ഗാന്ധിനഗർ: (truevisionnews.com) മാൻഹോൾ വൃത്തിയാക്കുന്നതിനിടയിൽ രണ്ട് ശുചീകരണ തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു. ദളിത് വിഭാഗത്തിൽപെട്ട ചിരാഗ് കാണു പട്ടാടിയ (18), ജയേഷ് ഭാരത് പട്ടാടിയ (28) എന്നിവരാണ് മരിച്ചത്.

സുരേന്ദ്രനഗർ ജില്ലയിലെ പട്ട്ഡി താലൂക്ക എന്ന സ്ഥലത്ത് ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. നഗരപാലിക അധികാരികളുടെ നിർദ്ദേശത്തെ തുടർന്നാണ് ചൊവ്വാഴ്ച 8 മണിയോടെ ചിരാഗ്, ജയേഷ്, ചേതൻ എന്നിവരടങ്ങുന്ന മൂന്നംഗ സംഘം മാൻ ഹോൾ വൃത്തിയാക്കാൻ എത്തിയത്.
ജോലിക്കിടയിൽ മാൻ ഹോളിന് ഉള്ളിൽ നിന്നും വിഷവാതകം നിറഞ്ഞ പുക ഉയരുകയും അത് ശ്വസിച്ച ചിരാഗിന്റെയും ജയേഷിന്റെയും ബോധം പോവുകയും ചെയ്തു.
മാൻ ഹോളിന് പുറത്ത് നിൽക്കുകയായിരുന്ന ചേതൻ ഇവരെ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും ഉള്ളിൽ നിന്നും ഉയരുന്ന പുക കാരണം അതിന് സാധിച്ചില്ല. പിന്നീട് പുറത്തെടുത്ത ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇവർക്കൊപ്പമുണ്ടായിരുന്ന ചേതൻ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. 400 കോടിയുടെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ ബുധനാഴ്ച വരാനിരിക്കുന്ന സ്ഥലത്ത് നിന്നും വെറും രണ്ട് കിലോമീറ്റർ ദൂരമാണ് സംഭവ സ്ഥലത്തേക്കുള്ളത്. ഇതേതുടർന്ന് മുഖ്യമന്ത്രിയുടെ പരിപാടി മാറ്റിവെച്ചു.
സംഭവത്തിൽ നഗരപാലിക ഓഫീസർ മൗസം പട്ടേൽ, സാനിറ്ററി ഇൻസ്‌പെക്ടർ ഹർഷദ് കരാറുകാരൻ സഞ്ജയ് പട്ടേൽ തുടങ്ങിയവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കും മറ്റ് വകുപ്പുകളും ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 30 ലക്ഷം രൂപ സർക്കാർ വാഗ്ദാനം ചെയ്തു.
അതേസമയം മുഖ്യമന്ത്രിയുടെ സന്ദർശനത്തെ തുടർന്നല്ല മാൻ ഹോൾ ശുചികരിക്കാൻ തീരുമാനിച്ചതെന്നും ഇത് സാധാരണമായി ചെയ്തു വരുന്നതാണെന്നും ഡിവൈഎസ്പി പുരോഹിത് വ്യക്തമാക്കി.
#Two #cleaners #died #after #inhaling #toxic #gas #cleaning #manhole.
