ നിന്നും ഇവർക്ക് വെള്ളം നൽകാറില്ലെന്നും സൂപ്രണ്ട് പറയുന്നത്. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരെ ആരോഗ്യമന്ത്രിയെ സമീപിക്കാനാണ് രക്ഷിതാക്കളുടെ തീരുമാനം.
#Complaint #against #Neyyattinkara #General #Hospital
