ജയ്പുർ: വിവാഹ ഘോഷയാത്രയ്‌ക്ക് ജാതിപരമായ എതിർപ്പ് ഭയന്ന് പോലീസിനെ സമീപിച്ച കുടുംബത്തിന് സുരക്ഷയൊരുക്കി രാജസ്ഥാൻ പോലീസ്.

അജ്മീർ ജില്ലയിലാണ് സംഭവം. ദളിത് യുവാവിന്റെ വിവാഹ ചടങ്ങിനോടനുബന്ധിച്ച കുതിരപ്പുറത്തുള്ള ഘോഷയാത്രയ്‌ക്കെതിരെ മറ്റുജാതിയിൽപ്പെട്ടവരുടെ എതിർപ്പ് മനസിലാക്കിയാണ് വധുവിന്റെ കുടുംബം പോലീസിനെയും ജില്ലാ ഭരണകൂടത്തെയും സമീപിച്ചത്.
ലവേര ഗ്രാമത്തിലായിരുന്നു വിവാഹം. ഗ്രാമത്തിലെ സവർണ വിഭാഗത്തിലുള്ളവരുടെ എതിർപ്പ് പ്രതീക്ഷിച്ച് വധു അരുണ ഖോർവാളിൻ്റെ കുടുംബമാണ് ഭരണകൂടത്തെ സമീപിച്ചത്.
ചടങ്ങിനായി 200 ഓളം ഉദ്യോഗസ്ഥരെയാണ് ഭരണകൂടം വിന്യസിച്ചത്. വരൻ വിജയ് റെഗർ, വധുവിൻ്റെ ഗ്രാമത്തിലെത്തി പരമ്പരാഗത രീതിയിൽ വിവാഹം ചടങ്ങുകൾ പൂർത്തിയാക്കുന്നതുവരെ പോലീസ് സുരക്ഷയൊരുക്കി.
'വിവാഹ ഘോഷയാത്രയിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടാകാമെന്ന് ഒരു കുടുംബം പോലീസിനോട് ആശങ്ക ഉന്നയിച്ചിരുന്നു.
തയ്യാറെടുപ്പിൻ്റെ ഭാഗമായി ഗ്രാമത്തിൽ ഒരു യോഗം ചേർന്നു. ഗ്രാമവാസികളും സഹകരിച്ചു, പ്രശ്‌നമുണ്ടാകില്ലെന്ന് പറഞ്ഞു. ഘോഷയാത്ര പോലീസ് സംരക്ഷണത്തിലാണ് നടന്നത്' അജ്മീർ പോലീസ് സൂപ്രണ്ട് വന്ദിത റാണ പറഞ്ഞു.
അരുണയുടെ പിതാവ് നാരായൺ ഖോർവാൾ രമേഷ് ചന്ദ് ബൻസാൽ ഉൾപ്പെടെയുള്ള പ്രാദേശിക നേതാക്കളെയും സമീപിച്ചിരുന്നു. ബൻസാൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്തെഴുതുകയും സഹായത്തിനായി ലോക്കൽ പോലീസിനെ സമീപിക്കുകയും ചെയ്തു. തുടർന്നാണ് പോലീസുകാരെ വിന്യസിക്കാൻ തീരുമാനമായത്.
#caste #opposition #marriage #processions #police #security #Dalit #groom
