(truevisionnews.com) സ്‌കൂള്‍ ഫീസ് അടയ്ക്കാത്തതിനെ തുടര്‍ന്ന് അധ്യാപിക ശകാരിച്ചതില്‍ മനംനൊന്ത് എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. സ്‌കൂള്‍ ഫീസടയ്ക്കാത്തത് പരസ്യമായി ചോദ്യം ചെയ്തതും പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്നതും മൂലമാണ് കുട്ടി മരിച്ചതെന്ന് കുടുംബം ആരോപിച്ചു.

രാജു ഖാടിക് എന്നയാളുടെ മകള്‍ ഭാവനയാണ് മരിച്ചത്. റിക്ഷാ തൊഴിലാളിയായ രാജു കുറച്ച് നാളുകളായി സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. ഫീസടയ്ക്കാന്‍ ഇളവ് ചോദിച്ചിട്ടും സ്‌കൂള്‍ അധികൃതര്‍ തങ്ങളുടെ കുട്ടിയെ പരസ്യമായി അപമാനിച്ചെന്നാണ് വീട്ടുകാരുടെ ആരോപണം.
ആദര്‍ശ് പബ്ലിക് സ്‌കൂളിലാണ് ഭാവന പഠിച്ചിരുന്നത്. ഇന്റേണല്‍ പരീക്ഷയെഴുതാനായി സ്‌കൂളിലെത്തിയ കുട്ടിയെ അധ്യാപകര്‍ പരീക്ഷയെഴുതാന്‍ സമ്മതിച്ചില്ലെന്നും ആ ദിവസം മുഴുവന്‍ പരീക്ഷാ ഹാളിന് പുറത്തുനിര്‍ത്തിയെന്നും വീട്ടുകാര്‍ ആരോപിക്കുന്നു.
ഈ സംഭവത്തിന് ശേഷം കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടി താനിനി സ്‌കൂളിലേക്ക് പോകില്ലെന്ന് വീട്ടുകാരോട് പറഞ്ഞു. ഫീസ് ഉടന്‍ അടയ്ക്കാമെന്ന് പിതാവ് ഉറപ്പുനല്‍കിയിട്ടും കുട്ടി സ്‌കൂളില്‍ പോകില്ലെന്ന് ആവര്‍ത്തിച്ചു.
ഇന്നലെ വീട്ടിലെല്ലാവരും പുറത്തുപോയ സമയത്ത് കുട്ടി ജീവനൊടുക്കുകയായിരുന്നു. കുട്ടിയുടെ മരണവും സ്‌കൂളുമായി യാതൊരു ബന്ധവുമില്ലെന്നാണ് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ മുകേഷ്ബായിയുടെ വാദം.
കുട്ടിയോട് ഫീസ് ചോദിച്ചശേഷം കുട്ടിയെ പരീക്ഷയെഴുതാന്‍ അനുവദിച്ചിരുന്നു. വീട്ടുകാരെ വിളിച്ചിട്ട് കിട്ടാത്ത വിവരം കുട്ടിയെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും കുടുംബത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
#class #eight #student #dies #suicide #surat #after #teacher #allegedly #humiliates #over #fees.
