തിരുവനന്തപുരം: (truevisionnews.com) ഷാരോണ്‍രാജ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തിയ ഗ്രീഷ്മയ്ക്ക് ഒന്നാം നമ്പര്‍. 2025ല്‍ ശിക്ഷിക്കപ്പെട്ട് വനിതാ ജയിലില്‍ എത്തിയ ആദ്യ പ്രതിയാണ് ഗ്രീഷ്മ.

അതിനാല്‍ സി. 1/25 എന്ന നമ്പരാണ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ശിക്ഷിക്കപ്പെട്ട 39 പേരെയാണ് വനിതാ ജയിലില്‍ പ്രവേശിപ്പിച്ചിരുന്നത്. സി.39/24 ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ അവസാന നമ്പര്‍. 23 പേരാണ് നിലവില്‍ ശിക്ഷിക്കപ്പെട്ട് സെല്ലുകളിലുള്ളത്.
വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കൊപ്പം 11-ാം നമ്പര്‍ സെല്ലിലാണ് ഗ്രീഷ്മയെ പാര്‍പ്പിച്ചിട്ടുള്ളത്. നാലുപേരാണ് ഈ സെല്ലിലുള്ളത്. മുന്‍പ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ ഒറ്റയ്ക്കുള്ള സെല്ലുകളിലാണ് പാര്‍പ്പിച്ചിരുന്നത്.
എന്നാല്‍, ഇപ്പോള്‍ സുപ്രീംകോടതിവരെ അപ്പീല്‍പോയി വിധി ഇളവുചെയ്യാനുള്ള സാധ്യതകളുള്ളതിനാല്‍ സാധാരണ സെല്ലുകളില്‍ തന്നെയാണ് വധശിക്ഷയ്ക്കു വിധിച്ചവരെയും താമസിപ്പിക്കുന്നത്.
രാഷ്ട്രപതിയുടെ ദയാഹര്‍ജിയും തള്ളിയ ശേഷമേ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ ഒറ്റപ്പെട്ട സെല്ലുകളിലേക്കു മാറ്റുകയുള്ളൂ. സാധാരണ തടവുകാര്‍ക്കു ലഭിക്കുന്ന പരിഗണനകള്‍ ജയിലിനുള്ളില്‍ ലഭിക്കുമെങ്കിലും ഇവര്‍ക്കു മറ്റു പ്രതികളേക്കാള്‍ കൂടുതല്‍ നിരീക്ഷണം ഉണ്ടാകും.
ഹൈക്കോടതി കേസ് പരിഗണിക്കുന്നതുവരെ ജാമ്യമോ പരോളോ ലഭിക്കില്ല. ഹൈക്കോടതിയുടെ രണ്ടംഗ െബഞ്ച് കേസ് പരിശോധിക്കണം. കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയപ്പോഴാണ് ജാമ്യം റദ്ദാക്കി ഗ്രീഷ്മയെ വീണ്ടും ജയിലില്‍ എത്തിച്ചത്.
റിമാന്‍ഡ് തടവുകാര്‍ക്കൊപ്പം പാര്‍പ്പിച്ചിരുന്ന ഗ്രീഷ്മയെ ശിക്ഷ വിധിച്ചതിനുശേഷമാണ് 11-ാം നമ്പര്‍ സെല്ലിലേക്കു മാറ്റിയത്. ചൊവ്വാഴ്ച ജയിലിലെ ഫാര്‍മസിയിലെത്തി ഗ്രീഷ്മ ശരീരവേദനയ്ക്കുള്ള മരുന്ന് വാങ്ങിയിരുന്നു.
ജയിലിലെ ജോലികള്‍ തത്കാലം ഗ്രീഷ്മയ്ക്കു നല്‍കില്ല. കഴിഞ്ഞദിവസങ്ങളില്‍ കൂടുതല്‍ സമയവും ഗ്രീഷ്മ സെല്ലിനുള്ളില്‍ തന്നെയാണ് ചെലവഴിച്ചത്.
ജയിലില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഒരുഭാഗത്തെ സെല്ലുകളില്‍ മാത്രമാണ് നിലവില്‍ പ്രതികളെ താമസിപ്പിച്ചിട്ടുള്ളത്. വിഴിഞ്ഞത്ത് രണ്ടുപേരെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട റഫീഖയെയും ഇതേ ജയിലിലാണ് പാര്‍പ്പിച്ചിട്ടുള്ളത്.
#sharon #murder #case #Greeshma #No #bail #parole #granted #until #HighCourt #hears #case
